ദുബായ് : അടുത്ത 50 വർഷത്തേക്കുള്ള യു.എ.ഇയുടെ വികസന രൂപകൽപനക്കായി രാജ്യത്തെ പൗരന്മാർക്കൊപ്പം പ്രവാസികളെയും സ്വാഗതം ചെയ്ത് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. പൗരന്മാർക്കും താമസക്കാർക്കും അവരുടെ ആശയങ്ങളും ചിന്തകളും അഭിപ്രായങ്ങളും പങ്കുവെയ്ക്കാമെന്നും അദ്ദേഹം അറിയിച്ചു. 2071 ലക്ഷ്യമിട്ട് യു.എ.ഇ നടപ്പാക്കുന്ന പരിപാടികളുമായി ബന്ധപ്പെട്ട് ആരംഭിച്ച 'അണിയിച്ചൊരുക്കാം അടുത്ത 50 വർഷം' പദ്ധതിയുടെ പ്രഖ്യാപനം അദ്ദേഹം നിർവഹിച്ചു.
ജനങ്ങൾക്ക് അഭിപ്രായങ്ങളും ആശയങ്ങളും അറിയിക്കുന്നതിനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തും. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക വികസനം, സാമ്പത്തികം, പരിസ്ഥിതി, വിനോദസഞ്ചാരം, സംരംഭം, നിക്ഷേപം, തൊഴിൽ പരിശീലനം , സംസ്കാരം, കുടുംബബന്ധം, കായികം, ഭക്ഷ്യ സുരക്ഷ, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിങ്ങനെ എല്ലാ മേഖലകളിലുമുള്ള സമൂല മാറ്റമാണ് ലക്ഷ്യമിടുന്നത്. 50 വർഷംമുമ്പ് രാജ്യത്തിന്റെ പല നേതാക്കളും ദീർഘവീക്ഷണത്തോടെ നടപ്പാക്കിയ പദ്ധതികളുടെ ഫലങ്ങളാണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് ഷെയ്ക്ക് മുഹമ്മദ് പറഞ്ഞു. മരുഭൂമിയിൽനിന്നായിരുന്നു അവരുടെ തുടക്കം. വിവിധ സാഹചര്യങ്ങളിൽ താമസിക്കുന്നവരുടെ അഭിപ്രായങ്ങൾ സ്വരൂപിച്ചും ചർച്ച ചെയ്തുമാണ് അവർ പദ്ധതികൾ നടപ്പാക്കിയത്. ഈ ദൗത്യം ചരിത്രം സൃഷ്ടിക്കുകയും ആധുനികസമൂഹത്തിന്റെ ധാരണകൾ തിരുത്തിയെഴുതുകയും ചെയ്തു.
അവരുടെ ദീർഘവീക്ഷണത്തോടെയുള്ള പ്രവൃത്തികൾ നാം ഇന്ന് പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത 50 വർഷത്തെ യു.എ.ഇയെ രൂപപ്പെടുത്തുന്നതിന് പുതിയൊരു ദൗത്യം തുടങ്ങുകയാണ്. അടുത്ത തലമുറക്കായി നമുക്കത് ചെയ്യണം. ഇതിനായി രാജ്യത്തെ ഒന്നടങ്കം സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
50 വർഷ വികസനപദ്ധതിയുടെ' സമിതി ചെയർമാനും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ ചേർത്ത് യോഗങ്ങൾ സംഘടിപ്പിക്കും. പൊതുജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കുന്നതിന് ഓൺലൈൻ യോഗങ്ങളും സർവേകളും സംഘടിപ്പിക്കും. പദ്ധതിയിൽ സ്വകാര്യസ്ഥാപനങ്ങളുടെ പങ്ക് വലുതായിരിക്കും.
50 വർഷ പദ്ധതി' 2020ൽ രൂപപ്പെടുത്തുമെന്ന് കഴിഞ്ഞവർഷം അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർനടപടിയാണ് ഇപ്പോൾ നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.