കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറഞ്ഞാല്‍ പ്രതിക്കൂട്ടിലാകുമെന്നതിനാലാണ്
ചികിത്സ, പള്ളി, പ്രാര്‍ത്ഥന എന്നൊക്കെ സിപിഎം പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കോട്ടയത്ത് പറഞ്ഞു.
സഭാ വിശ്വാസം അനുസരിച്ച് ഈ മാസം 26 വരെ മുടങ്ങാതെ പള്ളിയില്‍ ആരാധന നടക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കൊണ്ട് ഉമ്മന്‍ ചാണ്ടിയുടെ നാല്‍പ്പതാം ദിവസത്തെ ആരാധന വേണ്ടെന്ന് പറയാനാകില്ല. അതൊക്കെ കുടുംബത്തിന്റെ തീരുമാനമാണെന്നും പള്ളിയില്‍ എല്ലാദിവസവും പ്രാര്‍ത്ഥനയുണ്ടെന്നും അദേഹം പറഞ്ഞു.
രാഷ്ട്രീയം പറഞ്ഞാല്‍ സി.പി.എം പ്രതിക്കൂട്ടിലാകുമെന്നതിനാല്‍ ചാണ്ടി ഉമ്മന്‍ പള്ളിയില്‍ പോകാന്‍ പാടില്ലെന്നും സ്വന്തം പിതാവിന്റെ കല്ലറയുള്ള പള്ളിയിലേക്ക് നാല്‍പത് ദിവസത്തെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കരുതെന്നുമാണ് സി.പി.എം ആവശ്യപ്പെടുന്നത്. അതുകൊണ്ടാണ് ചികിത്സ, പള്ളി, പ്രാര്‍ത്ഥന എന്നൊക്കെ പറയുന്നത്. ചാണ്ടി ഉമ്മന്‍ പള്ളിയില്‍ പോകേണ്ടെന്ന് കോണ്‍ഗ്രസ് പറയണോ? അത്രത്തോളം തരംതാഴുകയാണ് സിപിഎമ്മെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.
ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാകാര്യത്തില്‍ സി.പി.എമ്മോ സര്‍ക്കാരോ ഇടപെടേണ്ട ഒരു കാര്യവും ഉണ്ടായിട്ടില്ല. കുടുംബവും പാര്‍ട്ടിയും ഏറ്റവും ഭംഗിയായി അദ്ദേഹത്തിന്റെ ചികിത്സ നടത്തിയിട്ടുണ്ട്. 2019 ലാണ് ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടത്തിയ ബയോപ്സിയില്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ആ വര്‍ഷം ഒക്ടോബറില്‍ അദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടുപോയി.
അവിടുത്തെ ചികിത്സയ്ക്ക് ശേഷം നാട്ടില്‍ തുടര്‍ ചികിത്സ നടത്താന്‍ അവര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് 2019 ല്‍ തന്നെ വെല്ലൂരില്‍ പ്രവേശിപ്പിച്ചത്. അതിനു ശേഷം പ്രത്യേക ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്കും കൊണ്ടുപോയിരുന്നു.
വിദേശത്തും ഇന്ത്യയിലും കേരളത്തിലുമായി അദ്ദേഹത്തിന് നല്‍കാവുന്ന മികച്ച ചികിത്സ നല്‍കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ സഹധര്‍മ്മിണിയും മൂന്ന് മക്കളും കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ആലോചിച്ചാണ് എല്ലാ തീരുമാനങ്ങളുമെടുത്തത്.
ഇപ്പോള്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിക്കുന്നതിന് വേണ്ടിയാണ് സി.പി.എം മൂന്നാംകിട ആരോപണം മൂന്നാംനിര നേതാക്കളെക്കൊണ്ട് പറയിപ്പിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയുടെ ചികിത്സയെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റിയുണ്ടാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഒരു ചികിത്സയും നല്‍കിയിട്ടില്ലെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരെ ഗുരുതരമായ ആരോപണം വന്നിട്ടും പത്രസമ്മേളനം നടത്തി മാധ്യമങ്ങളോട് പറയാനുള്ള ധൈര്യം പോലും മുഖ്യമന്ത്രിക്കില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.