തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാര്‍ നട്ടം തിരിയവേ ഗതാഗത നിയമം ലംഘിക്കുന്നവരെ കണ്ടെത്താനായി 400 കോടി രൂപ ചെലവില്‍ എ.ഐ ഡ്രോണ്‍ ക്യാമറകള്‍ വാങ്ങാന്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നീക്കം.
ഒന്നിന് രണ്ട് കോടി രൂപ വരെ ചെലവ് വരുമെന്നും 200 ക്യാമറകള്‍ വാങ്ങണമെന്നും കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഗതാഗത വകുപ്പിന് പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിലവിലെ ക്യാമറകളുടെ പരിധിക്ക് പുറത്തുള്ള മേഖലയില്‍ ഡ്രോണുകള്‍ പറത്തി നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം.
232.25 കോടി രൂപ ചെലവില്‍ 726 എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണം നില നില്‍ക്കെയാണ് പുതിയ ഇടപാടിന് തയ്യാറെടുക്കുന്നത്. ടെന്‍ഡറിലൂടെ പദ്ധതി നടത്തിപ്പിന് ഏജന്‍സിയെ കണ്ടെത്തണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ.
അഴിമതി ആരോപണം ഉയര്‍ന്ന എ.ഐ ക്യാമറ പദ്ധതി നടപ്പിലാക്കിയതും ഇതുപോലെയായിരുന്നു. കെല്‍ട്രോണിനെ പദ്ധതി ഏല്‍പ്പിക്കുകയും കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കുകയും ചെയ്തു. അതുമായി ബന്ധപ്പെട്ട് മറുകരാര്‍ കൂടി വന്നതോടെ പദ്ധതി ചെലവ് അമിതമായി വര്‍ധിച്ചു. പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണം മുഖ്യമന്ത്രിയുടെ ബന്ധുവിലേക്ക് എത്തുകയും ചെയ്തു.
എ.ഐ ക്യാമറ പദ്ധതിക്ക് മുമ്പുതന്നെ ഡ്രോണ്‍ ക്യാമറകള്‍ വേണമെന്ന റിപ്പോര്‍ട്ട് മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിന് നല്‍കിയിരുന്നു. സാധാരണ ഡ്രോണ്‍ ക്യാമറകള്‍ വാങ്ങണമെന്നായിരുന്നു പഴയ റിപ്പോര്‍ട്ടിലെ നിര്‍ദേശം. അതു പരിഷ്‌കരിച്ചാണ് പുതിയ റിപ്പോര്‍ട്ട് നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.