മനാഗ്വേ: നിക്കരാഗ്വൻ ഏകാധിപതി ഡാനിയേൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യം കാരണം തടവിലാക്കപ്പെട്ട കത്തോലിക്കാ ബിഷപ്പും മതസ്വാതന്ത്ര്യ വക്താവുമായ ബിഷപ്പ് റൊളാൻഡോ അൽവാരസ് ജീവിച്ചിരിപ്പുണ്ടെന്നതിന്റെ തെളിവ് ആവശ്യപ്പെട്ട് അമേരിക്കയിലെ റിപ്പബ്ലിക്കൻ പ്രതിനിധി ക്രിസ് സ്മിത്ത്.
ബിഷപ്പിന്റെ ആരോഗ്യനിലയെക്കുറിച്ചോ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നതിനെക്കുറിച്ചോ വിശ്വസനീയമായ തെളിവുകളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല. ബിഷപ്പ് അൽവാരസ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് സമൂഹത്തിന് ബോധ്യമാകാനായി തെളിവ് നൽകാൻ പ്രസിഡന്റ് ഒർട്ടെഗയോട് ആവശ്യപ്പെടുന്നെന്ന് സ്മിത്ത് പറഞ്ഞു.
ധീരനും അനുകമ്പയുള്ള ദൈവദാസനുമായ ബിഷപ്പ് അൽവാരസ് ഇപ്പോൾ ഒരു വർഷത്തിലേറെയായി ഡാനിയൽ ഒർട്ടേഗയുടെ ക്രൂരമായ ഭരണം മൂലം കഷ്ടപ്പെടുന്നു. ബിഷപ്പ് അൽവാരസിന്റെയും ഒർട്ടെഗ - മുറില്ലോ ഭരണ കൂടത്താൽ പീഡിപ്പിക്കപ്പെടുന്ന മറ്റ് മത - രാഷ്ട്രീയ തടവുകാരുടെയും സുരക്ഷയും ക്ഷേമവും യുഎസ് കോൺഗ്രസിനും ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംരക്ഷകർക്കും ഒരു പ്രധാന ആശങ്കയാണ്. എല്ലാ മത രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്നും സ്മിത്ത് പറഞ്ഞു.
പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ കടുത്ത വിമർശകനായ ബിഷപ്പ് അൽവാരസിനെ രാജ്യദ്രോഹകുറ്റം ചുമത്തിയും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചും 2022 ഓഗസ്റ്റിലാണ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തോടൊപ്പം നാല് വൈദികരെയും സെമിനാരി വിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ അമേരിക്കയിലേക്ക് നാടു കടത്തിയെങ്കിലും അതിന് തയാറാകാത്തതിനെ തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ബിഷപ്പിന് 26 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത്. ഇതിന് പുറമേ, അൽവാരസിന്റെ പൗരത്വവും പൗരാവകാശങ്ങളും എന്നെന്നേക്കുമായി ഇല്ലാതാക്കി.
രാജ്യത്തെ ഏറ്റവും പഴക്കമേറിയതും തിങ്ങിനിറഞ്ഞതുമായ ജയിലുകളിലൊന്നായ 'ലാ മോഡെലോ' എന്നറിയപ്പെടുന്ന ജോർജ് നവാരോ ജയിലിലാണ് ഇപ്പോൾ ബിഷപ്പ് ഉള്ളതെന്നാണ് നിക്കരാഗ്വൻ വാർത്താ മാധ്യമമായ എൽ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ചെയ്തത്. രാഷ്ട്രീയ തടവുകാരെ പാർപ്പിക്കുന്ന ജയിലാണിത്. ഒർട്ടേഗയുടെ സർക്കാരിനെ സ്വേച്ഛാധിപത്യ ഭരണകൂടം എന്ന് ഫ്രാൻസിസ് മാർപാപ്പ വിമർശിച്ചതിനെ തുടർന്ന് നിക്കരാഗ്വ സർക്കാരും വത്തിക്കാനും തമ്മിലുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.