പെര്‍ത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇ-സിഗരറ്റ് വേട്ട; പിടിച്ചെടുത്തത് 15 ടണ്‍ വേപ്പുകള്‍; വിപണി മൂല്യം 100 ലക്ഷം ഡോളര്‍

പെര്‍ത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇ-സിഗരറ്റ് വേട്ട; പിടിച്ചെടുത്തത് 15 ടണ്‍ വേപ്പുകള്‍; വിപണി മൂല്യം 100 ലക്ഷം ഡോളര്‍

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 15 ടണ്‍ അനധികൃത വേപ്പുകള്‍ (ഇ-സിഗരറ്റ്). കരിഞ്ചന്തയില്‍ 10 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന 300,000-ലധികം വേപ്പുകളാണ് ഒരു വെയര്‍ഹൗസില്‍ നിന്ന് പിടിച്ചെടുത്തത്. ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഇത്രയധികം വേപ്പുകള്‍ ഒറ്റ റെയ്ഡില്‍ കണ്ടെത്തുന്നത് ആദ്യമായിട്ടാണെന്ന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് അധികൃതര്‍ അറിയിച്ചു.

പെര്‍ത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ഒരു വെയര്‍ഹൗസില്‍ നിന്നാണ് നിക്കോട്ടിന്‍ അടങ്ങിയ 300,000-ലധികം വേപ്പുകള്‍ പിടിച്ചെടുത്തത്. ഇതിനൊപ്പം 10 ടണ്ണിലധികം നൈട്രസ് ഓക്‌സൈഡും (ചിരിപ്പിക്കുന്ന വാതകം) അധികൃതര്‍ കണ്ടെത്തി. ആരോഗ്യ വിഭാഗത്തിന് ജനങ്ങളില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്ന് ഡബ്ല്യുഎ ആരോഗ്യമന്ത്രി ആംബര്‍-ജേഡ് സാന്‍ഡേഴ്‌സണ്‍ പറഞ്ഞു. യുവാക്കളുടെയും കുട്ടികളുടെയും ആരോഗ്യത്തിന് മാരകമായ പാര്‍ശ്വ ഫലങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഇത്തരം വേപ്പുകള്‍.


വെയര്‍ഹൗസില്‍ സൂക്ഷിച്ച നിക്കോട്ടിന്‍ വേപ്പുകള്‍ അടങ്ങിയ കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ റെയ്ഡില്‍ കണ്ടെത്തിയപ്പോള്‍

കാലഘട്ടത്തിനനുസരിച്ച് പുകവലിയില്‍ വന്ന പരിഷ്‌കാരമാണ് വേപ്പിംഗ് എന്നറിയപ്പെടുന്നത്. ബാറ്ററിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് സിഗരറ്റ് അഥവാ ഇ-സിഗരറ്റ് ഉത്പാദിപ്പിക്കുന്ന നീരാവി (പുക) ശ്വസിക്കുന്നതിനെയാണ് വേപ്പിംഗ് എന്ന് പറയുന്നത്. നിക്കോട്ടിന്‍, സുഗന്ധങ്ങള്‍, മറ്റ് രാസവസ്തുക്കള്‍ അടങ്ങിയ ദ്രാവക ലായനി ബാഷ്പീകരിച്ചുണ്ടാകുന്ന നീരാവിയാണ് ഇ-സിഗരറ്റിലൂടെ ശ്വസിക്കുന്നത്.

കൗമരക്കാര്‍ക്കിടയിലെ വേപ്പിംഗ് ഉപയോഗം നിക്കോട്ടിന്‍ എക്സ്പോഷറിലേക്ക് നയിക്കുകയും ഇത് ആസക്തിയായി മാറുകയും മസ്തിഷ്‌ക വികാസത്തിന് ഹാനികരമാവുകയും ചെയ്യുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇ-സിഗരറ്റില്‍ നിന്നുള്ള നിക്കോട്ടിന്‍ ശ്വാസകോശ കോശങ്ങളെ നശിപ്പിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധം കുറയ്ക്കുകയും ചെയ്യുന്നു.

ബബിള്‍ഗം, ഫ്രൂട്ട് ഫ്ളേവറുകള്‍ എന്നിങ്ങനെ ഡസന്‍ കണക്കിന് ഫ്ളേവറുകളില്‍ വേപ്പുകള്‍ ലഭ്യമാകുന്നതിനാല്‍ കുട്ടികള്‍ പെട്ടെന്ന് വേപ്പിങ്ങിലേക്ക് ആകര്‍ഷിക്കപ്പെടുന്നു.

പെര്‍ത്തിലെ വെയര്‍ഹൗസില്‍ തിങ്ങിനിറച്ചു വച്ചിരിക്കുന്ന വലിയ കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ സൂക്ഷിച്ച നിലയിലാണ് വേപ്പുകള്‍ കണ്ടെത്തിയത്. ലാബ് പരിശോധനയിലാണ് നിക്കോട്ടിന്‍ കലര്‍ന്നതായി സ്ഥിരീകരിച്ചത്.

ഒരു വേപ്പില്‍ 900 മില്ലിഗ്രാം നിക്കോട്ടിന്‍ അടങ്ങിയിട്ടുണ്ടായിരുന്നു. ഏകദേശം 100 സിഗരറ്റിന് തുല്യമായ അളവാണിത്. വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ നിക്കോട്ടിന്‍ കൈവശം വയ്ക്കുകയോ വില്‍ക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. വ്യക്തികള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും 45,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ പിഴയും സ്ഥാപനങ്ങള്‍ക്ക് വലിയ പിഴയും ലഭിച്ചേക്കാവുന്ന ശിക്ഷയാണിത്.

ന്യൂ സൗത്ത് വെയില്‍സില്‍ ഒരു വര്‍ഷത്തിനുള്ളില്‍ പിടിച്ചെടുത്ത മൊത്തം നിക്കോട്ടിന്‍ വേപ്പുകളുടെ ആകെ എണ്ണത്തിന് തുല്യമാണ് ഇപ്പോള്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ നിന്നു പിടിച്ചെടുത്തത്.

ശുചീകരണ ഉല്‍പ്പന്നങ്ങള്‍, നെയില്‍ പോളിഷ് റിമൂവര്‍, കളനാശിനി, ബഗ് സ്‌പ്രേ, പെയിന്റ് സ്ട്രിപ്പര്‍ എന്നിവയില്‍ കാണപ്പെടുന്ന അതേ ദോഷകരമായ രാസവസ്തുക്കള്‍ വേപ്പുകളിലും ഇ-സിഗരറ്റുകളിലും അടങ്ങിയിട്ടുണ്ട്.

റെയ്ഡിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ആരോഗ്യമന്ത്രി ആംബര്‍-ജേഡ് സാന്‍ഡേഴ്‌സണ്‍ അഭിനന്ദിച്ചു. ജനങ്ങളുടെയും പ്രാദേശിക സര്‍ക്കാരിന്റെയും മികച്ച പ്രവര്‍ത്തനത്തിന്റെ ഫലമാണിതെന്ന് അവര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.