തിരുവനന്തപുരം: ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തമാണ് നമ്മുടെ സാമ്രാജ്യത്വ വിരുദ്ധ ദേശീയ പ്രസ്ഥാനത്തെ സവിശേഷമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടന്ന സ്വാതന്ത്യ ദിനാഘോഷ ചടങ്ങില്‍ സന്ദേശം നല്‍കുകയായിരുന്നു അദേഹം.
നമ്മുടെ സ്വാതന്ത്ര്യത്തെയും ഐക്യത്തെയും ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ശാസ്ത്രചിന്തയെയും ഒക്കെ ശക്തിപ്പെടുത്തുകകൂടി ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് 77ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളെ അര്‍ത്ഥവത്താക്കാമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
നാനാത്വത്തില്‍ ഏകത്വം എന്നതാണ് ഇന്ത്യയുടെ സവിശേഷത. ഇന്ത്യയിലെ നാനാ ജാതി മതസ്ഥരും വിവിധങ്ങളായ പ്രദേശങ്ങളില്‍ പെട്ടവരും വ്യത്യസ്തങ്ങളായ ഭാഷ, സംസ്‌കാരം, വിശ്വാസങ്ങള്‍ തുടങ്ങിയവ പിന്തുടരുന്നവരും ഉള്‍പ്പെട്ടതായിരുന്നു നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനം. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം എല്ലാവര്‍ക്കും തുല്യമായി അവകാശപ്പെട്ടതാണ്. ഏതെങ്കിലും പ്രത്യേക വിഭാഗത്തിനു മാത്രമായി സ്വാതന്ത്ര്യം ചുരുക്കപ്പെടാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആയുര്‍ദൈര്‍ഘ്യത്തിന്റെ, സാക്ഷരതയുടെ, വരുമാനത്തിന്റെ ഒക്കെ കാര്യത്തില്‍ 1947 നെ അപേക്ഷിച്ച് ഈ 2023 ല്‍ നമ്മള്‍ വളരെയേറെ മെച്ചപ്പെട്ടിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക - സൈനിക ശക്തികളുടെ പട്ടികയില്‍ ഇന്ന് ഇന്ത്യയുണ്ട്. ആഗോള തലത്തിലെ വലിയ ടൂറിസം കേന്ദ്രമാണ് നമ്മള്‍.
ലോക ഐ ടി രംഗത്ത് ഇന്ത്യ അതിന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ്. ബഹിരാകാശത്തും ചന്ദ്രനിലും ഒക്കെ നമ്മുടെ സാങ്കേതികവിദ്യയും ചെന്നെത്തിയിരിക്കുന്നു. ഇന്ത്യയിലെ ആയുര്‍വ്വേദവും യോഗയും ചെറുധാന്യങ്ങളുമെല്ലാം ലോകശ്രദ്ധയിലെത്തി നില്‍ക്കുന്നു. തീര്‍ച്ചയായും ഇതൊക്കെ അഭിമാനകരമായ നേട്ടങ്ങളാണ്.
എല്ലാ മനുഷ്യരെയും തുല്യരായി കണ്ടും സമൂഹത്തിന്റെയാകെ പ്രശ്നങ്ങളെ ഒറ്റക്കെട്ടായി നിന്ന് പരിഹരിച്ചുമാണ് നമ്മുടെ കേരളം പല കാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകയായി തീര്‍ന്നിരിക്കുകയാണ്.
സ്വാതന്ത്ര്യത്തിന്റെ 100 ാം വര്‍ഷം ആകുമ്പോഴേക്കും ലോകോത്തര നിലവാരമുള്ള വികസിത മധ്യവരുമാന സമൂഹമാക്കി കേരളത്തെ മാറ്റാനാണ്, വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കാനാണ് ഈ സര്‍ക്കാര്‍ യത്നിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് സംസ്ഥാനത്ത് സംരംഭക വര്‍ഷം പദ്ധതി നടപ്പാക്കിയത്. ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനാണ് നമ്മള്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ആദ്യത്തെ എട്ട് മാസം കൊണ്ടു തന്നെ ലക്ഷ്യത്തെ മറികടക്കാന്‍ നമുക്കു സാധിച്ചു.
കൂടാതെ, കേരളത്തിലെ ഐ ടി മേഖലയും കുതിപ്പിന്റെ പാതയിലാണ്. കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് 85,540 കോടി രൂപയുടെ ഐ ടി കയറ്റുമതിയാണ് കേരളത്തില്‍ നിന്നുണ്ടായത്. ഈ കാലയളവില്‍ 7,304 കോടി രൂപയുടെ നിക്ഷേപവും 62,000 തൊഴിലവസരങ്ങളും ഐടി സ്പേസില്‍ 75 ലക്ഷത്തോളം ചതുരശ്രയടിയുടെ വര്‍ദ്ധനവുമുണ്ടായിട്ടുണ്ട്.
നമ്മുടെ യുവാക്കളെ തൊഴില്‍ നൈപുണ്യം സിദ്ധിച്ചവരാക്കുക എന്ന ലക്ഷ്യത്തോടെ ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്, കണക്ട് കരിയര്‍ ടു ക്യാമ്പസ്, യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം എന്നിവ നടപ്പാക്കിവരികയാണ്. കിഫ്ബി മുഖേന 2021 ഓടെ 65,000 ത്തിലധികം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സാധിച്ചു.
കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 10.17 ലക്ഷം കോടി രൂപയിലേക്കെത്തിയിരിക്കുന്നു. അടിസ്ഥാന സൗകര്യ മേഖലയില്‍ മാത്രമല്ല, ക്ഷേമ മേഖലയിലും അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള പ്രത്യേക പദ്ധതികളും നടപ്പാക്കുകയാണെന്നും മുഖ്യമന്ത്രി സ്വാതന്ത്യ ദിന സന്ദേശത്തില്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.