ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ക്രൈസ്തവര്‍ക്കെതിരേയുള്ള കലാപം രൂക്ഷമാകുന്നതില്‍ ആഗോള തലത്തില്‍ പ്രതിഷേധം. മതനിന്ദയെന്ന വ്യാജ ആരോപണം ഉയര്‍ത്തി ക്രിസ്ത്യന്‍ സമൂഹത്തിനും പള്ളികള്‍ക്കും നേരെ മത തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുന്നതില്‍ അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങള്‍ ആശങ്ക രേഖപ്പെടുത്തി. ബി.ബി.സി, സി.എന്‍.എന്‍, ദ ഗാര്‍ഡിയന്‍, എ.ബി.സി. ന്യൂയോര്‍ക്ക് ടൈംസ്, ഫ്രാന്‍സ് 24 എന്നീ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യത്തോടെയാണ് പാകിസ്ഥാനിലെ ക്രൈസ്തവ വേട്ട റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാകിസ്ഥാനിലെ ഫൈസലാബാദ് ജില്ലയിലെ ജരാന്‍വാല പട്ടണത്തിലാണ് കഴിഞ്ഞ ദിവസം അക്രമികള്‍ നിരവധി ദേവാലയങ്ങള്‍ അഗ്‌നിക്കിരയാക്കുകയും വീടുകള്‍ നശിപ്പിക്കുകയും ചെയ്തത്. സംഭവത്തില്‍ ഇസ്ലാമിസ്റ്റുകളായ നൂറുപേരെ പിടികൂടിയെന്നാണ് വിവരം.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അമേരിക്ക രംഗത്തുവന്നു. 'മതഗ്രന്ഥം അവഹേളിച്ചെന്ന് ആരോപിച്ച് ക്രിസ്ത്യന്‍ പള്ളികളും വിശ്വാസികളുടെ വീടുകളും അക്രമിക്കപ്പെട്ടതില്‍ ഞങ്ങള്‍ അഗാധമായ ആശങ്കയിലാണ്. അമേരിക്ക സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളെയും എല്ലാവരുടെ മതത്തെയും വിശ്വാസങ്ങളെയും പിന്തുണയ്ക്കുമ്പോള്‍, അക്രമമോ ഭീഷണിയോ ഒരിക്കലും സ്വീകാര്യമായ കാര്യമല്ല. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വേദാന്ത് പട്ടേല്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ ആക്രമണത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും ക്രമസമാധനം ഉറപ്പുവരുത്തണമെന്നും പാകിസ്ഥാന്‍ അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നു - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫൈസലാബാദ് ജില്ലയിലെ ഈസാനഗരിയിലുള്ള സെന്റ് പോള്‍ കത്തോലിക്കാ പള്ളിയും പ്രൊട്ടസ്റ്റന്റ് സഭകളായ സാല്‍വേഷന്‍ ആര്‍മി, യുണൈറ്റഡ് പ്രസ്ബിറ്റീരിയന്‍, അലൈഡ് ഫൗണ്ടേഷന്‍, ഷഹ്‌റൂണ്‍ വാല എന്നിവയുടെ പള്ളികളും ക്രിസ്ത്യന്‍ കോളനിയുമാണ് ആക്രമിക്കപ്പെട്ടത്.
നൂറുകണക്കിനു പേര്‍ സെന്റ് പോള്‍ കത്തോലിക്കാ പള്ളിയും സാല്‍വേഷന്‍ ആര്‍മി പള്ളിയും ആക്രമിച്ചു തീവയ്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതായി അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. വടികളുമായി എത്തിയവര്‍ സാല്‍വേഷന്‍ ആര്‍മി പള്ളിയോടു ചേര്‍ന്ന് 150-ഓളം കുടുംബങ്ങള്‍ പാര്‍ക്കുന്ന ക്രിസ്ത്യന്‍ കോളനിയും ആക്രമിച്ചു. അര്‍ധസൈനിക വിഭാഗമായ റേഞ്ചേഴ്‌സിനെ മേഖലയില്‍ വിന്യസിച്ചതായി റിപ്പോര്‍ട്ടുണ്ട്.
നാല് പള്ളികളും അതിനോട് ചേര്‍ന്ന കെട്ടിടങ്ങളും ക്രിസ്ത്യാനികളുടെ വീടുകളും ആക്രമിക്കപ്പെട്ടതായാണ് പോലീസ് പറയുന്നത്. എന്നാല്‍ ഡസന്‍ കണക്കിന് പള്ളികളാണ് അക്രമിക്കപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. ജനാലകളും വാതിലും തകര്‍ത്തെന്നും ഫ്രിഡ്ജും സോഫയും മറ്റു വീട്ടുപകരണങ്ങളും അക്രമികള്‍ എടുത്തുകൊണ്ടുപോയെന്നും 31 കാരന്‍ യാസിര്‍ ഭാട്ടിയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബൈബിള്‍ വലിച്ചുകീറുകയും കത്തിക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
'ആക്രമണത്തില്‍ നൂറുകണക്കിന് ക്രിസ്ത്യന്‍ ഭവനങ്ങള്‍ തകര്‍ക്കപ്പെടുകയും പതിനഞ്ചോളം ദേവാലയങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് അനേകം ക്രിസ്ത്യാനികള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി' - കാത്തലിക് റിലീഫ് ഗ്രൂപ്പിന്റെ പ്രസ് മേധാവി മരിയ ലൊസാനോ പറഞ്ഞു. ഏകദേശം 500 കുടുംബങ്ങള്‍ വീട് വിട്ട് പലായനം ചെയ്തതായാണു വിവരം.
പാകിസ്ഥാനില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മതനിന്ദ. 'ക്രിസ്ത്യാനികള്‍ വളരെ ഭയപ്പെടുന്നു. നിരവധി ആളുകള്‍ക്ക് അവരുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടു. എന്തുചെയ്യണമെന്നോ, എങ്ങോട്ടു പോകണമെന്നോ അവര്‍ക്കറിയില്ല' - ഫൈസലാബാദ് കത്തോലിക്കാ രൂപതയുടെ വികാരി ജനറലും ആക്രമണങ്ങളുടെ ദൃക്സാക്ഷിയുമായ ഫാ. ആബിദ് തന്‍വീര്‍ പറഞ്ഞു.
ജരാന്‍വാലയിലെ പുരോഹിതരുടെ സഹായത്തോടെ സമാധാനം പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ ശ്രമിക്കുകയാണ്. ക്രിസ്ത്യന്‍ കോളനിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. പോലീസിന്റെ നിഷ്‌ക്രിയത്വമാണ് ജനക്കൂട്ടത്തെ പള്ളികളില്‍ കയറാന്‍ അനുവദിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സമയോചിതമായ ഇടപെടല്‍ ഉണ്ടായാല്‍ അക്രമം വര്‍ധിക്കുന്നത് തടയാമായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
കൂടുതല്‍ വായനയ്ക്ക്:
പാകിസ്ഥാനില്‍ മതതീവ്രവാദികള്‍ ക്രിസ്ത്യന്‍ പള്ളികള്‍ കത്തിച്ചു; വിശ്വാസികളുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് അക്രമം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.