ഓഗസ്റ്റില്‍ മഴക്കുറവ് റെക്കോഡ്; കാര്‍ഷികരംഗത്ത് ആശങ്ക, വേനല്‍ക്കാല കൃഷി തകര്‍ന്നടിയുമെന്ന് വിലയിരുത്തല്‍

ഓഗസ്റ്റില്‍ മഴക്കുറവ് റെക്കോഡ്; കാര്‍ഷികരംഗത്ത് ആശങ്ക, വേനല്‍ക്കാല കൃഷി തകര്‍ന്നടിയുമെന്ന് വിലയിരുത്തല്‍

മുംബൈ: നൂറ്റാണ്ടിലെ ഏറ്റവും വലിയ മഴക്കുറവ് ഓഗസ്റ്റ് മാസത്തില്‍ അനുഭവപ്പെട്ടതോടെ രാജ്യത്തെ വേനല്‍ക്കാല കൃഷിയുടെ അന്ത്യം കുറിക്കുമെന്ന് റിപ്പോര്‍ട്ട്. സമുദ്രത്തില്‍ രൂപപ്പെട്ട എല്‍നിനോ പ്രതിഭാസമാണ് മണ്‍സൂണ്‍ മഴക്കുറവിന് കാരണമായിരിക്കുന്നത്. ജൂണില്‍ ശരാശരി മഴയില്‍ അഞ്ച് ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയത് ഓഗസ്റ്റായപ്പോള്‍ ആറ് ശതമാനം കുറവായി താഴ്ന്നിട്ടുണ്ട്.

വേനല്‍ക്കാല മഴ കുറയുന്നത് അരി മുതല്‍ സോയബിന്‍ കൃഷി വരെ ദോഷകരമായി ബാധിക്കും. ഭക്ഷ്യവിലക്കയറ്റത്തിന് ആക്കം പകരും. 2020 ന് ശേഷം രാജ്യത്ത് ഏറ്റവും അധികം ഭക്ഷ്യ വിലക്കയറ്റം റിപ്പോര്‍ട്ട് ചെയ്ത മാസമായിരുന്നു ജൂലൈ. രാജ്യത്തെ കര്‍ഷിക മേഖലയുടെ നട്ടെല്ലായ മണ്‍സൂണ്‍ മഴ 70 ശതമാനം കാര്‍ഷിക വിളകളുടെയും അടിസ്ഥാനശില ആയിരിക്കെ ശക്തമായ മണ്‍സൂണ്‍ രാജ്യത്ത് ഒരിടത്തും ലഭിച്ചില്ലെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

180 മില്ലിമീറ്റര്‍ മഴയാണ് വേനല്‍ക്കാലത്ത് രാജ്യത്ത് ലഭിക്കേണ്ടത്. ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ ആദ്യ ആഴ്ച വരെ ലഭിക്കുന്ന മഴയെ ആശ്രയിച്ചാണ് വേനല്‍ക്കാല കൃഷി നടക്കുന്നതെന്ന് കാര്‍ഷിക വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഈമാസം 17 വരെയുള്ള കണക്ക് അനുസരിച്ച് 90.7 മില്ലീമീറ്റര്‍ മഴയാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. നിലവില്‍ ലഭിക്കേണ്ട മഴയില്‍ 40 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കേരളത്തില്‍ ജൂണ്‍ ഒന്നുമുതല്‍ 1500 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 870 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചിരിക്കുന്നത്. 45 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. ഝാര്‍ഖണ്ഡില്‍ 37 ശതമാനവും ബിഹാറില്‍ 30 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസം 254.9 മില്ലീമീറ്റര്‍ മഴയാണ് സാധാരണ ലഭിക്കുന്നതെന്നും കാലാവസ്ഥ വിഭാഗം ശാസ്ത്രജ്ഞര്‍ പറയുന്നു. തക്കാളി വിലക്കയറ്റം രൂക്ഷമായി അനുഭവപ്പെട്ട രാജ്യത്ത് ഉള്ളി-ഉരുളക്കിഴങ്ങ് വില കുതിച്ചുകയറുകയാണ്.

വേനല്‍ക്കാല മഴ കൂടി ചതിച്ചാല്‍ രാജ്യം കടുത്ത വിലക്കയറ്റത്തിലേക്കും പണപ്പെരുപ്പത്തിലേക്കും നീങ്ങുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കുതിച്ചുയരുന്ന വില പിടിച്ചുനിര്‍ത്താന്‍ വിവിധ മന്ത്രാലയങ്ങളുടെ ബജറ്റ് വിഹിതം വകമാറ്റി ചെലവഴിക്കുന്നതിന് ഉപയോഗിക്കാനുള്ള സാധ്യത കേന്ദ്രസര്‍ക്കാര്‍ ആരാഞ്ഞിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.