ചരിത്ര നിമിഷത്തിന് ഇനി മണിക്കൂറുകളുടെ ദൂരം; ചന്ദ്രയാന്റെ തത്സമയ സ്ട്രീമിങ് നാളെ വൈകുന്നേരം 5.20 മുതല്‍

ചരിത്ര നിമിഷത്തിന് ഇനി മണിക്കൂറുകളുടെ ദൂരം; ചന്ദ്രയാന്റെ തത്സമയ സ്ട്രീമിങ് നാളെ വൈകുന്നേരം 5.20 മുതല്‍

തിരുവനന്തപുരം: ശാസ്ത്രലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചരിത്ര നിമിഷത്തിന് ഇനി മണിക്കൂറുകളുടെ ദൂരം.  പേടകം ഇറങ്ങേണ്ട സ്ഥലം ഇന്ന് നിശ്ചയിക്കും. ലാന്‍ഡറില്‍ നിന്നയ്ക്കുന്ന ചിത്രങ്ങള്‍ ബംഗളൂരുവില്‍ ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്ത് സ്ഥലം തിരഞ്ഞെടുക്കും.

തുടര്‍ന്ന് വേഗത നിയന്ത്രിക്കുന്നതിനുള്ള സംവിധാനം, പേടകത്തെ നിയന്ത്രിക്കുന്നതിനുള്ള വാര്‍ത്താ വിനിമയ സംവിധാനം എന്നിവ സജ്ജമെന്ന് ഉറപ്പാക്കും. പേടകം താഴേക്ക് ഇറക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നാളെ നടക്കും. ഇതിന്റെ മുന്നോടിയായി ഇറങ്ങേണ്ട സ്ഥലം ചൂണ്ടിക്കാട്ടി ലാന്‍ഡറിലേക്ക് സന്ദേശം പോകും.

പിന്നീട് ഭ്രമണപഥം ആ പോയിന്റിലേക്ക് കേന്ദ്രീകരിക്കും. വൈകിട്ട് അഞ്ചിന് സഞ്ചാര വേഗം കുറയ്ക്കാന്‍ തുടങ്ങും. 5.47 ന് കുത്തനേ താഴേയ്ക്ക് നീങ്ങാന്‍ തുടങ്ങും 6.04 ന് ചന്ദ്രയാന്‍ 3 നിലം തൊടും.

പേടകം ചന്ദ്രനിലിറങ്ങുന്നതിന്റെ തത്സമയ സ്ട്രീമിങ് നാളെ വൈകുന്നേരം 5.20 ന് ആരംഭിക്കും. ഐ.എസ്.ആര്‍.ഒയുടെ വെബ് സൈറ്റില്‍ ജനങ്ങള്‍ക്ക് ഇതു കാണാനാവും.

2019 ല്‍ ചന്ദ്രയാന്‍ 2 ദൗത്യം പരാജയപ്പെട്ടെങ്കിലും അതിന്റെ ഭാഗമായിരുന്ന ഓര്‍ബിറ്റര്‍ ഐ.എസ്.ആര്‍.ഒയുടെ കണ്ണും കാതുമായി ചന്ദ്രനെ വലം വയ്ക്കുന്നുണ്ട്. ഇന്നലെ മുതല്‍ വിക്രം ലാന്‍ഡറിന് തുണയായി ഭൂമിയുമായുള്ള ആശയവിനിമയം ഓര്‍ബിറ്റര്‍ ഏറ്റെടുത്തു.

'വെല്‍ക്കം ബഡ്ഡി!' എന്ന കുറിപ്പോടെയാണ് ഐ.എസ്.ആര്‍.ഒ ഈ വിശേഷം ട്വിറ്ററില്‍ പങ്കുവച്ചത്. ഈ ദൗത്യം മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതിനാല്‍ ചന്ദ്രയാന്‍ 3 ല്‍ ഓര്‍ബിറ്റര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

വിക്രം ലാന്‍ഡര്‍ പകര്‍ത്തുകയും ഓര്‍ബിറ്റര്‍ വഴി അയയ്ക്കുകയും ചെയ്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ ഇന്നലെ പുറത്തുവിട്ടിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.