അമ്പിളിക്കല തൊട്ട് ചന്ദ്രയാൻ; ഇന്ത്യ ചരിത്രം തിരുത്തി ; ദക്ഷിണ ദ്രുവത്തിൽ സേഫ് ലാൻഡിങ്

അമ്പിളിക്കല തൊട്ട് ചന്ദ്രയാൻ; ഇന്ത്യ ചരിത്രം തിരുത്തി ; ദക്ഷിണ ദ്രുവത്തിൽ സേഫ് ലാൻഡിങ്

ന്യൂഡൽഹി: ചാന്ദ്ര ദൗത്യങ്ങൾക്ക് അപ്രാപ്യമായ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാൻ3 ചന്ദ്രനിൽ മുത്തമിട്ടു. 'വിക്രം' എന്ന ലാൻഡർ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികൾ ബുധനാഴ്ച 5.45 നാണ് ആരംഭിച്ചത്. 

എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഓഗസ്റ്റ് 27ലേക്ക് ലാൻഡിങ് മാറ്റാനായിരുന്നു തീരുമാനമുണ്ടായിരുന്നെങ്കിലും ഇന്ന് തന്നെ ലാൻഡിങ് നടത്താൻ കഴിയുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു. നേരത്തെ നിശ്ചയിച്ചുറപ്പിച്ച സ്ഥാനത്ത് തന്നെ ലാൻഡിങ് വിജയകരമായി ലാൻഡർ പൂർത്തിയാക്കി.

ബെംഗളൂരു പീനിയയിലെ ഐ.എസ്.ആർ.ഒ. ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിലെ (ഇസ്ട്രാക്) മിഷൻ ഓപ്പറേഷൻ കോംപ്ലക്‌സിൽ നിന്നാണ് ലാൻഡറിന് നിർദേശങ്ങൾ നൽകിയത്. വൈകീട്ട് 6.04 ന് ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രാജ്യമായി ഇന്ത്യ മാറി .ഒപ്പം, ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യവുമെന്ന നേട്ടം ഇന്ത്യക്ക് സ്വന്തം. 

ചന്ദ്രയാൻ-3 ലാൻഡിങ് നടപടികൾ വൈകീട്ട് 5.27 മുതൽ ഐ.എസ്.ആർ.ഒ. വെബ്‌സൈറ്റ്, യുട്യൂബ്, ഫെയ്‌സ്ബുക്ക്, ഡി.ഡി. നാഷണൽ ടി.വി. എന്നിവയിൽ തത്സമയം കാണാൻ സൗകര്യമൊരുക്കിയിരുന്നു. ജൂലൈ 14 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ചന്ദ്രയാൻ കുതിച്ചത്.

ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയച്ചിരുന്നു. അതിന് ശേഷം പേടകത്തിലെ സോഫ്റ്റ്‍വെയറാണ് നിയന്ത്രണമേറ്റെടുത്തത്. മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിലെത്തിച്ചിട്ടാണ് ലാൻഡിംഗ് പൂർത്തിയാക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങിയത്. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിങ്ങിനായി തെരഞ്ഞെടുത്തിരുന്നത്. ചന്ദ്രയാൻ രണ്ട് ഓർബിറ്ററിൽ നിന്നുള്ള ചിത്രങ്ങൾ വച്ചാണ് ചന്ദ്രയാൻ മൂന്നിന്റെ ലാൻഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്.

2019 ൽ ചന്ദ്രയാൻ 2 ദൗത്യം സോഫ്റ്റ് ലാൻഡിംഗ് സമയത്ത് വെല്ലുവിളികൾ നേരിട്ടതിന് ശേഷമുള്ള ഐ എസ് ആർ ഒയുടെ രണ്ടാമത്തെ ശ്രമമാണിത്. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഒരിക്കൽ കൂടെ പരിശോധിച്ചതിന് ശേഷമാണ് കൗണ്ട്ഡൗൺ ആരംഭിച്ചത്. 2019ൽ വിക്ഷേപിച്ച ചന്ദ്രയാൻ 2 ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിജയകരമായി എത്തിയെങ്കിലും റോവറിൽ നിന്ന് ലാൻഡർ വിട്ടുമാറുന്ന സമയത്ത് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. ചന്ദ്ര രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണിപ്പോൾ വിജയം കണ്ടിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.