തിരുവനന്തപുരം: കാലവര്‍ഷം കര്‍ക്കിടകത്തിലും ദുര്‍ബലമായതോടെ സംസ്ഥാനത്ത് താപനില ഉയര്‍ന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്നും നാളെയും താപനില സാധാരണയെക്കാള്‍ രണ്ടു മുതല്‍ അഞ്ചു വരെ ഉയര്‍ന്ന് 36 ഡിഗ്രി സെല്‍ഷ്യസിലെത്തും.
ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 ഡിഗ്രി വരെയും എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 34 ഡിഗ്രി വരെയും ഉയരും. വരണ്ട അന്തരീക്ഷമായതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും താപനില ഉയരാം.
പകല്‍ സമയത്ത് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
കാലവര്‍ഷ പാത്തി ഹിമാലയന്‍ താഴ് വരയിലേക്ക് നീങ്ങിയതാണ് കാലവര്‍ഷം ദുര്‍ബലമായത്. പസഫിക് സമുദ്രത്തിലെ എല്‍നിനോ പ്രതിഭാസം ശക്തിപ്രാപിച്ച് സജീവമാകുന്ന സാഹചര്യവും മഴ കുറയാന്‍ ഇടയാക്കി. ഇതുമൂലം താപനിലയില്‍ കാര്യമായ വര്‍ധനവുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പകല്‍ 11 മണി മുതല്‍ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക, പരമാവധി ശുദ്ധജലം കുടിക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കുക തുടങ്ങിയ ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.