കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: 31ന് ചോദ്യം ചെയ്യലിനു ഹാജരാകണം; എസി മൊയ്തീന് ഇഡി നോട്ടീസ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: 31ന് ചോദ്യം ചെയ്യലിനു ഹാജരാകണം; എസി മൊയ്തീന് ഇഡി നോട്ടീസ്

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും സിപിഎം എംഎല്‍എയുമായ എ.സി മൊയ്തീനു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. ഈ മാസം 31ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.

നേരത്തെ കേസുമായി ബന്ധപ്പെട്ട് മൊയ്തിന്റെ വീട്ടില്‍ ഉള്‍പ്പെടെ ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ 15 കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയെന്നും ഇഡി വ്യക്തമാക്കി. 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതായും ഇഡി അറിയിച്ചിരുന്നു.

മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീമും മൊയ്തീനുമായി പണമിടപാടുമായി ബന്ധപ്പെട്ട് ഫോണ്‍ സംഭാഷങ്ങള്‍ നടന്നതായും മൊയ്തീന്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചതായും ഇഡി പറയുന്നു. മൊയ്തീനെ കൂടാതെ അനില്‍ സുഭാഷ്, സതീഷ്, ഷിജു, റഹീം എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇവര്‍ മൊയ്തീന്റെ ബിനാമികളായിരുന്നുവെന്നാണ് ഇഡി സംശയിക്കുന്നത്.

ബാങ്കില്‍ നിന്ന് 150 കോടി രൂപ ബിനാമി ഇടപാടിലൂടെ തട്ടിയെടുത്തെന്ന കേസിലാണ് അന്വേഷണം. ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീന് നിരന്തര ബന്ധമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ക്രമക്കേടുകള്‍ നടത്താനായി കരുവന്നൂര്‍ സഹകരണ ബാങ്കില്‍ രണ്ട് രജിസ്റ്ററുകള്‍ ഉണ്ടായിരുന്നതായും കണ്ടെത്തി. ബിനാമികള്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് മൊയ്തീന്റെ സ്വാധീനത്തില്‍ 45 കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

കരുവന്നൂര്‍ ബാങ്കില്‍ നടപടി ക്രമം പാലിക്കാതെ വായ്പ നല്‍കിയത് 52 പേര്‍ക്കെന്നു കണ്ടെത്തല്‍. ഇവരില്‍ നിന്നു മാത്രം ബാങ്കിനു 215 കോടി നഷ്ടമായെന്നും കണ്ടെത്തിയിട്ടുണ്ട്. 52 പേരില്‍ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തത് അഞ്ച് പേരെ മാത്രമാണ്. ബിനാമി ഇടപാടുകള്‍ സംബന്ധിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നേരത്തെ തന്നെ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ പറയുന്ന ക്രമക്കേടുകള്‍ സംബന്ധിച്ച വിവരങ്ങളാണ് പുറത്തു വന്നത്. വായ്പകള്‍ നല്‍കിയതിലെ ക്രമക്കേടുകളാണ് 215 കോടിയെന്ന് സഹകരണ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിലാണ് 52 പേരുടെ വിവരങ്ങള്‍ ഉള്ളത്. ഇതില്‍ അഞ്ച് പേര്‍ മാത്രമാണ് പ്രതി ചേര്‍ക്കപ്പെട്ടത്. ബാങ്ക് ജീവനക്കാരായ സുനില്‍ കുമാര്‍, ബിജു കരീം, ബിജോയ്, ജില്‍സ്, അനില്‍ കുമാര്‍ എന്നിവരാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിലെ പ്രതികള്‍. ബാക്കിയുള്ളവരെ സംബന്ധിച്ചു അന്വേഷണങ്ങളൊന്നും നടന്നിട്ടില്ല.

എ.സി മൊയ്തീന്റെ വീട്ടില്‍ ഉള്‍പ്പെടെയാണ് കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയത്. അനില്‍ സുഭാഷ്, സതീഷ്, ഷിജു, റഹീം എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു. ഇവര്‍ മൊയ്തീന്റെ ബിനാമികളായിരുന്നുവെന്നാണ് ഇഡി വ്യക്തമാക്കിയത്. ഇവരുടെ പേരുകളും ഇപ്പോള്‍ പുറത്തു വന്ന പട്ടികയിലുണ്ട്.

ചുരുങ്ങിയത് ഒരു കോടി രൂപ ഇവര്‍ക്കെല്ലാം വായ്പയായി ലഭിച്ചിട്ടുണ്ട്. ഈ 52 വായ്പകള്‍ മുഴുവനായും ക്രമക്കേടുകളിലൂടെയാണ് നേടിയെടുത്തതെന്ന് സഹകരണ വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നിന്റേയും രേഖകള്‍ കൃത്യമായി നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പല വായ്പകളും കരുവന്നൂര്‍ ബാങ്കിന്റെ പരിധിക്കു പുറത്തുള്ളതാണ്. ഇതൊന്നും സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.