പെര്‍ത്ത്: ഗര്‍ഭഛിദ്രത്തിനിടെ ജീവനോടെ ജനിക്കുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും അബോര്‍ഷന്‍ നിയമ പരിഷ്‌കരണ ബില്ലിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവല്‍ക്കരിച്ചും ചര്‍ച്ച സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 28-ന് പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ സൗത്ത് പെര്‍ത്ത് കമ്മ്യൂണിറ്റി സെന്ററില്‍ വൈകുന്നേരം ഏഴ് മുതല്‍ ഒന്‍പതു വരെയാണു പരിപാടിയെന്നു ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കുന്ന നിക്ക് ഗൊയ്‌രാന്‍ എം.എല്‍.സി അറിയിച്ചു.
ഗര്‍ഭഛിദ്രം എളുപ്പത്തില്‍ സാധ്യമാകാന്‍ സഹായിക്കുന്ന അബോര്‍ഷന്‍ നിയമ പരിഷ്‌കരണ ബില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. ബില്ലിന്മേലുള്ള ചര്‍ച്ച ഉപരിസഭയില്‍ ഈ ആഴ്ച ആരംഭിക്കാനിരിക്കെയാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ ഗര്‍ഭഛിദ്ര നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് 25 വര്‍ഷമായി പ്രോ-ലൈഫ് സമൂഹങ്ങള്‍ ശബ്ദം ഉയര്‍ത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ വര്‍ഷവും മെയ് മാസത്തില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനു മുന്നില്‍ സമാധാനപരമായ റാലികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഗര്‍ഭസ്ഥ ശിശുക്കളെ അബോര്‍ഷനില്‍ നിന്ന് സംരക്ഷിക്കണമെന്നാണ് പ്രോ-ലൈഫ് പ്രവര്‍ത്തകര്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. അതുപോലെ ഗര്‍ഭഛിദ്രത്തിനിടെ ജീവനോടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ വൈദ്യപരിചരണം നല്‍കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
പരിപാടിയില്‍ കേറ്റ് ഡൗസ്റ്റ് എംഎല്‍സി, അഡ്ലെയ്ഡ് സര്‍വകലാശാലയിലെ നിയമ പ്രൊഫസറായ ഡോ. ജോവാന ഹോവ് എന്നിവര്‍ സംസാരിക്കും. അബോര്‍ഷന്‍ നിയമ പരിഷ്‌കരണ ബില്ലില്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് അനുകൂലമായി താന്‍ മുന്നോട്ടുവച്ച ഭേദഗതികളെക്കുറിച്ച് നിയമസഭാംഗമായ കേറ്റ് ഡൗസ്റ്റ് സംസാരിക്കും. ഡോ. ജോവാന ഹോവ്, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ നടപ്പാക്കാനൊരുങ്ങുന്ന ബില്ലിലെ പ്രശ്നങ്ങളെക്കുറിച്ചും 2021-ല്‍ സൗത്ത് ഓസ്ട്രേലിയയിലെ ഗര്‍ഭഛിദ്ര നിയമങ്ങളില്‍ വിജയകരമായി ഉള്‍പ്പെടുത്തിയ ഭേദഗതികളെക്കുറിച്ചും വിശദീകരിക്കും.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പരിമിതമായ സീറ്റുകള്‍ മാത്രമാണുള്ളത്. ടിക്കറ്റ് ബുക്ക് ചെയ്ത് സീറ്റ് ഉറപ്പാക്കാമെന്ന് സംഘാടകരായ കോഅലീഷന്‍ ഫോര്‍ ദ ഡിഫന്‍സ് ഓഫ് ഹ്യൂമന്‍ ലൈഫ് അറിയിച്ചു.
ടിക്കറ്റുകള്‍ ലഭിക്കാന്‍ ചുവടെയുള്ള ലിങ്ക് സന്ദര്‍ശിക്കുക:
https://cdhl.org.au/event/townhall-discussion-to-protect-babies-born-alive/
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.