പണത്തിന് അത്യാവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ ഈട് നല്‍കി വായ്പയെടുക്കാറുണ്ട്. പണം വാങ്ങി തിരിച്ചടവ് മുടങ്ങിയാല്‍ വലിയൊരു കടക്കെണിയാണ് ഉപഭേയാക്താവിനെ കാത്തിരിക്കുന്നത്. തിരിച്ചടവ് മുടങ്ങിയാല്‍ ഇത് ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. കൂടാതെ ജപ്തി നടപടികളിലേക്ക് വരെ എത്തിച്ചേക്കാം. ഇതിന് പ്രധാനമായും സര്‍ഫാസി നിയമമാണ് ബാങ്കുകള്‍ പിന്തുടരുന്നത്.
സര്‍ഫാസി നിയമം
ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വായ്പ റിക്കവറിയ്ക്ക് സഹായിക്കുന്നതിനായി 2002-ലാണ് സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീ കണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ്സ് എന്‍ഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട് അഥവാ സര്‍ഫാസി ആക്ട് നിലവില്‍ വരുന്നത്. സര്‍ഫാസി നിയമം അനുസരിച്ച് വായ്പയെടുക്കുന്നവര്‍ തുക തിരിച്ചടയ്ക്കാതിരിക്കുമ്പോള്‍ കോടതി ഇടപെടല്‍ കൂടാതെ തന്നെ ജാമ്യമായി അനുവദിച്ച ആസ്തി ബാങ്കിന് ഏറ്റെടുക്കാവുന്നതാണ്. സ്വത്ത് ബാങ്ക് സ്വന്തമാക്കുന്നതോടെ വില്‍ക്കുന്നതിനും പാട്ടത്തിന് നല്‍കുന്നതിനും അധികാരം സ്ഥാപനത്തിനായിരിക്കും. വസ്തു വില്‍പ്പന നടത്തി ബാങ്ക് കുടിശിക ഈടാക്കിയതിന് ശേഷം ബാക്കി പണം ഉണ്ടെങ്കില്‍ വായ്പയെടുത്ത വ്യക്തിക്ക് നല്‍കണം.
നടപടിക്രമം
സര്‍ഫാസി നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് എത്രമാസമുള്ള അടവുകള്‍ മുടങ്ങുന്നു എന്നതാണ് പ്രധാനം. വായ്പ തുക തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തുമ്പോഴാണ് ലേല നടപടികള്‍ ആരംഭിക്കുന്നത് ഇതില്‍ 30 ദിവസത്തില്‍ അധികമായി തിരിച്ചടവ് മുടങ്ങുമ്പോള്‍ ഇത്തരം വായ്പകള്‍ സ്പെഷ്യല്‍ മെന്‍ഷന്‍ അക്കൗണ്ട് 1 എന്ന വിഭാഗത്തിലേക്ക് മാറ്റും. 60 ദിവസത്തില്‍ അധികം തിരിച്ചടവ് നടക്കാത്ത സാഹചര്യത്തില്‍ വായ്പകളെ സ്പെഷ്യല്‍ മെന്‍ഷന്‍ അക്കൗണ്ട് 2 എന്ന വിഭാഗച്ചിലേക്ക് മാറ്റും. ഇനി 90 ദിവസത്തേക്ക് അടയ്ക്കാതെ വരുമ്പോഴാണ് വായ്പ അക്കൗണ്ട് നിഷ്‌ക്രിയ ആസ്തിയായി പരിഗണിക്കുന്നത്.
തുടര്‍ നടപടി
നിഷ്‌ക്രിയ ആസ്തിയായി തരം തിരിക്കുന്നതോടെ ബാങ്കുകളെ ബ്രാഞ്ച് മാനേജര്‍ മുഖേനയോ റിലേഷന്‍ഷിപ്പ് മാനേജറിലൂടെയോ വായ്പയെടുത്ത ആളെ അറിയിക്കും. തൃപ്തികരമായ മറുപടി ലഭിക്കാത്ത പക്ഷം വക്കീല്‍ മുഖാന്തരം നിയമപരമായി നോട്ടീസ് നല്‍കും. രണ്ട് മുതല്‍ നാല് ആഴ്ചയ്ക്ക് ശേഷമാകും ലീഗല്‍ നോട്ടീസ് ലഭിക്കുക.
ജപ്തി
നോട്ടീസ് ലഭിച്ചതിന് ശേഷവും പ്രതികരിക്കാത്ത പക്ഷം പണയപ്പെടുത്തിയ വസ്തു കൈവശപ്പെടുത്തി വായ്പ കുടിശിക തിരിച്ചു പിടിക്കുന്ന നടപടിയിലേക്ക് ബാങ്ക് കടക്കും. സര്‍ഫാസി നിയമത്തിലെ സെക്ഷന്‍ 13(2) പ്രകാരമുള്ള നോട്ടീസ് നല്‍കിയാണ് വസ്തു ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുക. വസ്തുവിന്റെ കൈവശാവകാശം ബാങ്കിന് ലഭിക്കുന്ന നോട്ടീസാണിത്. സെക്ഷന്‍ 13(4) പ്രകാരമാണ് ഭൗതികമായി കൈവശാവകാശം ലഭിക്കുക. ഇത് കോടതിയുടെ ഇടപെടലിന് ശേഷം മാത്രമാണ് നടക്കുക.
വസ്തുവിന്റെ ഉടമസ്ഥാവകാശം ലഭിക്കുന്നതോടെ ബാങ്ക് ഉടമസ്ഥാവകാശം സൂചിപ്പിക്കുന്ന നോട്ടീസ് വസ്തുവില്‍ പതിക്കും. ഇതിന് പുറമേ നിശ്ചിത തീയതിയില്‍ വസ്തുവിന്റെ ലേലം പ്രഖ്യാപിക്കുന്ന പൊതു അറിയിപ്പ് രണ്ട് പ്രമുഖ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കും. എന്തെങ്കിലും തരത്തിലുള്ള എതിര്‍പ്പ് ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ 14 ദിവസത്തിനുള്ളില്‍ ഇക്കാര്യം ബാങ്കിനെ അറിയിക്കാവുന്നതാണ്.
വായ്പയെടുത്ത വ്യക്തിയുടെ അവകാശങ്ങള്‍
തിരിച്ചടവ് മുടങ്ങിയെങ്കിലും വായ്പയെടുത്ത വ്യക്തിക്കും ചില അവകാശങ്ങളുണ്ട്. ലേല നടപടികള്‍ നിയമപരമായി അല്ല നടക്കുന്നത് എന്ന് ബോധ്യപ്പെടുകയാണെങ്കില്‍ ഇതിനെതിരെ നിയമപരമായി നീങ്ങാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.