ന്യൂഡല്‍ഹി:  ഇറക്കുമതി തീരുവ കൂട്ടുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ക്കിടയിലും പലിശയില്‍ മാറ്റം വരുത്താതെ ആര്‍ബിഐ.  ഇതോടെ റിപ്പോ നിരക്ക് 5.5 ശതമാനത്തില്‍ തന്നെ തുടരും.  ഫെബ്രുവരി മുതല്‍ മൂന്ന് തവണയായി 100 ബേസിസ് പോയിന്റ് കുറച്ചതിന് ശേഷമാണ് ഈ നീക്കം.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷം റിപ്പോ നിരക്ക് 5.5 ശതമാനത്തില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതായി ആര്‍ബിഐ അറിയിച്ചു
ഓഗസ്റ്റ് ഏഴ് മുതല്‍ ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനത്തെ തുടര്‍ന്ന് വിദേശ വ്യാപാരത്തെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നതിന്റെ  പശ്ചാത്തലത്തിലാണ് ആര്‍ബിഐ എംപിസി യോഗം ചേര്‍ന്നത്. 
ട്രംപിന്റെ പുതിയ താരിഫ് നടപടികള്‍ മൂലമുണ്ടായ അനിശ്ചിതത്വം ഉണ്ടായിരുന്നിട്ടും എംപിസി 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ജിഡിപി വളര്‍ച്ചാ പ്രവചനം 6.5 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തി.
ആദ്യ പാദത്തില്‍ 6.5 ശതമാനം, രണ്ടാം പാദത്തില്‍ 6.7 ശതമാനം, മൂന്നാം പാദത്തില്‍ 6.6 ശതമാനം, നാലാം പാദത്തില്‍ 6.3 ശതമാനം എന്നിങ്ങനെയാണ് ത്രൈമാസ വളര്‍ച്ച പ്രതീക്ഷിക്കുന്നത്. 2026-27 ലെ ഒന്നാം പാദത്തില്‍ വളര്‍ച്ച 6.6 ശതമാനം ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. 
ഭക്ഷ്യ വസ്തുക്കളുടെ വിലകള്‍, പ്രത്യേകിച്ച് പച്ചക്കറി വിലകള്‍ അസ്ഥിരമായി തുടരുന്നതിനാല്‍ 2026 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ പണപ്പെരുപ്പം ഉയര്‍ന്നേക്കാമെന്ന് എംപിസി കമ്മിറ്റി ചൂണ്ടിക്കാട്ടി.  2026 സാമ്പത്തിക വര്‍ഷത്തില്‍, പണപ്പെരുപ്പം 3.1 ശതമാനം ആയിരിക്കുമെന്ന് ആര്‍ബിഐ പ്രവചിച്ചിട്ടുണ്ട്. ഇത് ജൂണില്‍ നടത്തിയ 3.70 ശതമാനം എന്ന പ്രവചനത്തേക്കാള്‍ കുറവാണ്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.