ബംഗളൂരു: ചാന്ദ്ര ദൗത്യത്തിന്റെ വിജയത്തിനു ശേഷം സൂര്യന്റെ രഹസ്യങ്ങളിലേക്ക് കടന്നുകയറാന്‍ ഒരുങ്ങി ഇന്ത്യ. ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപണത്തിന് തയ്യാര്‍.
രാജ്യത്തിന്റെ അഭിമാനമായ പി.എസ്.എല്‍.വി റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. ആദിത്യ എല്‍ 1 ഘടിപ്പിച്ച പി.എസ്.എല്‍.വി സി 57 റോക്കറ്റിന്റെ ചിത്രം ഐ.എസ്.ആര്‍.ഒ എക്സിലൂടെ പങ്കുവെച്ചു.
സെപ്റ്റംബര്‍ രണ്ടിന് ഉച്ചയ്ക്ക് 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് പേടകവുമായി റോക്കറ്റ് കുതിച്ചുയരും. ചന്ദ്രയാന്‍-3 വിജയകരമായി തുടരുന്നതിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യനെ പഠിക്കാനുള്ള ഐ.എസ്.ആര്‍.ഒ.യുടെ ദൗത്യം. ഏകദേശം 368 കോടിയോളമാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
സൂര്യന്റെ പുറം ഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച പേലോഡുകളാണ് സൂര്യ പഠനത്തിനായി ഉപയോഗിക്കുന്നത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍ 1 പോയന്റിന് (ലഗ്രാഞ്ച് പോയന്റ് 1) ചുറ്റുമുള്ള ഭ്രമണപഥത്തിലാണ് പേടകമെത്തിക്കുന്നത്.
മൂന്ന് മുതല്‍ നാല് മാസം വരെ സമയമെടുത്താകും പേടകം എല്‍ 1 പോയന്റില്‍ എത്തുക. ഇവിടെ നിന്ന് ഉപഗ്രഹത്തിന് സൂര്യനെ തടസമില്ലാതെ തുടര്‍ച്ചയായി വീക്ഷിക്കാനാകും. ഭൂമിയില്‍ നിന്ന് സൂര്യന്‍ ഏകദേശം 15 കോടി കിലോമീറ്റര്‍ അകലെയാണ്. ഇതില്‍ 15 ലക്ഷം കിലോമീറ്റര്‍ മാത്രമായിരിക്കും ആദിത്യ സഞ്ചരിക്കുന്നത്.
പേടകത്തിലെ ഏഴ് പേലോഡുകളില്‍ നാലെണ്ണം സൂര്യനെ നേരിട്ടും മൂന്നെണ്ണം എല്‍ 1 പോയിന്റിലെ ഘടകങ്ങളെക്കുറിച്ചും പഠിക്കും. ഭൂമിയുടെ അടുത്ത ഭ്രമണപഥത്തിലെത്തിക്കുന്ന പേടകത്തെ ലോ എനര്‍ജി പ്രൊപ്പല്‍ഷന്‍ ട്രാന്‍സ്ഫര്‍ വഴിയാണ് ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്. അഞ്ച് വര്‍ഷവും രണ്ട് മാസവുമാണ് ദൗത്യത്തിന്റെ കാലാവധി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.