അമ്മ മക്കളെ വളര്‍ത്തുന്നത് ശരിയല്ലെന്നു പറഞ്ഞ് കുട്ടികളെ ഓസ്ട്രേലിയന്‍ അധികൃതര്‍ ഏറ്റെടുത്തു; ഇന്ത്യന്‍ യുവതി നാട്ടിലെത്തി ആത്മഹത്യ ചെയ്തു

അമ്മ മക്കളെ വളര്‍ത്തുന്നത് ശരിയല്ലെന്നു പറഞ്ഞ് കുട്ടികളെ ഓസ്ട്രേലിയന്‍ അധികൃതര്‍ ഏറ്റെടുത്തു; ഇന്ത്യന്‍ യുവതി നാട്ടിലെത്തി ആത്മഹത്യ ചെയ്തു

ധര്‍വാദ് (കര്‍ണാടക): നന്നായി പരിപാലിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി മക്കളെ ഓസ്ട്രേലിയന്‍ അധികൃതര്‍ കൊണ്ടുപോയതിനെതുടര്‍ന്ന് ഇന്ത്യന്‍ യുവതി ജീവനൊടുക്കി. കുട്ടികളെ മോചിപ്പിക്കാനും ഇന്ത്യയിലേക്ക് കൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് ഓസ്ട്രേലിയയില്‍ ഐടി എഞ്ചിനീയറായ യുവതി നാട്ടിലെത്തി നദിയില്‍ ചാടി മരിച്ചത്. കഴിഞ്ഞയാഴ്ച നാട്ടിലെത്തിയ ഇവര്‍ തന്റെ സമ്പാദ്യങ്ങള്‍ പിതാവിന് അയച്ചു കൊടുത്ത ശേഷമാണ് ആത്മഹത്യ ചെയ്തതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ജന്മനാടായ കര്‍ണാടകയിലെ ബെലഗാവിയിലാണ് 45 കാരിയായ പ്രിയദര്‍ശിനി പാട്ടീല്‍ ആത്മഹത്യ ചെയ്തത്. ഓസ്ട്രേലിയയില്‍ ഐടി ജീവനക്കാരായ പ്രിയദര്‍ശിനിയും ഭര്‍ത്താവ് ലിംഗരാജ് പാട്ടീലും മക്കളായ അമര്‍ത്യ (17), അപരാജിത (13) എന്നിവരുടെ സംരക്ഷണത്തിനായി നിയമ പോരാട്ടത്തിലായിരുന്നു.

ധര്‍വാദിലെ കല്യാണ്‍നഗറിലുള്ള ലിംഗരാജ് പാട്ടീലിനെയാണ് പ്രിയദര്‍ശിനി പാട്ടീല്‍ വിവാഹം കഴിച്ചത്. ഇവര്‍ ഓസ്ട്രേലിയയിലെ സിഡ്നിയില്‍ താമസിച്ചുവരികയായിരുന്നു. മക്കളായ അമര്‍ത്യയും അപരാജിതയും ഓസ്ട്രേലിയയില്‍ ജനിച്ച് അവിടുത്തെ പൗരത്വമുള്ളവരാണ്.

അമര്‍ത്യയ്ക്ക് ചില ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതാണ് പ്രശ്നങ്ങളുടെ തുടക്കം. തുടര്‍ന്ന് പ്രിയദര്‍ശിനി മകനെ ഓസ്ട്രേലിയയില്‍ ഡോക്ടര്‍മാരെ കാണിച്ചു. ചികിത്സ ഫലപ്രദമാകാതെ വന്നതിനെ തുടര്‍ന്ന് ഇവര്‍ ഡോക്ടര്‍ക്കെതിരേ ഓസ്ട്രേലിയയില്‍ പരാതി നല്‍കി. എന്നാല്‍ പ്രിയദര്‍ശിനി മക്കളെ വളര്‍ത്തുന്നത് ശരിയായ രീതിയില്‍ അല്ലെന്ന കുറ്റം ചുമത്തി ഓസ്ട്രേലിയന്‍ അധികൃതര്‍ രണ്ടു കുട്ടികളെയും ഏറ്റെടുത്തു. മക്കളെ കിട്ടാതെ വന്നതിനെ തുടര്‍ന്ന് ഇവര്‍ നടത്തിയ നിയമനടപടികളും ഫലം കണ്ടില്ല. മക്കളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ പ്രിയദര്‍ശിനി നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല. ഓസ്ട്രേലിയന്‍ അധികൃതര്‍ കുട്ടികളെ രാജ്യത്തിന് പുറത്തേക്ക് വിടാന്‍ അനുവദിച്ചില്ല.

മനോവിഷമത്തിലായ പ്രിയദര്‍ശിനി ഓഗസ്റ്റ് 18 ന് ബംഗളുരുവിലേക്ക് തനിച്ച് പറന്നു. അവിടുന്ന് ധര്‍വാദിലേക്കു പോകാന്‍ ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ മാതാപിതാക്കളുടെ അടുത്തേക്കു പോകാതെ മറ്റൊരു ബസില്‍ ഹുബ്ബാലിയില്‍ ഇറങ്ങിയ അവര്‍ കൊറിയര്‍ ഓഫീസില്‍ എത്തി കയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണ്ണാഭരണങ്ങളും പിതാവിന്റെ അഡ്രസിലേക്ക് അയച്ചു. അവിടുന്ന് മലപ്രഭാ നദീതീരത്തേക്ക് പോകുകയും നദിയിലേക്ക് ചാടുകയുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബാഗില്‍ പിതാവിന് എഴുതിയ ഒരു കത്തും വെച്ചിരുന്നു. മകള്‍ എത്തേണ്ട സമയമായിട്ടും ഇവര്‍ വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ വിവരം അറിയിച്ചു.

തെരച്ചിലില്‍ രേണുകാസാഗറിന് സമീപത്ത് നിന്നും വൈകിട്ട് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. മക്കളുടെ പാസ്പോര്‍ട്ടും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നു. ഓസ്ട്രേലിയയില്‍ നിന്നും ഇവരുടെ ഭര്‍ത്താവ് ലിംഗരാജ് നാട്ടിലെത്തി അന്ത്യകര്‍മ്മങ്ങള്‍ നടത്തി. മക്കളുമായി ഇന്ത്യയിലേക്ക് മടങ്ങാന്‍ ദമ്പതികള്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നു. ഇവര്‍ക്ക് പല കമ്പനികളില്‍ നിന്നും ജോബ് ഓഫറുകളും ഉണ്ടായിരുന്നു.

നേരത്തെയും വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ ദമ്പതികളില്‍ നിന്ന് കുട്ടികളുടെ സംരക്ഷണം അധികൃതര്‍ ഏറ്റെടുത്ത സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജര്‍മനിയിലും നോര്‍വേയിലും സമാനമായ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.