അബുദാബി വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ നവംബറിൽ

അബുദാബി വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ നവംബറിൽ

ദുബൈ: അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ മിഡ്ഫീൽഡ് ടെർമിനൽ നവംബറിൽ തുറക്കും. അബുദാബി എയർപോർട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവള ടെർമിനലുകളിൽ ഒന്നാണ് യാത്രക്കാരെ വരവേൽക്കാൻ തയ്യാറെടുക്കുന്നത്.

മിഡ്ഫീൽഡ് ടെർമിനലിന്റെ അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഈ വർഷം നവംബറിൽ ഇവിടെ നിന്ന് വിമാനങ്ങൾ സർവീസ് ആരംഭിക്കും. വിമാനങ്ങളുടെ പരിശീലന പറക്കൽ ഇതിനകം പൂർത്തിയാക്കി. വിവിധ തലത്തിലുളള സുരക്ഷാ പരിശോധനയും പൂർത്തിയായി കഴിഞ്ഞു. മണിക്കൂറിൽ പതിനൊന്നായിരം യാത്രക്കാരെ ഉൾക്കൊളളാൻ ശേഷിയുളളതാണ് പുതിയ ടെർമിനൽ. പ്രതിവർഷം നാൽപ്പത്തിയഞ്ച് ദശലക്ഷം ആളുകൾ ഇത് വഴി യാത്ര ചെയ്യും.

കൂടുതൽ യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനും വേഗത്തിൽ ചരക്ക് നീക്കം സാധ്യമാക്കുന്നതിനും ആവശ്യമായ ആധുനിക ക്രമീകരണങ്ങളും പുതിയ ടെർമിനലിൽ ഉണ്ട്. എമിഗ്രേഷൻ നടപടികൾക്കായി ഇന്റർകണക്റ്റഡ് ബയോമെട്രിക് സംവിധാനം, സെൽഫ് സർവീസ് കിയോസ്‌കുകൾ ആധുനിക രീതിയിലുളള സെക്യൂരിറ്റി ചെക്ക് ഇൻ പോയിന്റുകൾ എന്നിവയും മിഡ്ഫീൽഡ് ടെർമിനലിന്റെ പ്രത്യേകതയാണ്. 2012-ൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ 2017-ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടെങ്കിലും പല കാരണങ്ങൾ കൊണ്ട് നീണ്ടുപോയി.

1080 കോടി ദിർഹം മുതൽമുടക്കിലാണ് പുതിയ ടെർമിനൽ സജ്ജമാക്കുന്നത്. മിഡ്ഫീൽഡ് ടെർമിനൽ തുറക്കുന്നതോടെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ഭൂരിഭാഗം സർവീസുകളും ഇവിടെ നിന്നായിരിക്കും ഓപ്പറേറ്റ് ചെയ്യുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.