ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ 1 ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് 11.50 ന് കുതിച്ചുയര്‍ന്നു. പിഎസ്എല്‍വി സി 57 ആണ് വിക്ഷേപണ വാഹനം.
ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റാണ് പേടകത്തിന്റെ ലക്ഷ്യ സ്ഥാനം. ഒന്നാം ലഗ്രാഞ്ചിന് ചുറ്റമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ഐഎസ്ആര്‍ഒയുടെ മുഖ്യ ദൗത്യം.
നാല് മാസമാണ് ഇവിടെ എത്താനെടുക്കുക. ഇന്ധനം ലാഭിക്കുന്നതിനും ദീര്‍ഘനേരം ഭ്രമണപഥത്തില്‍ തുടരുന്നതിനും ആദിത്യ എല്‍ 1 ന് ഇവിടെ നിന്നുകൊണ്ട് സാധിക്കും.
ഏഴ് പേ ലോഡുകളാണ് ആദിത്യ എല്‍ 1 ല്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സോളാര്‍ അള്‍ട്രാവൈലറ്റ് ഇമേജിങ് ടെലെസ്‌കോപ്, സോളാര്‍ ലോ എനര്‍ജി എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍, പാപ്പ, ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിങ് എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍, ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്പീരിമെന്റ്, പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ, മാ?ഗ്‌നെറ്റോമീറ്റര്‍ എന്നിവയാണ് ആദിത്യയിലെ പേലോഡുകള്‍.
ഇതില്‍ നാല് പേലോഡുകളെ സൂര്യന്റെ വ്യക്തമായ നിരീക്ഷണങ്ങള്‍ പകര്‍ത്താന്‍ പ്രാപ്തമാക്കും. മൂന്ന് പേലോഡുകള്‍ ലഗ്രാഞ്ച് പോയിന്റിലെ കണങ്ങളെയും ഫീല്‍ഡുകളെയും കുറിച്ച് ഇന്‍-സിറ്റുവിലുള്ള പഠനങ്ങള്‍ നടത്തും.
അഞ്ച് വര്‍ഷത്തിലേറെക്കാലം ആദ്യത്യ എല്‍ 1 പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ബഹിരാകാശത്ത് സൂര്യന്‍ ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള പുതിയ കാര്യങ്ങള്‍ നമ്മെ പഠിപ്പിക്കും.
ഒരു റഫ്രിജറേറ്ററിന്റെയത്ര ചെറുതാണെങ്കിലും ആദിത്യ എല്‍ 1 വളരെയേറെ ഭാരമേറിയതാണ്. ഏകദേശം 1,500 കിലോഗ്രാമാണ് ഇതിന്റെ ഭാരം. പ്രത്യേക സോളാര്‍ പാനലുകളുടെയും ബാറ്ററികളുടെയും സഹായത്തോടെയാണ് പേടകം പ്രവര്‍ത്തിക്കുന്നത്. സൂര്യന്റെ വളരെ വിശദമായ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന നൂതന ക്യാമറയും ഇതിലുണ്ട്.
ഈ ദൗത്യം ശാസ്ത്രത്തില്‍ ഇന്ത്യയുടെ മികവും ബഹിരാകാശ ഗവേഷണ മേഖലയില്‍ പുതിയ നാഴികകല്ലുമായി മാറുമെന്നാണ് ശാസ്ത്ര ലോകം വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ വളരെയേറെ പ്രാധാന്യത്തോടെയാണ് ലോകം ഇന്ത്യയുടെ സൗര ദൗത്യത്തെ നോക്കികാണുന്നത്
ഇന്ത്യയുടെ ആദ്യ സോളാര്‍ ഗവേഷണ ദൗത്യത്തിന് ഏകദേശം 1,000 കോടിയോളം രൂപയാണ് ചിലവ് കണക്കാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.