ന്യൂഡല്‍ഹി: രാജ്യത്തിന്റെ പേര് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാന്‍ കേന്ദ്രം പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രമേയം കൊണ്ട് വന്നേക്കുമെന്നാണ് വിവരം. ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണകത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയതിലും വിവാദം കനക്കുകയാണ്.
ഇന്ത്യ എന്ന പേര് മാറ്റുന്നത് ഭരണഘടന മൂല്യങ്ങള്‍ക്ക് എതിരായ നീക്കമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാജ്യത്തെ വിശേഷിപ്പിക്കുന്നത്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതാണ് ലോക രാജ്യങ്ങള്‍ക്കിടയില്‍ അംഗീകരിച്ച പേരും. എന്നാല്‍ ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതിന് പകരം റിപ്പബ്ലിക് ഓഫ് ഭാരത് എന്ന് പാസ്‌പോര്‍ട്ടിലുള്‍പ്പടെ ഉപയോഗിക്കാനുള്ള പ്രമേയം പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്നേക്കും. ഇതിന് മുന്നോടിയായി രാഷ്ട്രപതി ഭവനില്‍ നിന്നുള്ള ക്ഷണകത്തുകള്‍ മാറ്റിയെഴുതി. ജി 20 ഉച്ചകോടിയുടെ വിരുന്നിന് ഉള്‍പ്പെടെ രാഷ്ട്രപതി ഭവന്‍ നല്‍കിയ ക്ഷണകത്തില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്.
സാധാരണ ഹിന്ദിയില്‍ മാത്രമാണ് ഭാരത് എന്ന് ഉപയോഗിക്കാറുള്ളത്. ഇംഗ്ലീഷിനൊപ്പവും ഭാരത് കൂട്ടിചേര്‍ക്കുന്നതോടെ ഔദ്യോഗിക രേഖകളില്‍ നിന്ന് ഇന്ത്യ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതേസമയം പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതുള്‍പ്പടെയുള്ള പദവികള്‍ മാറ്റിയെഴുതുന്നത് ഉചിതമല്ല എന്നാണ് ഭരണഘടന വിദഗ്ധരുടെ നിലപാട്. ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്ന ഭരണഘടനയിലെ വാചകം ഭാരത് ദാറ്റ് ഈസ് ഇന്ത്യ എന്നാക്കാനാണ് ബിജെപി നീക്കമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആഞ്ഞടിച്ചു.
ഇന്ത്യ സഖ്യത്തെ പിന്തിരിപ്പിക്കാന്‍ ഇതിലൂടെ കഴിയില്ലെന്നും ജയറാം രമേശ് പറഞ്ഞു. കോണ്‍ഗ്രസിന് ഭാരത മാതാവിനോടല്ല ഒരു കുടുംബത്തോട് കൂറെന്ന് ഇതിലൂടെ വ്യക്തമാകുന്നു എന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ കുറ്റപ്പെടുത്തി. റിപ്പബ്ലിക് ഓഫ് ഭാരതിലൂടെ രാജ്യം അമൃതകാലത്തിലേക്ക് കടക്കുന്നു എന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ കുറിച്ചത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിന് പിന്നാലെ മറ്റൊരു വിവാദ വിഷയം കൂടി കൊണ്ട് വന്ന് തിരഞ്ഞെടുപ്പിന് മുമ്പുള്ള അജണ്ട മാറ്റി നിശ്ചയിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.