പുതുപ്പള്ളിയില്‍ കനത്ത പോളിങ്: ഇതുവരെ രേഖപ്പെടുത്തിയത് 73.04 ശതമാനം; പലരും വോട്ട് ചെയ്യാനാകാതെ തിരിച്ചുപോയെന്ന് ചാണ്ടി ഉമ്മന്‍

പുതുപ്പള്ളിയില്‍ കനത്ത പോളിങ്: ഇതുവരെ രേഖപ്പെടുത്തിയത് 73.04 ശതമാനം; പലരും വോട്ട് ചെയ്യാനാകാതെ തിരിച്ചുപോയെന്ന് ചാണ്ടി ഉമ്മന്‍

കോട്ടയം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പോളിങ് അവസാനിച്ചു. ഇതുവരെ 73.04 ശതമാനം പോളിങാണ് പുതുപ്പള്ളിയില്‍ രേഖപ്പെടുത്തിയത്. ചിലയിടങ്ങളില്‍ പോളിങ് വൈകിയിരുന്നു. ഇതിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പരാതിയുമായി രംഗത്തെത്തി.

പോളിങ് സമയം കൂട്ടണമെന്നും അന്വേഷണം വേണമെന്നും വോട്ടിങ് യന്ത്രത്തിന് ചിലയിടങ്ങളില്‍ വേഗത കുറഞ്ഞതിനാല്‍ പലരും വോട്ട് ചെയ്യാനാകാതെ തിരിച്ചുപോയെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. മൂന്ന് മണിക്കൂര്‍ വരെ വോട്ട് ചെയ്യാന്‍ വരിയായി കാത്തിരുന്നവര്‍ ഉണ്ടെന്നും ഒരാള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അഞ്ച് മിനിട്ടിലേറെ സമയം എടുത്തെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിങ് യന്ത്രങ്ങള്‍ സ്‌ളോയാണെന്ന് അധികൃതര്‍ മറുപടി നല്‍കിയതായും എന്തുകൊണ്ടാണിതെന്ന് ചോദിച്ചാല്‍ മറുപടിയില്ലെന്നും അദ്ദേഹം ആരോപിച്ചു. 31 ബൂത്തുകളില്‍ പ്രശ്നമുണ്ടെന്ന് മനസിലാക്കുന്നതായി ചാണ്ടി ഉമ്മന്‍ പറഞ്ഞു. റിട്ടേണിങ് ഓഫീസറോട് ഇക്കാര്യം രാവിലെ മുതല്‍ പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചില ബൂത്തുകളില്‍ പോളിങ് വൈകിയത് സംശയാസ്പദമാണെന്ന് പറഞ്ഞ ചാണ്ടി ഉമ്മന്‍ കളക്ടറോടും ഇക്കാര്യത്തില്‍ പരാതിപ്പെട്ടു.

പോളിങ് സമയത്തിന് ശേഷവും തുടര്‍ന്നവര്‍ക്ക് ടോക്കണ്‍ നല്‍കി പോളിങ് സ്റ്റേഷനുകളുടെ ഗേറ്റകള്‍ അടയ്ക്കുകയായിരുന്നു. ചിലയിടങ്ങളില്‍ മഴ പെയ്‌തെങ്കിലും പോളിങിനെ കാര്യമായി ബാധിച്ചില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ 74. 84 ശതമാനം എന്ന പോളിങ് ഇത്തവണ പുതുപ്പള്ളി മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍.
അതേസമയം ഉപതിരഞ്ഞെടുപ്പില്‍ ഉറച്ച വിജയ പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥികള്‍. പുതിയ പുതുപ്പള്ളിയുടെ ചരിത്ര ദിനമാണെന്ന് ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് പ്രതികരിച്ചു. ഇടതു പ്രചാരണം ഏശിയില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും പ്രതികരിച്ചു. ചര്‍ച്ചയായത് വികസനമെന്നായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാലിന്റെ പ്രതികരണം. ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ സ്‌കൂള്‍ ബൂത്തിലും ജെയ്ക്ക് സി തോമസ് മണര്‍കാട് എല്‍പി സ്‌കൂള്‍ ബൂത്തിലുമാണ് വോട്ട് ചെയ്തത്.

പുതുപ്പളളിയില്‍ വോട്ടെടുപ്പ് ദിനവും ഉമ്മന്‍ചാണ്ടിയുടെ ചികിത്സ ആയുധമാക്കിയിരുന്നു സിപിഎം. ചികിത്സയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശം മുന്‍നിര്‍ത്തി ഇടത് സ്ഥാനാര്‍ഥി ജെയ്ക്ക് സി. തോമസ് ആരോപണം കടുപ്പിച്ചപ്പോള്‍ ഇടതു മുന്നണിക്ക് വിഷയ ദാരിദ്യമെന്ന് യുഡിഎഫും തിരിച്ചടിച്ചിരുന്നു. ജെയ്ക്ക് സി. തോമസ് കുടുംബത്തെ വേട്ടയാടുന്നുവെന്ന് പറഞ്ഞാണ് ചാണ്ടി ഉമ്മന്‍ തിരിച്ചടിച്ചത്.

എട്ടിനാണ് വോട്ടെണ്ണല്‍. ഏഴ് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിരുന്നു. ഏറ്റവും കൂടുതല്‍ ബൂത്തുകളുള്ളത് അയര്‍ക്കുന്നത്തും വാകത്താനത്തുമായിരുന്നു. അയര്‍ക്കുന്നം വാകത്താനം പഞ്ചായത്തുകളില്‍ 28 പോളിങ് ബൂത്തുകള്‍ വീതമാണ് ഉണ്ടായിരുന്നത്. ഏറ്റവും കുറവ് പോളിങ് ബൂത്തുകളുള്ളത് മീനടം പഞ്ചായത്തിലായിരുന്നു. 13 എണ്ണം. പോളിങ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ മൊബൈലിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

കേന്ദ്ര സായുധസേന ഉള്‍പ്പെടെ 675 പൊലീസുകാര്‍ തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതലയിലുണ്ട്. സുരക്ഷ മേല്‍നോട്ട ചുമതല ജില്ല പൊലീസ് മേധാവിക്കും അഞ്ച് ഡിവൈഎസ്പിമാര്‍ക്കുമാണ്. കൂടാതെ 64 അംഗ കേന്ദ്ര സായുധ പൊലീസ് സേനയെയും മണ്ഡലത്തില്‍ വിന്യസിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.