മൊറോക്കൊയിലെ വൻ ദുരന്തം: മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചുകൊണ്ട് അതീവ ദുഖം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപ്പാപ്പ

മൊറോക്കൊയിലെ വൻ ദുരന്തം: മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചുകൊണ്ട് അതീവ ദുഖം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: ഉത്തരാഫ്രിക്കൻ നാടായ മൊറോക്കോയിൽ അനേകരുടെ ജീവനപഹരിച്ച ഭൂകമ്പത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപ്പാപ്പ. പ്രകൃതി ദുരന്തത്തിനിരകളായവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും അതീവ ദുഖം രേഖപ്പെടുത്തുന്നതായും മാർപ്പാപ്പ അറിയിച്ചു.

മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും പരിക്കേറ്റവരുടെ സൗഖ്യത്തിനായും തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ കേഴുന്നവർക്ക് സമാശ്വാസവും മൊറോക്കോയ്ക്ക് കരുത്തും ലഭിക്കുന്നതിനായും ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് പാപ്പ സന്ദേശത്തിലൂടെ അറിയിച്ചു.

അതേ സമയം മൊറോക്കോയിലുണ്ടായ വൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. 2,212 പേർ മരിച്ചുവെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും. 2,065 പേർക്കാണ് ദുരന്തത്തിൽ പരിക്കേറ്റത്. ഇതിൽ ആയിരത്തിലധികം പേരുടെ നില അതീവ ഗുരുതരമാണ്.

തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുകയാണ്. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 3:41 ഓടെയായിരുന്നു റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനമുണ്ടായത്. 19 മിനിറ്റുകൾക്ക് ശേഷം 4.9 തീവ്രതയിലെ തുടർ ചലനവുമുണ്ടായി. വീടുകളിൽ ഉറങ്ങിക്കിടന്നവരാണ് മരണപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും.

സ്‌പെയിൻ, പോർച്ചുഗൽ, അൽജീരിയ തുടങ്ഹിയ രാജ്യങ്ങളിൽ വരെ ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി. ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രമായ മാരാകേഷ് നഗരത്തിന് തെക്ക്-പടിഞ്ഞാറായി 71 കിലോമീറ്റർ അകലെ അറ്റ്ലസ് പർവതനിരകളിലെ ജനസാന്ദ്രത കുറഞ്ഞ മേഖലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26