കൊച്ചി: കേരള സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഏതെങ്കിലും വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നത് ക്രൈസ്തവ സമൂഹത്തോടുള്ള കടുത്ത അവഗണനയാണെന്ന് സീറോ മലബാര്‍സഭ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി. വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക മേഖലകളില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ വിവേചനം നേരിടുന്നുവെന്ന നിരവധി പരാതികളാണ് ജെ.ബി.കോശി കമ്മിഷന് ലഭിച്ചത്.
കേരളത്തില്‍ ക്രൈസ്തവര്‍ക്കെതിരെ രാഷ്ട്രീയ നേതൃത്വങ്ങളുടെ അറിവോടെ നടക്കുന്ന ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളും നിയമവിരുദ്ധ ഇടപെടലുകളും അഴിമതിയും തുടച്ചുനീക്കി ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.
ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും പിഎസ്‌സി നിയമനങ്ങളില്‍ കൂടുതല്‍ സംവരണം വേണമെന്നാണ് ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്റെ പ്രധാന ശുപാര്‍ശ. സണ്‍ഡേസ്‌കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന നിര്‍ദേശങ്ങള്‍ക്കു പുറമേ തീരദേശങ്ങളില്‍ താമസിക്കുന്ന ക്രൈസ്തവ വിഭാഗങ്ങളടക്കമുള്ളവര്‍ക്ക് പുനരധിവാസത്തിന് കൂടുതല്‍ മെച്ചപ്പെട്ട പാക്കേജ് വേണമെന്നും ശുപാര്‍ശ ചെയ്യുന്നുണ്ട്.
മലയോരമേഖലയില്‍ ക്രൈസ്തവരടക്കമുള്ള എല്ലാവരും നേരിടുന്ന വന്യമൃഗ ഭീഷണിക്ക് പരിഹാരം വേണമെന്നും വന്യമൃഗ ആക്രമണങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും കുട്ടനാട്ടിലെ ജീവിത നിലവാരം ഉയര്‍ത്താനും ശുപാര്‍ശകളില്‍ ആവശ്യം ശക്തമാണ്.
സര്‍ക്കാരിന്റെ കാലാകാലങ്ങളിലുള്ള സെന്‍സസും സ്ഥിതിവിവര കണക്കുകളും പരിശോധിക്കുമ്പോള്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സാമൂഹികവും സാമ്പത്തികവുമായ പല മേഖലകളിലും മുന്നിട്ടു നിന്നിരുന്ന ക്രൈസ്തവര്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കഴിഞ്ഞ ഇരുപതുവര്‍ഷങ്ങളില്‍ എല്ലാ മേഖലകളിലും തന്നെ പിന്തള്ളപ്പെട്ടു പോയിട്ടുണ്ട്. കേരളത്തില്‍ പല സര്‍ക്കാര്‍ സംവിധാനങ്ങളിലും പ്രകടമായ ക്രൈസ്തവ വിരുദ്ധത ദൃശ്യമാണെന്നും അല്‍മായ ഫോറം പറയുന്നു.
ക്രൈസ്തവര്‍ക്കായുള്ള ആനുകൂല്യങ്ങള്‍ പോലും പലരും തട്ടിയെടുക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മൗനം പാലിക്കുകയാണോയെന്ന ചോദ്യവും ഫോറം ഉയര്‍ത്തുന്നു. വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ സംബന്ധിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്നാണ് സീറോ മലബാര്‍സഭാ അല്‍മായഫോറം ആവശ്യപ്പടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26