നിപ: കേന്ദ്ര സംഘം ഇന്നെത്തും; ബാങ്കുകളും വിദ്യാലയങ്ങളും തുറക്കില്ല

 നിപ: കേന്ദ്ര സംഘം ഇന്നെത്തും; ബാങ്കുകളും വിദ്യാലയങ്ങളും തുറക്കില്ല

കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. ജില്ലയിലെ ഏഴു ഗ്രാമപഞ്ചായത്തുകളിലുള്‍പ്പെട്ട വാര്‍ഡുകള്‍ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എ. ഗീത ഉത്തരവിട്ടു. കണ്ടെയിന്‍മെന്റ് സോണായ പ്രദേശങ്ങളില്‍ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ബാങ്കുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ അടച്ചിടാന്‍ നിര്‍ദേശം നല്‍കി.

കോഴിക്കോടും സമീപ ജില്ലകളും അതീവ ജാഗ്രതയിലാണ്. വയനാട് ജില്ലയിലും നിപ ജാഗ്രത പുറപ്പെടുവിച്ചു. കുറ്റ്യാടിക്ക് അടുത്തുള്ള തൊണ്ടര്‍നാട്, വെള്ളമുണ്ട, എടവക പഞ്ചായത്തുകളിലാണ് ജാഗ്രതാ നിര്‍ദേശം. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര സംഘം ഇന്ന് കോഴിക്കോട് എത്തും. പൂനെ എന്‍ഐവിയുടെ മൊബൈല്‍ ലാബ് യൂണിറ്റും എത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട വാര്‍ഡുകള്‍ ചുവടെ:

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14,15 വാര്‍ഡ് മുഴുവന്‍,
മരുതോങ്കര ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14 വാര്‍ഡ് മുഴുവന്‍,
തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് - 1,2,20 വാര്‍ഡ് മുഴുവന്‍,
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് - 3,4,5,6,7,8,9,10 വാര്‍ഡ് മുഴുവന്‍,
കായക്കൊടി ഗ്രാമപഞ്ചായത്ത് - 5,6,7,8,9 വാര്‍ഡ് മുഴുവന്‍,
വില്യപ്പളളി ഗ്രാമപഞ്ചായത്ത് - 6,7 വാര്‍ഡ് മുഴുവന്‍,
കാവിലും പാറ ഗ്രാമപഞ്ചായത്ത് - 2,10,11,12,13,14,15,16 വാര്‍ഡ് മുഴുവന്‍

കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമെ അനുവദനീയമായിട്ടുള്ളു. പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെ മാത്രം. മരുന്ന് ഷോപ്പുകള്‍ക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയപരിധിയില്ല.

തദ്ദേശ സ്വയംഭരണ സ്ഥാപനവും വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കണം. സര്‍ക്കാര്‍ -അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖല- ബാങ്കുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ മറ്റൊരു സ്ഥാപനവും ഇനിയൊരു ഉരവ് ഉണ്ടാവുന്നത് വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.

കണ്‍ട്രോള്‍ റൂം നമ്പര്‍ - 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.