വത്തിക്കാൻ സിറ്റി: ഉക്രെയ്നിൽ സമാധാനം സ്ഥാപിക്കാൻ വത്തിക്കാൻ നടത്തുന്ന നയതന്ത്ര ശ്രമങ്ങൾ തുടരാൻ കർദിനാൾ മാറ്റിയോ സുപ്പി ഈ ആഴ്ച ബീജിങിലേക്ക്. സെപ്റ്റംബർ 13 മുതൽ 15 വരെ മാർപാപ്പയുടെ സമാധാന ദൂതനായി കർദിനാൾ ചൈനീസ് തലസ്ഥാനത്തുണ്ടാകുമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി അറിയിച്ചു. മാനുഷിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും സമാധാനത്തിലേക്ക് നയിക്കുന്ന പാതകൾ തുറക്കാനും വേണ്ടിയുള്ള മാർപ്പാപ്പയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനമെന്ന് ബ്രൂണി പറഞ്ഞു.
റഷ്യയ്ക്കും ഉക്രെയ്‌നിനും ഇടയിൽ സമാധാനത്തിന്റെ പാത ആരംഭിക്കുന്നതിന് ദൂതനായി പ്രവർത്തിക്കാൻ ഫ്രാൻസിസ് മാർപാപ്പ ഇറ്റാലിയൻ കർദ്ദിനാളിനോട് ആവശ്യപ്പെട്ടു. ചെനയിലെത്തുന്ന കർദിനാൾ മാറ്റിയോ സുപ്പി ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കർദിനാളിന്റെ ഷെഡ്യൂൾ ചെയ്ത യോഗങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ വത്തിക്കാൻ പുറത്തു വിട്ടിട്ടില്ല.
റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ദൗത്യത്തിന് നേതൃത്വം നൽകാൻ ഇറ്റാലിയൻ ബിഷപ്പ് കോൺഫറൻസ് തലവൻ കർദ്ദിനാൾ മാറ്റിയോ സുപ്പിയെ മാർപ്പാപ്പ ചുമതലപ്പെടുത്തിയത് മെയ് മാസത്തിലാണ്. ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്താൻ കർദിനാൾ മാറ്റിയോ സുപ്പി ശ്രമിക്കുമെന്ന് വത്തിക്കാൻ നയതന്ത്ര വൃത്തങ്ങൾ അറിയിച്ചിരുന്നു.
1992-ൽ മൊസാംബിക്കിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിച്ച ദൗതത്തിന് മധ്യസ്ഥത വഹിച്ച, റോം ആസ്ഥാനമായുള്ള കത്തോലിക്ക സന്നദ്ധ സംഘടനയായ സാന്റ് എജിഡിയോ കമ്മ്യൂണിറ്റിയിലെ അംഗമാണ് കർദിനാൾ സുപ്പി. ഈ യുദ്ധത്തിൽ ഒരു ദശലക്ഷത്തോളം ആളുകളെ കൊല്ലപ്പെടുകയും നാല് ദശലക്ഷത്തോളം ആളുകളെ നാടുകടത്തുകയും ചെയ്തിരുന്നു. ഫ്രാൻസിസ് മാർപ്പാപ്പ മാറ്റിയോ സുപ്പിയെ 2019-ൽ കർദിനാളാക്കി, കഴിഞ്ഞ വർഷം ഇറ്റാലിയൻ എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26