ക്രൈസ്തവ പീഡനവും കമ്യൂണിസവും ചരിത്രതാളുകളിലൂടെ

ക്രൈസ്തവ പീഡനവും കമ്യൂണിസവും ചരിത്രതാളുകളിലൂടെ

ലോകത്തിൽ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്ന മത വിഭാഗമാണ് ക്രൈസ്തവർ. ഏതാണ്ട് അറുപതിലധികം രാജ്യങ്ങളിൽ ഇന്നും ക്രൈസ്തവ പീഡനം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 45 ദശലക്ഷം വരുന്ന ക്രിസ്ത്യാനികളുടെ കൊലപാതകം കൂടുതലും കമ്മ്യൂണിസ്റ്റ്, ഇസ്ലാമിക ഭരണകൂടങ്ങളുടെ കൈകളാലാണെന്ന് എഴുത്തുകാരൻ അന്റോണിയോ സോക്കി സാക്ഷ്യപ്പെടുത്തുന്നു. ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ ക്രൈസ്തവർ കൊല്ലപ്പെട്ടത് കമ്മ്യൂണിസ്റ്റുകളുടെ കൈകൊണ്ടാണെന്ന് വ്യക്തമാകും.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും, ഭൗതികവാദമാണ് കമ്മ്യുണിസത്തിന്റെ അടിസ്ഥാനമെന്നും പറഞ്ഞ കമ്മ്യുണിസ്റ്റുകാർ ലോകത്ത് അധികാരത്തിൽ വന്ന സ്ഥലങ്ങളിലെല്ലാം മത സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തുകയും, ക്രിസ്ത്യാനികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും ചെയ്തിട്ടുണ്ട്. ചൈന, സോവ്യറ്റ് റഷ്യ, പോളണ്ട്, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവർ കൊടിയ പീഡനങ്ങളാണ് നേരിട്ടത്. നിക്കരഗ്വേ പോലെയുള്ള ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റുകൾ നടത്തുന്ന പീഡനങ്ങൾ ഇന്നും തുടരുകയാണ്. ചില ഉദാഹരണങ്ങൾ നോക്കാം;

ചൈനയിൽ ക്രിസ്തീയ പീഡനം വർധിക്കുന്നു

കമ്യൂണിസ്റ്റ് ഏകാധിപത്യ രാഷ്ട്രമായ ചൈനയിൽ ക്രൈസ്തവർ കൊടിയ പീഡനങ്ങളാണ് ഇന്നും അനുഭവിക്കുന്നത്. 1937 -1938 കാലായളവിൽ 1,68,300 റഷ്യൻ ഓർത്തഡോക്സ് വൈദികർ അറസ്റ്റു ചെയ്യപ്പെട്ടതായി സഭയുടെ രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ഇതിൽ ഒരുലക്ഷത്തിലധികം പേർക്ക് വെടിയേറ്റു. 1930 കളിലും 1940 കളിലും കുറഞ്ഞത് 25,000-30,000 പുരോഹിതന്മാരെങ്കിലും കൊല്ലപ്പെട്ടതായും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.

ചൈനയിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ക്രൈസ്തവ മുന്നേറ്റത്തെ തടയിടാൻ കമ്മ്യുണിസ്റ്റ് പാർട്ടി നടത്തുന്നത് അങ്ങേയറ്റം ഹീനമായ പ്രവർത്തികളാണ്. കമ്മ്യുണിസ്റ്റ് പാർട്ടി അംഗങ്ങൾ നിർബന്ധമായും നിരീശ്വര വാദികൾ ആയിരിക്കണമെന്നും അല്ലാത്ത പക്ഷം ശിക്ഷ നൽകാനും സാധിക്കുന്ന നിയമം നടപ്പിലാക്കാൻ ചൈനീസ് ​ഗവൺമെന്റ് ആലോചന നടത്തിയിരുന്നു. ലോകത്ത് ക്രൈസ്തവ മുന്നേറ്റം ഏറ്റവും ശക്തമായി നടക്കുന്ന രാജ്യമാണ് ചൈന.

അതിൽ അസ്വസ്ഥത പൂണ്ട സർക്കാർ ക്രൈസ്തവരുടെ വളർച്ചയെ തടയിടാൻ നിരവധി പീഡനങ്ങളാണ് അഴിച്ചു വിടുന്നത്. ഏറ്റവും പുതിയ ഒരു പഠനം അനുസരിച്ച് 2030 ആകുമ്പോഴേക്കും ലോകത്തിൽ ഏറ്റവും അധികം ക്രൈസ്തവർ ഉള്ള രാജ്യമായി ചൈന മാറും എന്നാണ് കരുതപ്പെടുന്നത്. ഏതു വിധേനയും ക്രൈസ്തവ വളർച്ചയെ തടയിടുക എന്നതാണ് കമ്യൂണിസ്റ്റ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം.

ജോസഫ് സ്റ്റാലിന്റെ ക്രൈസ്തവ പീഡനം

സ്റ്റാലിൻ എന്ന പേരിന്റെ അർത്ഥം 'ഉരുക്ക് മനുഷ്യൻ' എന്നാണ്. അതുപോലെ തന്നെയായിരുന്നു ജോസഫ് സ്റ്റാലിന്റെ ജീവിതവും. നിരീശ്വരവാദിയായ അദേഹത്തിന്റെ ഭീകര ഭരണം ദശലക്ഷക്കണക്കിന് ക്രൈസ്തവരുടെ മരണത്തിനും ദുരിതങ്ങൾക്കും കാരണമായി. 1922 മുതൽ 53 വരെ സോവിയറ്റ് യൂണിയൻ അടക്കിവാണ സ്റ്റാലിൻ കമ്യൂണിസ്റ്റ് ശാസനകളോടു വിയോജിച്ചതായി സംശയിക്കപ്പെട്ട നിരവധി ക്രിസ്ത്യാനികളെ കൊലപ്പെടുത്തിയെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 1920 കളുടെ അവസാനത്തോടെ അദേഹം സോവിയറ്റ് യൂണിയന്റെ ഏകാധിപതിയായി മാറി.

സോവിയറ്റ് യൂണിയന്റെ മഹാനായ നേതാവായും നായകനായും സ്റ്റാലിൻ സ്വയം തന്റെ പ്രതിച്ഛായ നിലനിർത്താൻ ശ്രമിച്ചു. എതിർക്കുന്നവരെ നിഷ്‌കരുണം കൊല്ലാൻ തുടങ്ങി. 139 സെൻട്രൽ കമ്മിറ്റി അംഗങ്ങളിൽ തൊണ്ണൂറ്റിമൂന്ന് പേർ കൊല്ലപ്പെടുകയും 103 ജനറൽമാരിലും അഡ്മിറൽമാരിലും 81 പേരെ വധിക്കുകയും ചെയ്തു. മൂന്ന് ദശലക്ഷം ആളുകൾ കമ്മ്യൂണിസത്തെ എതിർക്കുന്നതായി ആരോപിക്കുകയും സൈബീരിയയിലെ ലേബർ ക്യാമ്പ് സംവിധാനമായ ഗുലാഗിലേക്ക് അയക്കുകയും ചെയ്തു. ക്രിസ്ത്യാനികളടക്കം ഏകദേശം 750,000 ആളുകൾ അവിടെ കൊല്ലപ്പെട്ടു.

അൽബേനിയയിലെ ജീവിക്കുന്ന രക്തസാക്ഷിയും കമ്മ്യൂണിസവും

അൽബേനിയൻ സഭയുടെ പീഡന കഥകൾ ആരംഭിക്കുന്നത് 14-ാം നൂറ്റാണ്ടിലാണ്. രണ്ടാം ലോകമഹാ യുദ്ധകാലത്ത് ഇറ്റലി അൽബേനിയ കീഴടക്കിയെങ്കിലും അത് അധികം നിണ്ടുനിന്നില്ല. ബാൾക്കൻസിലെ നാസികളുടെ മേൽ സോവിയറ്റ് യൂണിയൻ വിജയം നേടിയതോടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇവിടെ ശക്തി പ്രാപിച്ച് ഭരണം കൈയടക്കി. അൽബേനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്നു എൻവർ ഹോക്‌സ്. അധികാരം കൈക്കലാക്കിയ അദേഹം മതത്തെ ഏറ്റവും വലിയ ശത്രുവായി കരുതി. ഹോക്സിന്റെ കീരാത ഭരണം 1944 മുതൽ 1985 വരെ നീണ്ടു. ഭരണ കൂടത്തിന് എതിരെ നിൽക്കുന്നവരെ നിഷ്ഠൂരമായി ഇല്ലായ്മ ചെയ്യുന്ന സ്റ്റാലിനിസ്റ്റ് തന്ത്രമായിരുന്നു അദേഹം പ്രയോഗിച്ചത്.

കത്തോലിക്കസഭയെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ ശത്രുവായി കരുതപ്പെട്ടു. കാരണം വത്തിക്കാന്റെ കമ്യൂണിസ്റ്റ് വിരുദ്ധ മനോഭാവം ക്രൈസ്തവരോടുള്ള ശത്രുതയ്ക്കും പീഡനത്തിനും ആക്കം കൂട്ടി. ചൈനയിലെ സാംസ്‌കാരിക വിപ്ലവത്തോടെ ഹോക്‌സയുടെ കമ്യൂണിസം കൂടുതൽ രൗദ്രമായി. അദ്ദേഹം 1967 ൽ അൽബേനിയയെ ലോകത്തിലെ ആദ്യത്തെ നിരീശ്വര രാഷ്ട്രമായി പ്രഖ്യാപിച്ചു. അതിനെതിരെ നിൽക്കുന്നവരെ വകവരുത്തുവാൻ പീഡനവും നാടുകടത്തലും അഴിച്ചുവിട്ടു.

കത്തോലിക്ക വിശ്വാസം ഉപേക്ഷിക്കുവാൻ തയാറാകാതിരുന്നവർക്കു വേണ്ടി അദ്ദേഹം വത്തിക്കാനുമായി ബന്ധമില്ലാത്ത ഒരു സഭ സ്ഥാപിച്ചു. അതിന് വശംവദരാകാതിരുന്ന ബിഷപ്പുമാരെയും വൈദികരെയും നീചമായ പീഡനങ്ങൾക്ക് ഇരയാക്കി. ക്രൈസ്തവരുടെ രക്തം കൊണ്ട് അൽബേനിയയുടെ മണ്ണ് ചുവന്നു. കൊലചെയ്യപ്പെട്ടവരിൽ 38 രക്തസാക്ഷികളെ സഭ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു കഴിഞ്ഞു. കർദിനാൾ സിമോണി ഈ പീഡനങ്ങളെയെല്ലാം അതിജീവിച്ചു. വർഷങ്ങളോളം അദേഹം സഹനങ്ങൾ ഏറ്റുവാങ്ങി. കർത്താവിൽ പ്രതീക്ഷകളർപ്പിച്ച് തടവറയിൽ വിശ്വാസത്തിന്റെ കാവലാളായി മാറി. ജീവിക്കുന്ന രക്തസാക്ഷിയായി കർദിനാൾ പ്രകീർത്തിക്കപ്പെട്ടു

'ഞാൻ ഒരു പാവം വൈദികനാണ്, ക്രിസ്തു മാത്രമാണ് എന്റെ ഏക സമ്പത്ത്' അഭിഷിക്ത ജീവിതത്തിന്റെ അധിക ഭാഗവും ജയിലറയിൽ പീഡനം സഹിച്ച് കഴിഞ്ഞ കർദിനാൾ ട്രോഷാനിയ സിമോണിയുടേതാണ് ഈ വാക്കുകൾ. പല പ്രവശ്യം വെടിവെച്ചു കൊല്ലാൻ വിധിക്കപ്പെട്ടുവെങ്കിലും ദൈവം കാത്തുരക്ഷിച്ചതു കൊണ്ടാണ് തടവറയിലെ അനുഭവങ്ങൾ കേൾക്കാൻ ലോകത്തിനായത്. 2014 ൽ അൽബേനിയയിലെത്തിയ ഫ്രാൻസിസ് മാർപാപ്പ തടവറയിലെ കഥകൾ കേട്ടശേഷം അദേഹത്തെ ആലിംഗനം ചെയ്തത് കണ്ണീരോടെയായിരുന്നു. അതുകൊണ്ടു തന്നെ മാർപാപ്പയെ കരയിച്ച വൈദികനെന്നും അദേഹം വിളിക്കപ്പെടുന്നു.

നിക്കരാഗ്വയിലെ സഭ ഇപ്പോഴും അനുഭവിക്കുന്നത് അതികഠിനമായ പീഡനനങ്ങൾ

മധ്യ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ നിക്കരാഗ്വയിൽ ക്രിസ്ത്യാനികൾക്കും പള്ളികൾക്കും നേരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാകുന്നു. ഏകാധിപത്യ ഭരണാധികാരി ഡാനിയൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യം മൂലം അഞ്ച് വർഷത്തിനിടെ 529 ആക്രമണങ്ങൾ നിക്കരാഗ്വയിൽ ഉണ്ടായി. 2018 ൽ നിക്കരാഗ്വയിലെ കത്തോലിക്കാ സഭക്കെതിരെ 84 ആക്രമണങ്ങളും 2019 ൽ 80 ഉം 2020 ൽ 59 ഉം 2021ൽ 55 ഉം 2022 ൽ 161 ഉം റിപ്പോർട്ട് ചെയ്തു.

ബിഷപ്പ് റൊളാൻഡോ അൽവാരസിനെ അന്യായമായി 26 വർഷവും നാല് മാസവും തടവിന് ശിക്ഷിച്ചത് ക്രൈസ്തവ സഭയോടുള്ള പീഡനങ്ങളുടെ രൂക്ഷിതാവസ്ഥയാണ് തുറന്നു കാട്ടുന്നത്. 32 മതവിശ്വാസികളെ രാജ്യത്ത് നിന്ന് പുറത്താക്കി. പള്ളിയുടെ ഉടമസ്ഥതയിലുള്ള ഏഴ് കെട്ടിടങ്ങൾ കണ്ടുകെട്ടി. വിവിധ ക്രൈസ്തവ മാധ്യമങ്ങൾ അടച്ചുപൂട്ടി. വിശുദ്ധ വാരത്തിൽ 176 പ്രദിക്ഷണങ്ങൾ നിരോധിച്ചതും സ്വേച്ഛാധിപത്യത്തിന്റെ ആക്രമണങ്ങളിൽ ഉൾപ്പെടുന്നവയാണ്.

ക്യൂബയിലെ ക്രൈസ്തവ പീഡനങ്ങൾ

ക്യൂബയിലെ ക്രിസ്ത്യാനികൾ വിപ്ലവ വിരുദ്ധർ എന്ന് മുദ്രകുത്തി അധികാരികളിൽ നിന്ന് നിരന്തരമായ സമ്മർദ്ദം നേരിട്ടിരുന്നു. ക്രിസ്ത്യാനിയാകുന്നവരെ മാരക രോ​ഗം പിടിപെട്ടവരെപ്പോലെയാണ് കണക്കാക്കിയിരുന്നത്. വിശ്വാസത്തിന്റെ പേരിൽ പലരും അറസ്റ്റിലാവുകയോ തടവിലാക്കപ്പെടുകയോ കഠിനാധ്വാനം ചെയ്യാൻ നിർബന്ധിതരാവുകയോ കൊല്ലപ്പെടുകയോ ചെയ്തു.

എന്നിരുന്നാലും 1992 ലെ ഭരണഘടനാ പരിഷ്കാരങ്ങൾക്കും സോഷ്യലിസത്തിന്റെ ആഗോള തകർച്ചയ്ക്കും ശേഷം ക്യൂബയിലെ ക്രിസ്ത്യാനികളുടെ ജീവിതം മെച്ചപ്പെടാൻ തുടങ്ങി, പള്ളികൾ പോലും വളർച്ച പ്രാപിച്ചു. ക്യൂബൻ ക്രിസ്ത്യാനികൾ ഇപ്പോൾ പൂർണമായ മതസ്വാതന്ത്ര്യം ആസ്വദിക്കുന്നതായി തോന്നുന്നുണ്ടെങ്കിലും സർക്കാരിപ്പോഴും ഒരു നിശ്ചിത നിയന്ത്രണം നിലനിർത്തുന്നുണ്ട്.

ഈസ്റ്റേൺ ബ്ലോക്കിലെ ക്രിസ്ത്യാനികളുടെ പീഡനം

പോളണ്ട്, ഹംഗറി, ലിത്വാനിയ, മറ്റ് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ക്രിസ്ത്യാനികൾ അനുഭവിച്ചത് നരക യാതനകളാണ്. സോവിയറ്റ് യൂണിയനിൽ പള്ളികളോട് പെരുമാറിയതുപോലെ ക്രൂരമായിരുന്നില്ലെങ്കിലും പല പള്ളികളും അടച്ചുപൂട്ടി. ക്രിസ്ത്യാനികൾക്ക് സമൂഹത്തിൽ പ്രാധാന്യം നഷ്ടപ്പെട്ടു. കുട്ടികളെ നിരീശ്വരവാദം പഠിപ്പിക്കുകയും ആയിരക്കണക്കിന് പുരോഹിതരെ തടവിലാക്കുകയും ചെയ്തു.

ക്രിസ്ത്യൻ പള്ളികളും ജൂത സിനഗോഗുകളും നിർബന്ധിതമായി നിരീശ്വരവാദത്തിന്റെ മ്യൂസിയങ്ങളാക്കി മാറ്റപ്പെട്ടു. പോളണ്ടിലെ കൊടിയ മതപീഡനങ്ങൾ അനുഭവിച്ചവരിൽ പ്രമുഖനായിരുന്നു പിന്നീട് കത്തോലിക്ക സഭയുടെ തലവനായിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാ. ലോകത്ത് ക്രൈസ്തവ വിശ്വാസത്തിന് വലിയ വെല്ലുവിളികൾ ഉയർത്തിയിരുന്ന കമ്യൂണിസത്തിന് മൂക്ക് കയറിടാൻ ജോൺ പോൾ രണ്ടാമന്റെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങൾ ഒരു പരിധി വരെ വിജയം കണ്ടു എന്നാണ് റഷ്യ, പോളണ്ട്, ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ സമകാലിക സംഭവങ്ങൾ തെളിയിക്കുന്നത്.

(അടുത്ത ലക്കത്തിൽ മുസ്ലീം തീവ്രവാദികൾ നടത്തിയ മതപീഡനങ്ങളുടെ ചരിത്രം വായനക്കാർക്കായി അവതരിപ്പിക്കും)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.