ഭൂപതിവ് നിയമത്തില്‍ ഭേദഗതി; പട്ടയ മാനദണ്ഡങ്ങളുടെ ലംഘനം ഇനി ക്രമവല്‍ക്കരിച്ചു നല്‍കാം

 ഭൂപതിവ് നിയമത്തില്‍ ഭേദഗതി; പട്ടയ മാനദണ്ഡങ്ങളുടെ ലംഘനം ഇനി ക്രമവല്‍ക്കരിച്ചു നല്‍കാം

തിരുവനന്തപുരം: പട്ടയ മാനദണ്ഡങ്ങളുടെ ലംഘനം ക്രമവല്‍ക്കരിച്ചു നല്‍കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതിനായി 1964 ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തി. ഇടുക്കിയിലെ കര്‍ഷകരെ ബാധിക്കുന്ന പ്രശ്നം പരിഹരിക്കാന്‍ കൊണ്ടുവന്ന നിയമ ഭേദഗതി നിയമസഭ ഐക്യകണ്ഠേനയാണ് പാസാക്കിയത്.

കൃഷി, വീട് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പതിച്ചു നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഇതോടെ നിയമ സാധുതയുണ്ടാകും. മാത്രമല്ല, അനധികൃതമായി കെട്ടിപ്പൊക്കിയ ചില റിസോട്ടുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും സംരക്ഷണം ലഭിക്കും.

അതേസമയം ചില ആശങ്കകള്‍ പ്രതിപക്ഷം മുന്നോട്ട് വച്ചിട്ടുണ്ട്. പട്ടയ മാനദണ്ഡങ്ങളുടെ ലംഘനം ക്രമവല്‍ക്കരിച്ചു നല്‍കാന്‍ ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതില്‍ അഴിമതിക്ക് സാധ്യതയുണ്ട്.

അതിനാല്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം മന്ത്രിയോ മറ്റേതെങ്കിലോ ജന പ്രതിനിധിയേയോ ഉള്‍പ്പെടുത്തണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല.

അതുപോലെ ജില്ലയിലുണ്ടാകുന്ന വലിയ നിര്‍മിതിയെ സംബന്ധിച്ച ആശങ്കകളും പ്രതിപക്ഷം പങ്കുവെച്ചു. ചട്ട രൂപീകരണത്തില്‍ കൃത്യമായ ശ്രദ്ധ വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം വാണിജ്യ സ്ഥാപനങ്ങളും ക്രമവല്‍ക്കരിച്ച് നല്‍കുന്നതില്‍ എന്തിനാണ് സര്‍ക്കാര്‍ വിമുഖത കാണിക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ ചോദിച്ചു. വാണിജ്യ സ്ഥാപനങ്ങള്‍ ക്രമ വല്‍കരിച്ചു നല്‍കുന്നതില്‍ പ്രശ്നമില്ലെന്നും അത് ക്രമവല്‍ക്കരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മാത്യു ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.