ഇനി അപകട രേഖകള്‍ സൗജന്യമല്ല; പൊലീസ് സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ചു

ഇനി അപകട രേഖകള്‍ സൗജന്യമല്ല; പൊലീസ് സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ചു

തിരുവനന്തപുരം: പൊലീസിന്റെ സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പൊലീസില്‍ നിന്നു ലഭിക്കേണ്ട രേഖകള്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ ഇനി പണം നല്‍കണം. നേരത്തെ ഈ സേവനങ്ങള്‍ക്ക് പണം നല്‍കേണ്ടിയിരുന്നില്ല.

കേസുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കേണ്ട ജനറല്‍ ഡയറി, എഫ്‌ഐആര്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, വൂണ്ട് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ലഭിക്കാന്‍ 50 രൂപ വീതം ഇനി മുതല്‍ നല്‍കണം. പൊലീസ് നായയെ വാടകയ്ക്ക് ലഭിക്കാന്‍ 7280 രൂപ നല്‍കണം. വര്‍ലെസ് സെറ്റ് ഒന്നിന് 2425 രൂപയും നല്‍കണം.
പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജാഥ നടത്തുന്നതിന് അനുമതി ലഭിക്കാനുള്ള അപേക്ഷാ ഫീസ് 2000 രൂപയാക്കി. സബ് ഡിവിഷന്‍ പരിധിയില്‍ 4000 രൂപയും ജില്ലാ തലത്തില്‍ 10000 രൂപയായും ഫീസ് നിരക്ക് ഉയര്‍ത്തി. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പബ്ലിക്ക് ലൈബ്രറികള്‍, ശാസ്ത്ര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പണം നല്‍കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു.

സ്വകാര്യ സുരക്ഷാ ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നതിനുള്ള ഫീസും വര്‍ധിപ്പിച്ചു. സിഐ വരെയുള്ള ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ ലഭിക്കും. സിഐയെ നാല് മണിക്കൂര്‍ വിട്ടുകിട്ടാന്‍ 3340 രൂപയും രാത്രിയാണെങ്കില്‍ 4370 രൂപയും നല്‍കണം. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ കുറഞ്ഞ നിരക്കാണ്. റൈഫിള്‍, കെയ്ന്‍ ഷീല്‍ഡ്, മെറ്റല്‍ ക്യാപ് ഉള്‍പ്പെടെയാണ് ഈ തുക.

ഫിംഗര്‍പ്രിന്റ് ബ്യൂറോ, ഫൊറന്‍സിക് സയന്‍സ് ലാബ് എന്നിവയില്‍ നിന്നുള്ള സേവന നിരക്കും ഉയര്‍ത്തി. സ്വകാര്യ കേസുകളുമായി ബന്ധപ്പെട്ട് കോടതികള്‍ അയക്കുന്ന ഡിഎന്‍എ സാമ്പിളുകളുടെ പരിശോധനയ്ക്ക് 24,255 രൂപയാണ്. ഫൊറന്‍സിക് ലാബിലെ ഹാര്‍ഡ് ഡിസ്‌ക് പരിശോധന, ഫോണുകളിലെ മെമ്മറി കാര്‍ഡ് ഉള്‍പ്പെടയുള്ളവയുടെ പരിശോധന എന്നിവയ്ക്കുള്ള തുകയും വര്‍ധിപ്പിച്ചു.

വിദേശ ജോലിക്കടക്കം ആവശ്യമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റിന് ഇനി മുതല്‍ 610 രൂപ നല്‍കണം. നേരത്തെ ഇത് 555 രൂപയായിരുന്നു. സ്വകാര്യ ആവശ്യത്തിന് പൊലീസ് വാഹനങ്ങള്‍ വിട്ടുകിട്ടുന്നതിനും ചാര്‍ജ് ഉയര്‍ത്തി. മിനിമം ചാര്‍ജ് തുകയിലും വാഹനം കേടായാല്‍ നല്‍കേണ്ട തുകയിലും നേരിയ വര്‍ധനവുണ്ട്.

മൈക്ക് ലൈസന്‍സിനുള്ള ഫീസ് 15 രൂപ വര്‍ധിപ്പിച്ചു. ഓടുന്ന വാഹനത്തിലെ മൈക്ക് ഉപയോഗത്തിന് ഇനി മുതല്‍ 610 രൂപ ആയിരിക്കും. ഇത്തരം വാഹനങ്ങള്‍ സംസ്ഥാനത്താകെ ഉപയോഗിക്കുന്നതിന് അടുത്ത മാസം ഒന്ന് മുതല്‍ 6070 രൂപ നല്‍കണം. നേരത്തെ 5515 രൂപ ആയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.