കോഴിക്കോട്: നിപ വൈസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍. കോഴിക്കോട് ജില്ലയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം. വിദ്യാര്‍ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിപ്പക്കരുതെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു. ഇന്ന് ചേര്‍ന്ന് അവലോകന യോഗത്തിന് ശേഷമായിരുന്നു തീരുമാനം.
സെപ്റ്റംബര്‍ 18 മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഒരു കാരണവശാലും വിദ്യാര്‍ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരുത്തരുതെന്ന് കളക്ടര്‍ ഉത്തരവിട്ടു. ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പടെയുള്ളവക്ക് നിര്‍ദേശം ബാധകമാണ്. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്തണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
അംഗന വാടികള്‍, മദ്രസകള്‍ എന്നിവിടങ്ങളിലും വിദ്യാര്‍ഥികള്‍ എത്തിച്ചേരേണ്ടതില്ല. പൊതുപരീക്ഷകള്‍ നിലവില്‍ മാറ്റമില്ലാതെ തുടരുന്നതാണ്. ജില്ലയിലെ പരീക്ഷകള്‍ മാറ്റിവെക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്ന മുറക്ക് നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കളക്ടര്‍ അറിയിച്ചു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബേപ്പൂര്‍ ഹാര്‍ബറിലോ, ഫിഷ് ലാന്‍ഡിങ് സെന്ററുകളിലോ ബോട്ടുകള്‍ അടുപ്പിക്കാനോ മത്സ്യം ഇറക്കാനോ പാടില്ലെന്നും നിര്‍ദേശമുണ്ട്. ഇതിനു പകരമായി മത്സ്യബന്ധനത്തിന് പോയിരിക്കുന്ന ബോട്ടുകളും വള്ളങ്ങളും കോഴിക്കോട് തന്നെയുള്ള വെള്ളയില്‍ ഫിഷ് ലാന്‍ഡിങ് സെന്ററിലോ, പുതിയാപ്പ ഫിഷ് ലാന്‍ഡിങ് സെന്ററിലോ അടുപ്പിക്കണം. ഇവിടെ മത്സ്യമിറക്കാവുന്നതും ലേലത്തിനും കച്ചവടത്തിനും ഈ പറയുന്ന ഫിഷ് ലാന്‍ഡിങ് സെന്ററുകളിലേയും ഹാര്‍ബറുകളിലേയും സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ മത്സ്യ കച്ചവടത്തിനും മത്സ്യ ലേലത്തിനും ബേപ്പൂര്‍ ഹാര്‍ബറിലെ സൗകര്യങ്ങള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഉപയോഗപ്പെടുത്താന്‍ സാധിക്കുകയില്ല. ഇത് പൂട്ടിയിടാന്‍ ആവശ്യമായ നടപടികള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, അസി. ഡയറക്ടര്‍ എന്നിവര്‍ ചെയ്യേണ്ടതാണെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
ഇത് കൂടാതെ ബേപ്പൂരില്‍ നിന്നുള്ള വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും യാനങ്ങള്‍ക്കും മത്സ്യം ഇറക്കാനും കച്ചവടം നടത്താനുമുള്ള സൗകര്യങ്ങള്‍ വെള്ളയില്‍ ഫിഷ് ലാന്റിങ് സെന്ററിലും പുതിയാപ്പ ഹാര്‍ബറിലും ചെയ്തു കൊടുക്കേണ്ടതാണ്. ഈ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ല പൊലീസ് മേധാവി ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. കോസ്റ്റല്‍ പൊലീസ് പൊലീസും ഇക്കാര്യത്തില്‍ അധികൃതരെ സഹായിക്കേണ്ടതാണെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.