തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. തിരുവനന്തപുരത്തെ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ നിപ ഫലം നെഗറ്റീവ് ആണെന്ന് റിപ്പോര്‍ട്ട് വന്നു. കാട്ടാക്കട സ്വദേശിനിയുടെ നിപ ഫലം ഇന്ന് വരും. അതോടൊപ്പം 51 പേരുടെ പരിശോധന ഫലവും ഇന്നറിയാന്‍ കഴിയും.
തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കായിരുന്നു രോഗം സംശയിച്ചിരുന്നത്. കോഴിക്കോട്ട് നിന്ന് വന്നയാളായിരുന്നു മെഡിക്കല്‍ വിദ്യാര്‍ഥി. കാട്ടാക്കട സ്വദേശിനിയുടെ ബന്ധുക്കള്‍ കോഴിക്കോട്ട് നിന്ന് വന്നിരുന്നു. തോന്നക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണ് ഇവരുടെ സാമ്പിളുകള്‍ പരിശോധിച്ചത്.
കോഴിക്കോട് ജില്ലയില്‍ നിപ നിയന്ത്രണ വിധേയമാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കോഴിക്കോട് 1192 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ അഞ്ച് പേര്‍ ലക്ഷണങ്ങളോട് കൂടി ഐസൊലേഷനിലാണ്.
നിയന്ത്രണങ്ങള്‍ തുടരുകയാണ്. ജില്ലയില്‍ ശനിയാഴ്ച വരെ പഠനം ഓണ്‍ലൈന്‍ വഴിയാക്കിയിട്ടുണ്ട്. നിപ ബാധിത മേഖലകളില്‍ പഠനത്തിനായി കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം നാളെ കോഴിക്കോട്ടെത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.