വരട്ടെ കൂടുതൽ സ്ത്രീകൾ അധികാര ശ്രേണിയിലേക്ക്... ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ നാഴികക്കല്ലായി വനിതാ സംവരണ ബിൽ

വരട്ടെ കൂടുതൽ സ്ത്രീകൾ അധികാര ശ്രേണിയിലേക്ക്... ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ നാഴികക്കല്ലായി വനിതാ സംവരണ ബിൽ

ഏ​റെ​ക്കാ​ല​മാ​യി രാ​ജ്യം കാ​ത്തി​രി​ക്കു​ന്ന വ​നി​ത സം​വ​ര​ണ ബി​ൽ ലോ​ക്സ​ഭ​യി​ലും രാജ്യസഭയിലും അ​വ​ത​രി​പ്പി​ച്ച​തോ​ടെ ച​രി​ത്ര​ത്തി​ൽ അ​തൊ​രു നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി. ബി​ൽ നി​യ​മ​മാ​യാ​ൽ വ​നി​ത​ക​ളു​ടെ അം​ഗ​ബ​ലം ലോ​ക്സ​ഭ​യി​ലും വിവിധ സംസ്ഥാനങ്ങളിലെ നി​യ​മ​സ​ഭ​കളി​ലും 33 ശതമാനമായി ഉ​യ​രും. ബിൽ പാസായാലും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നടപ്പിൽ വരില്ല. എങ്കിലും ഇന്ത്യയുടെ രാഷ്ട്രീയത്തെ, ജനാധിപത്യത്തെ കൂടുതൽ സമഗ്രമാക്കും വനിതാ സംവരണം എന്നതിൽ സംശയമില്ല. പാർലമെൻറിൽ വനിതാ സംവരണ ബിൽ കൊണ്ടുവരികയും പ്രതിഷേധങ്ങൾക്കിടയിൽ പാസാകാതെ പോകുകയും ചെയ്യുന്ന നാടകങ്ങളാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിൽ കണ്ടത്.

എന്താണ് വനിതാ സംവരണ ബിൽ?

സംസ്ഥാന നിയമസഭകളിലെയും ലോക്സഭയിലെയും ആകെ സീറ്റുകളുടെ മുന്നിലൊന്ന് (33ശതമാനം) സ്‌ത്രീകൾക്കായി സംവരണം ചെയ്യാൻ വ്യവ്സഥ ചെയ്യുന്നതാണ് വനിതാ സംവരണ ബിൽ. 33 ശതമാനം ക്വാട്ടയിൽ എസ്‌. സി, എസ്. ടി, ആംഗ്ലോ- ഇന്ത്യൻ എന്നിവർക്കും ഉപ സംവരണം നൽക്കാൻ നിർദേശിക്കുന്നുണ്ട്. ഈ സീറ്റുകൾ സംസ്ഥാനത്തങ്ങളിലെയോ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയോ മണ്ഡലങ്ങളിൽ റൊട്ടേഷൻ വ്യവസ്ഥയിൽ മാറ്റാം. നിലവിൽ ലോക്സഭയിൽ 543 ൽ 82വനിതകളാണ് ഉള്ളത്. ഭേദഗതി നിലവിൽ വന്നാൽ 543ൽ 181 സീറ്റും വനിതകൾക്കായിരിക്കും.

വനിത സംവരണ ബില്ലിന്റെ നാൾ വഴികൾ;

സ്‍ത്രീകളുടെ സാമൂഹികാവസ്ഥ പഠിക്കാൻ കേന്ദ്ര സർക്കാർ 1974 ൽ ഒരു സമിതിയെ നിശ്ചയിച്ചു. തിരഞ്ഞെടുപ്പിൽ വനിതാ പ്രാതിനിധ്യം വേണമെന്ന് സമിതി നിർദേശം നൽകി. തദ്ദേശ തിരഞ്ഞെടുപ്പിൽ സംവരണം വേണമെന്ന് ശുപാർശ ചെയ്തെങ്കിലും വർഷങ്ങളോളം നടപടികളൊന്നുമുണ്ടായില്ല,

1987 ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് സ്ത്രീകളുടെ പദവി മെച്ചപ്പെടുത്തുന്നതിന് കേന്ദ്രമന്ത്രി മാർഗരറ്റ് ആൽവയുടെ നേതൃത്വത്തിൽ 14 അംഗ കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റി നൽകിയ 353 ശുപാർശകളിൽ തിരഞ്ഞെടുപ്പ് ബോഡികളിലെ സീറ്റ് സംവരണവുമായി ബന്ധപ്പെട്ട ഒന്നാണ് വനിത സംവരണ ബിൽ.

1992 ൽ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ സർക്കാർ 73, 74 ഭരണഘടനാ ഭേദഗതി നിയമങ്ങൾ പാസാക്കി. അത് രാജ്യത്തുടനീളമുള്ള ചെയർപേഴ്‌സൺ ഓഫീസ് ഉൾപ്പെടെയുള്ള പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 33.3 ശതമാനം സംവരണം നിർബന്ധമാക്കി.

1996 സെപ്റ്റംബർ 12 ന് ദേവഗൗഡ സർക്കാരാണ് ആദ്യം വനിതാ സംവരണ ബിൽ പാർലമെൻറിൽ അവതരിപ്പിച്ചത്. ബിൽ സി.പി.ഐ എം.പി ഗീതമുഖർജിയുടെ നേതൃത്വത്തിലുള്ള സംയുക്ത പാർലമെൻററി സമിതിക്ക് വിട്ടു. സമിതി സംവരണത്തിന് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ചു. തൊട്ടു പിന്നാലെ ദേവഗൗഡ സർക്കാർ വീണു. 1998 ജൂൺ 26 ന് വാജ്പേയ് സർക്കാർ ഭരണഘടനാ ഭേദഗതിയായി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. പക്ഷേ അന്ന് ബില്ലിൽ അഭിപ്രായ ഐക്യം സാധ്യമായില്ല. പിന്നീട് 1999, 2002, 2003 വർഷങ്ങളിൽ വാജ്‌പേയി സർക്കാരിന്റെ കീഴിൽ ഇത് പുനരാരംഭിച്ചെങ്കിലും വിജയിച്ചില്ല.

അഞ്ച് വർഷത്തിന് ശേഷം മൻമോഹൻ സിങിന്റെ ഭരണ കാലത്ത് 2008 ലാണ് ബിൽ വീണ്ടും പാർലമെന്റിൽ എത്തിയത്. ഇത് വീണ്ടും കാലഹരണപ്പെടാതിരിക്കാൻ രാജ്യസഭയിൽ 1996-ലെ ഗീതാ മുഖർജി കമ്മിറ്റി നൽകിയ ഏഴ് ശുപാർശകളിൽ അഞ്ചെണ്ണം ബില്ലിന്റെ ഈ പതിപ്പിൽ ഉൾപ്പെടുത്തി. തുടർന്ന് 2008 മെയ് ഒമ്പതിന് നിയമ നിർമാണം സ്റ്റാൻഡിംഗ് കമ്മിറ്റിയ്ക്ക് അയച്ചു. 2009 ഡിസംബർ 17 ന് സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു.

2010 മാർച്ച് ഒമ്പതിന് വനിതാ സംവരണ ബിൽ രാജ്യസഭ പാസാക്കി. പക്ഷേ സമാജ്‌വാദി പാർട്ടിയും ആർജെഡിയും എതിർത്തു. പിന്നീട് 13 വർഷമായിട്ടും ലോക്സഭയിൽ പാസാകാത്ത ദുരവസ്ഥയിലായിരുന്നു ബിൽ. പാർലമെൻറിൻറെ ഈ പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങിൻറെ അധ്യക്ഷതയിൽ ഞായറാഴ്ച നടന്ന സർവകക്ഷി യോഗത്തിൽ കോൺഗ്രസ് അടക്കം വിവിധ കക്ഷികൾ ആവശ്യപ്പെടുകയായിരുന്നു.

ഇപ്പോഴത്തെ പ്രത്യേക പാർലമെൻറ് സമ്മേളനത്തിലൂടെ ഈ നിർണായക ബിൽ പാസായാലും അത് 2024 ലെ തിരഞ്ഞെടുപ്പിൽ പ്രാവർത്തികമാകില്ല. മണ്ഡല പുനക്രമീകരണത്തിനു ശേഷം 2029ൽ വനിതാ സംവരണം യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ.

സ്ത്രീകളുടെ നിലവിലെ പ്രാതിനിധ്യം

ഒട്ടേറെ മേഖലകളിൽ ഇന്ത്യ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തിൽ സ്ത്രീകളുടെ സാന്നിധ്യം വളരെ കുറവാണ്. ലോക്സഭയിലെ ആകെ സീറ്റുകളിൽ 15 ശതമാനം മാത്രമാണ് സ്ത്രീകളുള്ളത്. ഇതിന് പുറമെ ഒട്ടേറെ സംസ്ഥാനങ്ങളിൽ സ്ത്രീ പ്രാതിനിധ്യം പത്ത് ശതമാനത്തിൽ താഴെയാണ്.

ആന്ധ്രാ പ്രദേശ്, അരുണാചൽ പ്രദേശ്, അസം, ഗോവ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുർ, മേഘാലയ, ഒഡിഷ, സിക്കിം, തമിഴ്‌നാട്, തെലങ്കാന, ത്രിപുര, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ പത്ത് ശതമാനത്തിൽ താഴെ മാത്രമാണ് സ്ത്രീകളുടെ പ്രാതിനിധ്യമുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.