പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് മതപീഡനത്തില്‍ നൂറിരട്ടി വര്‍ധന; ന്യൂനപക്ഷങ്ങള്‍ വിദേശത്തേക്ക് പോകണോ? ഒഡിഷ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി താമരശേരി ബിഷപ്പ്

 പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് മതപീഡനത്തില്‍ നൂറിരട്ടി വര്‍ധന; ന്യൂനപക്ഷങ്ങള്‍ വിദേശത്തേക്ക് പോകണോ? ഒഡിഷ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി താമരശേരി ബിഷപ്പ്

കോഴിക്കോട്: ഒഡിഷയിലെ ജലേശ്വറില്‍ മലയാളി കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെ ഉണ്ടായ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയല്‍. 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് മതപീഡനത്തില്‍ നൂറിരട്ടി വര്‍ധനവുണ്ടായെന്നും ന്യൂനപക്ഷങ്ങള്‍ വിദേശത്തേക്ക് പോകണോയെന്നും അദേഹം ചോദിച്ചു.

ക്രൈസ്തവര്‍ ആകുലതയിലാണെന്നും മതംമാറ്റം എന്ന പേരില്‍ നിയമം കൊണ്ടുവന്ന് ക്രൈസ്തവ ലോകത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദേഹം വിമര്‍ശിച്ചു. നക്‌സലൈറ്റുകളുടെ ആക്രമണത്തിനെതിരെ എന്ത് നടപടിയാണോ അമിത് ഷാ സ്വീകരിച്ചത് അതേ നടപടി ക്രൈസ്തവരെ ആക്രമിക്കുന്നവര്‍ക്കെതിരെയും ഉണ്ടാകണണം. ബിജെപി സര്‍ക്കാര്‍ സംരക്ഷണം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അതിനുള്ള തെളിവാണ് ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതെന്നും അദേഹം പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരമാണ് ജലേശ്വര്‍ ഇടവകയ്ക്ക് കീഴിലുള്ള ഗംഗാധര്‍ ഗ്രാമത്തില്‍ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് മലയാളികളായ രണ്ട് വൈദികരെയും കന്യാസ്ത്രീകളെയും ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ബാലസോര്‍ രൂപതയ്ക്ക് കീഴിലുള്ള ജലേശ്വറിലെ സെന്റ് തോമസ് ഇടവക വികാരി കോട്ടയം കുറവിലങ്ങാട് സ്വദേശി ഫാ. ലിജോ ജോര്‍ജ് നിരപ്പേല്‍, തൃശൂര്‍ സ്വദേശി ജോഡ ഇടവകയിലെ ഫാ. വി. ജോജോ, സന്യാസിനിമാരായ സിസ്റ്റര്‍ മോളി, സിസ്റ്റര്‍ എലേസ എന്നിവരെയാണ് മര്‍ദിച്ചത്.

വൈദികരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞായിരുന്നു കൈയേറ്റം. മൊബൈല്‍ ഫോണുകളും തട്ടിയെടുത്തു. അര മണിക്കൂറിന് ശേഷം പൊലീസ് എത്തിയാണ് രക്ഷിച്ചത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.