ജനാധിപത്യം ചവിട്ടേറ്റു കിടക്കുമ്പോൾ; മതേതരത്വം പീഡനത്തിന്റെ ക്രൂശിൽ

ജനാധിപത്യം ചവിട്ടേറ്റു കിടക്കുമ്പോൾ; മതേതരത്വം പീഡനത്തിന്റെ ക്രൂശിൽ

ത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ രണ്ടു കത്തോലിക്കാ കന്യാസ്ത്രീമാർക്ക് നേരെ നടന്നത് ഒരു ക്രൂരമായ സാമൂഹിക അക്രമം മാത്രമല്ല, ഭാരതത്തിന്റെ മതേതരത്വത്തെയും ജനാധിപത്യത്തിനെയും കശാപ്പ് ചെയ്യുന്ന നടപടിയുടെ ഒരു ഘട്ടം കൂടിയാണ്. ട്രെയിനിൽ യാത്ര ചെയ്തിരുന്ന സിസ്റ്റേഴ്സിനെയും പെൺകുട്ടികളെയും ആദ്യം സംശയിച്ചത് ടിക്കറ്റ് ചെക്കറാണ്. അദ്ദേഹം പൊലീസിനെ വിളിച്ചില്ല; ബജറംഗ് ദളിന്റെ നേതാക്കളെ വിവരമറിയിച്ചു. പിന്നെ സംഭവിച്ചത് – കന്യാസ്ത്രീമാരെ ജനമദ്ധ്യത്തിൽ വെച്ച് പരസ്യ വിചാരണയും തെറിയഭിഷേകവും, അവസാനം ബജറംഗ്‌ ദൾ എന്ന തീവ്രവാദ സംഘടനയുടെ നിർദേശപ്രകാരം അറസ്റ്റും. ഇന്ത്യയുടെ ജനാതിപത്യ മതേതരത്വ മനസുകളെ വല്ലാതെ വേദനിപ്പിക്കുന്ന ഭയാനക ദൃശ്യങ്ങളാണ് നമുക്ക് മുൻപിലുള്ളത്.

നാളെ ജനാധിപത്യ ഇന്ത്യയിൽ ഒരു പൗരന് ഒരു വിഷയമുണ്ടായാൽ നിങ്ങൾ നാഗ്പൂരിൽ ആർ.എസ്.എസ്.യുടെ കാര്യാലയത്തിൽ പോയി പരാതികൊടുക്കേണ്ട ഗതികേടുണ്ടാകില്ല എന്നാരറിഞ്ഞു? പൊതു ജനസേവകരായ സർക്കാർ ഉദ്യോഗസ്ഥരെ, അധ്യാപകരെ, വക്കീലന്മാരെ, എന്തിനേറെ പറയുന്നു, മാധ്യമലോകത്തെയും നീതിന്യായ സംവിധാനത്തെയും വർഗീയവൽക്കരിച്ച് കഴിഞ്ഞ ഇന്ത്യയിലാണ് നാം ഇന്ന് ജീവിക്കുന്നത്.

ഇത് ഒറ്റപ്പെട്ട സംഭവം അല്ല. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി, പ്രത്യേകിച്ച് 2008-ൽ ഒഡീഷയിലെ കന്ദഹ്മാൾ ജില്ലയിൽ നടന്ന ക്രൈസ്തവ വിരുദ്ധ കലാപങ്ങൾ ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് കറുത്ത കറയാണ്. ഏകദേശം 100-ലധികം ക്രൈസ്തവരേയും വൈദികരേയും കൊലപ്പെടുത്തിയ ആ കലാപത്തിൽ നിരവധി വീടുകളും ദേവാലയങ്ങളും നശിപ്പിക്കപ്പെട്ടു.

ബിഹാറിലും ഛത്തീസ്ഗഡിലും യുപിയിലും, "മതപരിവർത്തനം" ആരോപിച്ച് ക്രൈസ്തവ മിഷനറിമാർക്കെതിരെ നിരന്തരമായ പീഡനങ്ങൾ നടക്കുന്നുണ്ട്. രാജ്യത്ത് കൃത്യമായ ഇടവേളകളിൽ ക്രൈസ്തവർക്കെതിരെയുള്ള പീഡനങ്ങൾ നടക്കുന്നുണ്ട്. 2024ൽ തന്നെ ക്രൈസ്തവ പീഡനങ്ങളുടെ 834 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് ക്രൈസ്തവർ വിവിധ കള്ളക്കേസുകളിൽ പെട്ട് ഇന്നും വിവിധ ഉത്തരേന്ത്യൻ ജയിലുകളിൽ കഴിയുന്നുണ്ട്.

2023-ൽ മണിപ്പൂരിൽ നടന്ന വിഭാഗീയ കലാപത്തിൽ നൂറുകണക്കിന് വിശ്വാസികൾ കൊല്ലപ്പെടുകയും ക്രൈസ്തവ ആരാധനാലയങ്ങൾ തീവച്ച് നശിപ്പിക്കപ്പെടുകയും ചെയ്തു. അതുപോലെ യുപിയിലെ റായ് ബറേലി, സിതാപൂർ എന്നിവിടങ്ങളിൽ ക്രൈസ്തവ ആരാധനാസ്ഥലങ്ങളിൽ ആക്രമണങ്ങൾ നടന്നു. ഗ്രഹാം സ്റ്റൈനസിനെയും മക്കളെയും, ഫാ. സ്റ്റാൻ സ്വാമിയെയും മതേതര ഭാരതത്തിന് ഒരിക്കലും മറക്കാനാവില്ല.

വിവിധ തലങ്ങളിൽ വിവിധ ഗ്രൂപ്പുകൾ വർഗീയ വിഷം കുത്തിവയ്ക്കുമ്പോൾ തകരുന്നത് നമ്മുടെ നാടാണ്. നാടിന്റെ പാരമ്പര്യമാണ്. വേദനിക്കുന്നത് മതേതര ഇന്ത്യയുടെ ആത്മാവാണ്. ഈ രീതി തുടർന്നാൽ നാളെ നമ്മുടെ പുത്തൻ തലമുറയ്ക്ക് “മതസഹിഷ്ണുതയുള്ള ഇന്ത്യ”യെ കാണാൻ കഴിയില്ല.

മതത്തിന്റെ പേരിൽ തമ്മിൽ തല്ലിക്കുന്ന ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെയും തീവ്രവാദത്തെയും നിരുത്സാഹപ്പെടുത്താനും വർഗീയ ഭ്രാന്തന്മാരെ തളച്ചിടാനും ജനാധിപത്യ മനസ്സുകളും എല്ലാ രാഷ്ട്രീയ പാർട്ടികളും, സമുദായ പാർട്ടികളും ഒന്നിക്കട്ടെ. അല്ലെങ്കിൽ ജനാധിപത്യ ഇന്ത്യ നാളത്തെ തലമുറയ്ക്ക് ഒരു മുത്തശ്ശിക്കഥ മാത്രമാകും.

#SaveSecularIndia #JusticeForSisters #ResistHate #UpholdConstitution


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.