ബഹ്റൈനില്‍ ഇന്ത്യന്‍ അധ്യാപകര്‍ അറസ്റ്റില്‍; ബിഎഡ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് ആരോപണം

ബഹ്റൈനില്‍ ഇന്ത്യന്‍ അധ്യാപകര്‍ അറസ്റ്റില്‍; ബിഎഡ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് ആരോപണം

മനാമ: ബഹ്റൈനില്‍ അധ്യാപകരായ ഇന്ത്യന്‍ പ്രവാസികള്‍ക്ക് തിരിച്ചടി. ഇന്ത്യയില്‍ നിന്നു ബിഎഡ് പഠനം പൂര്‍ത്തിയാക്കി ബഹ്റൈനില്‍ ജോലി ചെയ്യുന്ന പല അധ്യാപകരും സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ അയോഗ്യരായി. ജോലിയില്‍ പ്രവേശിച്ച ചില അധ്യാപകരെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ജോലി നേടിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നു ബിരുദവും ബിരുദാനന്തര ബിരുദവും തുടര്‍ന്ന് ബിഎഡ് കോഴ്സും പൂര്‍ത്തിയാക്കിയ പല അധ്യാപകരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ബഹ്റൈന്‍ മന്ത്രാലയത്തിന്റെ പരിശോധനയിലാണ് അയോഗ്യമാണെന്ന് കണ്ടെത്തിയത്. ബഹ്റൈനിലെ സ്‌കൂളുകളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലിക്ക് ചേര്‍ന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പോലും അയോഗ്യമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ക്വാഡ്രാബേ എന്ന രാജ്യാന്തര ഏജന്‍സിയാണ് ബഹ്റൈന്‍ മന്ത്രാലയത്തിന് വേണ്ടി സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുന്നത്. സ്വന്തം ചെലവില്‍ ക്വഡ്രാബേയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്ത ശേഷം അതിന്റെ ഫലം സ്‌കൂളുകള്‍ ഉറപ്പാക്കണമെന്ന നിബന്ധന എല്ലാ സ്‌കൂളുകളും നടപ്പാക്കാന്‍ തുടങ്ങിയതോടെയാണ് അധ്യാപകരോട് സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് ഭൂരിപക്ഷം അധ്യാപകരും അവരുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ക്വാഡ്രാബേയില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. അതോടെയാണ് പല അധ്യാപകരുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധനാ ഫലം നെഗറ്റിവ് ആയത്.

മുന്‍പ് അംഗീകാരമുണ്ടായിരുന്ന പല യൂണിവേഴ്‌സിറ്റികള്‍ക്കും ഇപ്പോള്‍ അംഗീകാരം ഇല്ലാതായതാണ് അധ്യാപകര്‍ക്കു വിനയായത്. ഒരു സര്‍ട്ടിഫിക്കറ്റിന് 27 ദിനാര്‍ വീതമാണ് പരിശോധനയ്ക്കായി ഓരോ അധ്യാപകരും നല്‍കേണ്ടത്. രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് ശേഷമാണ് ക്വാഡ്രാബേ ഇതുസംബന്ധിച്ച ഫലം അറിയിക്കുന്നത്.

ഇന്ത്യയിലെ ചില സര്‍വകലാശാലകളുടെ ബിഎഡ് കോഴ്സുകള്‍ രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെടാത്തതാണ് പല അധ്യാപകര്‍ക്കും വിനയായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.