ബിഎഡ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന ആരോപണത്തില്‍ ബഹ്റൈനില്‍ അറസ്റ്റിലായ ഇന്ത്യന്‍ അധ്യാപകര്‍ക്ക് മോചനം

ബിഎഡ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന ആരോപണത്തില്‍ ബഹ്റൈനില്‍ അറസ്റ്റിലായ ഇന്ത്യന്‍ അധ്യാപകര്‍ക്ക് മോചനം

മനാമ: ബിഎഡ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിച്ച് ബഹ്റൈനില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി അധ്യാപിക അടക്കമുള്ളവര്‍ മോചിതരായി. ഇന്ത്യന്‍ എംബസിയുടെയും മന്ത്രാലയങ്ങളുടെയും ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. അറസ്റ്റ് ചെയ്യപ്പെട്ട അധ്യാപകര്‍ക്കെതിരെ കേസുകള്‍ ഉണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അധ്യാപകരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിക്കാന്‍ ബഹ്റൈന്‍ മന്ത്രാലയം നിര്‍ദേശിക്കപ്പെട്ട പരിശോധനാ സംവിധാനമായ ക്വാഡ്രബേയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ഇതനുസരിച്ച് അധ്യാപകര്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചപ്പോള്‍ പലരുടെയും സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന റിപ്പോര്‍ട്ട് വന്നതാണ് നിയമനടപടികള്‍ക്ക് ഇടയാക്കിയത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അംഗീകാരമുള്ള അക്കാദമി വഴി കറസ്പോണ്ടന്‍സ് ആയി നേടിയ സര്‍ട്ടിഫിക്കറ്റ് അംഗീകാരമില്ലാത്തതാണെന്ന് കണ്ടെത്തി വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ഗണത്തില്‍പ്പെടുത്തുകയായിരുന്നു. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച നിരവധി അധ്യാപകരെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റ് ചെയ്യുകയുണ്ടായി. സര്‍ട്ടിഫിക്കറ്റ് നല്‍കിയ സ്ഥാപനങ്ങളെ പിന്നീട് ചില രാജ്യങ്ങള്‍ അംഗീകാരമില്ലാത്തവയുടെ പട്ടികയില്‍പ്പെടുത്തുകയായിരുന്നുവെന്നും വര്‍ഷങ്ങളായി ജോലി ചെയ്തു വരുന്ന അധ്യാപകര്‍ നിരപരാധികളാണെന്നും ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയത്തെ ബോധ്യപ്പെടുത്തിയതോടെയാണ് മോചനം സാധ്യമായത്.

അടച്ചുപൂട്ടിയതും അംഗീകാരം നഷ്ടപ്പെട്ടതുമായ അക്കാദമികളാണ് അധ്യാപകര്‍ക്ക് വിനയായത്. ഇന്ത്യക്കാര്‍ക്കു പുറമേ ഈജിപ്ത്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യക്കാരും ഇത്തരത്തില്‍ ബഹ്റൈനില്‍ അറസ്റ്റിലായിട്ടുണ്ട്. നിരപരാധിത്വം തെളിയിക്കപ്പെട്ടതിനനുസരിച്ച് ഇവരില്‍ പലരെയും കഴിഞ്ഞയാഴ്ചകളില്‍ വിട്ടയച്ചിരുന്നു.

ഇന്ത്യന്‍ എംബസി വിഷയത്തില്‍ അടിയന്തരമായി ഇടപെടുകയും ബഹ്റൈന്‍ അധികൃതരെ കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തതോടെ അധ്യാപകരുടെ മോചനം സാധ്യമാവുകയായിരുന്നു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിനും എംബസിക്കും കത്തയച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.