ഇംഫാലില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്: മണിപ്പൂരില്‍ വീണ്ടും ഇന്റര്‍നെറ്റ് നിരോധിച്ചു

 ഇംഫാലില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്: മണിപ്പൂരില്‍ വീണ്ടും ഇന്റര്‍നെറ്റ് നിരോധിച്ചു

നുണ പറഞ്ഞ് രാജ്യം ചുറ്റുന്ന പ്രധാനമന്ത്രി മണിപ്പൂരിനെ ഉപേക്ഷിച്ചിരിക്കുകയാണന്ന് കോണ്‍ഗ്രസ്.

ഇംഫാല്‍: മാസങ്ങളായി കലാപം തുടരുന്ന മണിപ്പൂരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ തലസ്ഥാനമായ ഇംഫാലില്‍ വന്‍ സംഘര്‍ഷം. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതോടെ മണിപ്പൂരില്‍ വീണ്ടും ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. ഒക്ടോബര്‍ ഒന്ന് വരെയാണ് നിയന്ത്രണം.

മെയ്‌തേയ് വിഭാഗത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു എന്ന വിവരം പുറത്തു വന്നതിന് പിന്നാലെയാണ് ഇംഫാലില്‍ വീണ്ടും സംഘര്‍ഷമുണ്ടായത്. വിദ്യാര്‍ത്ഥികളെ കാണാനില്ലെന്നത് സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയാണ് കുട്ടികള്‍ മരിച്ച് കിടക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഹിജാം ലിന്തോയ്ഗാമ്പി (17), ഫിജാം ഹെംജിത്ത് (20) എന്നീ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്.

വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ഇന്നലെ രാത്രിയിലാണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകളും പുക ബോംബുകളുമെല്ലാം പൊലീസ് പ്രയോഗിച്ചു. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണ്.

മണിപ്പൂരിലെ പുതിയ സംഭവവികാസത്തില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മണിപ്പൂരില സ്ഥിതി ശാന്തമെന്ന സര്‍ക്കാര്‍ വാദത്തിന് കടകവിരുദ്ധമാണ് പുതുതായി പുറത്ത് വന്ന കാഴ്ചകളെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു.

നുണ പറഞ്ഞ് രാജ്യം ചുറ്റുന്ന പ്രധാനമന്ത്രി മണിപ്പൂരിനെ ഉപേക്ഷിച്ചിരിക്കുകയാണ്. പുതിയ ദൃശ്യങ്ങള്‍ ഇനിയും പുറത്ത് വരുമെന്ന് ഭയന്നാണ് വീണ്ടും ഇന്റര്‍നെറ്റ് റദ്ദാക്കിയിരിക്കുന്നതെന്നും ജയറാം രമേശ് ആരോപിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.