ഗാങ്ടോക്: സിക്കിമില്‍ മേഘ വിസ്ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. 22 സൈനികർ ഉൾപ്പെടെ 100 പേരെ കാണാതായെന്ന് സംസ്ഥാന ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ഇവര്‍ക്കായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സൈന്യവും തിരച്ചില്‍ തുടരുകയാണ്.
പരിക്കേറ്റ 26 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. നിലവില്‍ പ്രളയക്കെടുതിയില്‍ നിന്ന് 2011 പേരെ രക്ഷപ്പെടുത്തി. 22,034 പേരെ പ്രളയം നേരിട്ട് ബാധിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
വടക്കന്‍ സിക്കിമില്‍ ലൊനക് തടാകത്തിന് മുകളിലാണ് മേഘ വിസ്ഫോടനം ഉണ്ടായത്. ഇതിന് പിന്നാലെ തീസ്ത നദിയില്‍ ഉണ്ടായ മിന്നല്‍ പ്രളയമാണ് സിക്കിമിനെ ദുരിതത്തിലാക്കിയത്. മാംഗന്‍, ഗാങ്ടോക്, പാക്യോങ്, നാംചി ജില്ലകളിലാണ് വലിയ നാശനഷ്ടം സംഭവിച്ചത്. ചുങ്താങ് അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടതാണ് സ്ഥിതി ഗുരുതരമാക്കിയത്. 14 പാലങ്ങളാണ് തകര്‍ന്നത്. ബംഗാളുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയും തകര്‍ന്നു.
വിനോദ സഞ്ചാരികള്‍ ഇപ്പോഴും വിവിധ പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന സ്ഫോടക വസ്തുക്കളോ, വെടിമരുന്നോ, എടുക്കരുതെന്ന് പ്രദേശവാസികള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവ കൈ കൊണ്ട് എടുത്താല്‍ പൊട്ടിത്തെറിച്ച് അത്യാഹിതം സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതിനിടെ മംഗാന്‍ ജില്ലയിലെ ലാച്ചനിനടുത്തുള്ള ഷാക്കോ ചോ തടാകത്തിന്റെ തീരത്ത് നിന്ന് അധികൃതര്‍ താമസക്കാരെ ഒഴിപ്പിക്കാന്‍ തുടങ്ങി. തടാകം പൊട്ടുന്നതിന്റെ വക്കിലായതിനാല്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തങ്കു ഗ്രാമത്തിന് മുകളിലാണ് ഷാക്കോ ചോ ഹിമ തടാകം. 1.3 കിലോമീറ്റര്‍ നീളമുള്ള തടാകത്തിന്റെ 12 കിലോമീറ്റര്‍ മാത്രം അകലെയാണ് ഗ്രാമം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.