ഇസ്രയേലില്‍ മരണം 300 കടന്നു; തിരിച്ചടിയില്‍ 230: ഇന്ന് യു.എന്‍ രക്ഷാ സമിതിയുടെ നിര്‍ണായക യോഗം

ഇസ്രയേലില്‍ മരണം 300 കടന്നു; തിരിച്ചടിയില്‍ 230: ഇന്ന് യു.എന്‍ രക്ഷാ സമിതിയുടെ നിര്‍ണായക യോഗം

എട്ട് ബില്യണ്‍ യു.എസ് ഡോളര്‍ ഇസ്രയേലിന് അമേരിക്കയുടെ അടിയന്തര സൈനിക സഹായ പാക്കേജ്.

ജറുസലേം: ഹമാസിന്റെ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു. 1600 ലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധിയാളുകളുടെ നില ഗുരുതരമാണ്. ഇസ്രയേല്‍ നടത്തിയ തിരിച്ചടിയില്‍ ഹമാസ് തീവ്രവാദികളടക്കം 230 ലധികം പാലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു.

യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ നിര്‍ണായക യോഗം ഇന്ന് നടക്കും. ഇന്നലെ നടന്ന ആക്രമണങ്ങളെ അപലപിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് രംഗത്തെത്തിയിരുന്നു. സംഘര്‍ഷം തടയാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് യു.എന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു.

അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിന് അടിയന്തര സൈനിക സഹായ പാക്കേജായി എട്ട് ബില്യണ്‍ യു.എസ് ഡോളര്‍ പ്രഖ്യാപിച്ചു. ബൈഡനും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും യുദ്ധത്തെ അപലപിച്ചു. ഹമാസ് തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ അമേരിക്ക ഇസ്രയേലിനൊപ്പമുണ്ടാകുമെന്ന് ഇരുവരും ആവര്‍ത്തിച്ചു.

അതേസമയം ദക്ഷിണ ഇസ്രായേലില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായും എല്ലാ പൊലീസ് വളന്റിയര്‍മാരെയും തിരിച്ചു വിളിക്കുന്നതായും ഇസ്രായേല്‍ ദേശ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ അറിയിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇസ്രയേല്‍ നേരിടുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്. ലോകത്തെ ഏറ്റവും ശക്തമായ സൈനിക ഇന്റലിജന്‍സ് സംവിധാനം എന്ന് അവകാശപ്പെട്ടിരുന്ന രാജ്യത്തിനുണ്ടായ ഗുരുതരമായ തിരിച്ചടി ഏവരെയും ഞെട്ടിച്ചു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ അമേരിക്ക നേരിട്ടതിന് സമാനമായ സാഹചര്യമാണ് ഇസ്രയേലിലുമുണ്ടായത്.

ഇസ്രയേലിന്റെ ദേശീയ അവധി ദിവസം നോക്കിയാണ് ഹമാസ് തീവ്രവാദികള്‍ ആക്രമണം ആസൂത്രണം ചെയ്തത്. നുഴഞ്ഞു കയറിയ ഹമാസ് ആയുധധാരികള്‍ ഇസ്രയേല്‍ തെരുവുകള്‍ കീഴടക്കുകയും കെട്ടിടങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. സാധാരണക്കാരടക്കം നിരവധിയാളുകളെ വെടിവച്ചിടുകയും ബന്ധിയാക്കുകയും ചെയ്തു.

എല്ലാ പ്രതിരോധങ്ങളും മറികടന്നാണ് കരമാര്‍ഗവും കടല്‍ മാര്‍ഗവും ഹമാസ് സേന ഇസ്രയേലിലേക്ക് ഇരച്ചു കയറിയത്. അത് മുന്‍കൂട്ടി അറിയുന്നതില്‍ സാരമായ വീഴ്ച ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് സംഭവിച്ചു. അതീവ സുരക്ഷ ഉറപ്പാക്കുന്ന കമ്പിവേലികള്‍ ഏറെ മുന്‍പു തന്നെ ഇസ്രയേല്‍ ഗാസ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്നു.

ആഴത്തില്‍ ഉറപ്പിച്ച ഈ കമ്പിവേലികളില്‍ സൂക്ഷ്മ നിരീക്ഷണത്തിനായി ക്യാമറകളും സ്ഥാപിച്ചിരുന്നു. എന്നാല്‍, ബുള്‍ഡോസര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് വേലികള്‍ നിഷ്പ്രയാസം തകര്‍ത്താണ് ഹമാസ് അതിര്‍ത്തി കടന്ന് അക്രമം അഴിച്ചു വിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.