ശ്രീലങ്ക ദക്ഷിണാഫ്രിക്ക മല്‍സരത്തില്‍ കടപുഴകിയത് ഒരുപിടി റെക്കോര്‍ഡുകള്‍; അടിക്ക് അടിയും തിരിച്ചടിയുമായി ഇത്തരമൊരു ലോകകപ്പ് മല്‍സരം ഇതാദ്യം

ശ്രീലങ്ക ദക്ഷിണാഫ്രിക്ക മല്‍സരത്തില്‍ കടപുഴകിയത് ഒരുപിടി റെക്കോര്‍ഡുകള്‍; അടിക്ക് അടിയും തിരിച്ചടിയുമായി ഇത്തരമൊരു ലോകകപ്പ് മല്‍സരം ഇതാദ്യം

ഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിലേക്ക് ഒട്ടെറെ പുതിയ റെക്കോര്‍ഡുകള്‍ എഴുതിച്ചേര്‍ത്ത മല്‍സരമായിരുന്നു ശനിയാഴ്ച നടന്ന ശ്രീലങ്ക- ദക്ഷിണാഫ്രിക്ക പോരാട്ടം. 102 റണ്‍സിന്റെ മിന്നും വിജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയെങ്കിലും മികച്ച പ്രത്യാക്രമണത്തിലൂടെ തങ്ങളും മോശമല്ലെന്ന് ശ്രീലങ്ക തെളിയിച്ചു. ഇതോടെ ഏറെ റെക്കോര്‍ഡുകള്‍ മല്‍സരത്തില്‍ പിറന്നു.

ഏറ്റവും ഉയര്‍ന്ന സ്‌കോര്‍

ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇനി ദക്ഷിണാഫ്രിക്കയുടെ പേരില്‍. ശനിയാഴ്ച നടന്ന പോരാട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 428 റണ്‍സ് ഇനി മുതല്‍ ഏകദിന ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം അലങ്കരിക്കും.

ഓസ്‌ട്രേലിയയുടെ പേരിലുള്ള റെക്കോര്‍ഡാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. 2015ല്‍ പെര്‍ത്തില്‍ വെച്ചു നടന്ന മല്‍സരത്തില്‍ അഫ്ഗാനെതിരെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 417 റണ്‍സാണ് ഓസ്‌ട്രേലിയ നേടിയത്.

ഏറ്റവും ഉയര്‍ന്ന മറ്റു സ്‌കോറുകള്‍

(രാജ്യം - എതിരാളികള്‍ - സ്‌കോര്‍ - വര്‍ഷം എന്ന ക്രമത്തില്‍)

ദക്ഷിണാഫ്രിക്ക - ശ്രീലങ്ക - 428/5 - 2023
ഓസ്‌ട്രേലിയ - അഫ്ഗാന്‍ - 417/7 - 2015
ഇന്ത്യ - ബര്‍മുഡ - 413/5 - 2007
ദക്ഷിണാഫ്രിക്ക - അയര്‍ലന്‍ഡ് - 411/4 - 2015
ദക്ഷിണാഫ്രിക്ക - വെസ്റ്റ് ഇന്‍ഡീസ് - 408/5 2015

ട്രിപ്പിള്‍ 400+ സ്‌കോര്‍

ഏകദിന ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ ആകെ മൂന്നു ടീമുകള്‍ മാത്രമേ 400ല്‍ അധികം റണ്‍സ് കുറിച്ചിട്ടുള്ളു. ഇന്ത്യയും ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ശ്രീലങ്കയ്‌ക്കെതിരായ മല്‍സരത്തോടെ ഈ നേട്ടം മൂന്നു വട്ടം കൈവരിക്കുകയെന്ന അപൂര്‍വ നേട്ടവും ദക്ഷിണാഫ്രിക്കയെ തേടിയെത്തി. 2015 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെയും വിന്‍ഡീസിനെതിരെയും ദക്ഷിണാഫ്രിക്ക ഈ നേട്ടം കൈവരിച്ചിരുന്നു.

ഏറ്റവും കൂടുതല്‍ റണ്‍സ്

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 429 റണ്‍സെന്ന പടുകൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക മികച്ച പോരാട്ട വീര്യം കാഴ്ചവെച്ചതോടെ ഒരു മല്‍സരത്തില്‍ ഇരുടീമുകളും ചേര്‍ന്നു നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ എന്ന നേട്ടം ഈ മല്‍സരം കൈവരിച്ചു. ആകെ 754 റണ്‍സാണ് ഈ മല്‍സരത്തില്‍ പിറന്നത്.

2019 ലോകകപ്പില്‍ ഓസ്‌ട്രേലിയ -ബംഗ്ലാദേശ് മല്‍സരത്തില്‍ പിറന്ന 714 റണ്‍സ് പഴങ്കഥയായി. ഈ രണ്ടു മല്‍സരങ്ങളില്‍ മാത്രമാണ് ടോട്ടല്‍ സ്‌കോര്‍ 700 കടന്നിട്ടുള്ളത്. 2015ല്‍ ഓസ്‌ട്രേലിയ- ശ്രീലങ്ക മല്‍സരത്തില്‍ കുറിച്ച 688 റണ്‍സ് പട്ടികയില്‍ മൂന്നാമതും 2019ല്‍ ഇംഗ്ലണ്ട് പാകിസ്ഥാന്‍ മല്‍സരത്തില്‍ പിറന്ന 682 റണ്‍സ് നാലാമതുമുണ്ട്. 2011 ലോകകപ്പില്‍ ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടത്തില്‍ പിറന്ന 676 റണ്‍സാണ് ഈ പട്ടികയിലെ അഞ്ചാമന്‍.


ഏറ്റവും വേഗതയേറിയ ലോകകപ്പ് സെഞ്ചുറി

49 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച എയ്ഡന്‍ മര്‍ക്രം ലോകകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. അയര്‍ലന്‍ഡ് താരം കെവിന്‍ ഒബ്രിയന്‍ പന്ത്രണ്ടു വര്‍ഷം മുന്‍പു സ്വന്തം പേരില്‍ കുറിച്ച റെക്കോര്‍ഡ് പഴങ്കഥയായി. 2011ല്‍ ഇംഗ്ലണ്ടിനെതിരെ നടത്തിയ മിന്നല്‍ പോരാട്ടത്തില്‍ 50 പന്തില്‍ നിന്നാണ് ഒബ്രിയന്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

ഗ്ലെന്‍ മാക്‌സ്‌വെല്‍ - 51 പന്ത്, ശ്രീലങ്കയ്‌ക്കെതിരെ 2015 ലോകകപ്പില്‍.
എബി ഡിവില്ലിയേഴ്‌സ് - 52 പന്തില്‍, വെസ്റ്റ് ഇന്‍ഡീസിനെതിരെ 2015ലോകകപ്പില്‍.
ഇയോണ്‍ മോര്‍ഗണ്‍ - 57 പന്തില്‍, അഫ്ഗാനെതിരെ 2019 ലോകകപ്പില്‍

ട്രിപ്പിള്‍ സെഞ്ചുറി

ഒരു ഏകദിന മല്‍സരത്തില്‍ മൂന്നുപേര്‍ മൂന്നക്കം കടക്കുന്ന അപൂര്‍തയും ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക്, വാന്‍ ഡെ ഡസന്‍, എയ്ഡന്‍ മര്‍ക്രം എന്നിവരാണ് സെഞ്ചുറി നേടിയത്.

ഒരു മല്‍സരത്തില്‍ ഏറ്റവുമധികം ബൗണ്ടറികള്‍

ഒരു മല്‍സരത്തില്‍ ഏറ്റവുമധികം ബൗണ്ടറികള്‍ പിറന്ന ഒരു മല്‍സരം കൂടിയാണ് ഇത്. ആകെ 74 ഫോറുകളും 31 സിക്‌സുകളുമടക്കം 105 ബൗണ്ടറികളാണ് ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയത്. ആകെ കുറിച്ച 754 റണ്‍സില്‍ 482 റണ്‍സും പിറന്നത് ബൗണ്ടറികളിലൂടെയാണ്.

ബാറ്റര്‍മാരുടെ പറുദീസയായ പിച്ച് ക്രിക്കറ്റ് ആരാധകര്‍ക്ക് നല്ലൊരു വിരുന്നായിരുന്നു. എന്നാല്‍ ബൗളര്‍മാരില്‍ ആരുംതന്നെ ഈ മല്‍സരം വീണ്ടും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.