അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം: മരിച്ചവരുടെ എണ്ണം 120 ആയി; 1000 പേർക്ക് പരിക്കേറ്റു

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം: മരിച്ചവരുടെ എണ്ണം 120 ആയി; 1000 പേർക്ക് പരിക്കേറ്റു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ മേഖലയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ 120 പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ചയുണ്ടായത്. 1000 ത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ദുരന്ത നിവാരണ അധികൃതർ അറിയിച്ചു.

ഇതുവരെ 1000 ത്തോളം സ്ത്രീകളെയും കുട്ടികളെയും വയോധികരെയും പരിക്കേറ്റ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 120 പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്ന് ഹെറാത്ത് പ്രവിശ്യാ ഡിസാസ്റ്റർ മാനേജ്മെന്റ് ഹെഡ് മോസ പറഞ്ഞു. മേഖലയിലെ ഏറ്റവും വലിയ നഗരമായ ഹെറാത്തിൽ നിന്ന് 40 കിലോമീറ്റർ വടക്കു പടിഞ്ഞാറ് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ശനിയാഴ്ച രാവിലെ 11 മണിക്കാണ് ആദ്യ ഭൂചലനമുണ്ടായത്. തുടർന്ന് 5.5, 4.7, 6.3, 5.9, 4.6 തീവ്രതയുള്ള ഏഴ് തുടർ ചലനങ്ങളും ഉണ്ടായിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിൽ ഇടയ്ക്കിടെ ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഏകദേശം 1000ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് പേർക്ക് വീടുകൾ നഷ്ടമാകുകയും ചെയ്തിരുന്നു. കാൽ നൂറ്റാണ്ടിനിടെ അഫ്ഗാനിസ്താനിലുണ്ടായ ഏറ്റവും മാരകമായ ഭൂകമ്പമായിരുന്നു ഇത്. ഈ വർഷം മാർച്ചിൽ വടക്കുകിഴക്കൻ അഫ്ഗാനിസ്താനിലെ ജുർമിന് സമീപം ഉണ്ടായ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ അഫ്ഗാനിസ്താനിലും പാക്കിസ്ഥാനിലുമായി 13 പേർ കൊല്ലപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.