റാസല്‍ഖൈമ: യു.എ.ഇയിലെ റാസല്‍ഖൈമയില്‍ നിന്ന് ഒമാനിലെ മുസന്ദത്തേക്ക് ആരംഭിച്ച ബസ് സര്‍വീസിന് മുസന്ദം ഗവര്‍ണറേറ്റില്‍ വന്‍ സ്വീകരണം. റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് അയല്‍രാജ്യത്തേക്ക് ബസ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.
രാവിലെ എട്ട് മണിക്കാണ് റാസല്‍ഖൈമയില്‍ നിന്ന് ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ മുസന്ദത്തിലേക്കുള്ള ആദ്യ ബസ് പുറപ്പെടുന്നത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ എട്ടിനും വൈകുന്നേരം ആറിനും റാസല്‍ഖൈമയില്‍ നിന്ന് മുസന്ദം ബസ് പറപ്പെടും. ഇതേ സമയം മുസന്ദമില്‍ നിന്ന് തിരിച്ചും ബസുണ്ടാകും. ഒമാനും യു.എ.ഇക്കുമിടയിലെ വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ബസ് സര്‍വീസെന്ന് റാക്ട ഡയറക്ടര്‍ ജനറല്‍ ഇസ്മായില്‍ ഹസന്‍ ആല്‍ ബലൂഷി പറഞ്ഞു.
നിറയെ യാത്രക്കാരുമായി മുസന്ദമിലെ ഖസബിലെത്തിയ ആദ്യ ബസിന് മുസന്ദം ഗവര്‍ണറേറ്റ് പ്രതിനിധികളുടെ നേതൃത്വത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. ഖസബിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും അധികൃതര്‍ യാത്രക്കാരെ ആഘോഷത്തോടെ വരവേറ്റു. അമ്പത് ദിര്‍ഹം നിരക്കിലാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ബസ് സര്‍വീസ് നടത്തുന്നത്. റാക്ടയുടെ അന്താരാഷ്ട്ര ബസ് സര്‍വീസിന് കൂടിയാണ് തുടക്കമായെന്ന് അധികൃതര്‍ പറഞ്ഞു.
യുഎഇക്കും ഒമാനുമിടയില്‍ ബസ് സര്‍വീസ് ആരംഭിച്ചത് മലയാളികള്‍ക്ക് ഉള്‍പ്പെടെ വലിയ അനുഗ്രഹമായി മാറും. ഒമാനിലെ സലാല ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇനി എളുപ്പമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.