തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്; ജാതി സെന്‍സസിനൊപ്പം ക്ഷേമവും മുഖ്യ പ്രചരണായുധമാക്കും

തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്; ജാതി സെന്‍സസിനൊപ്പം ക്ഷേമവും മുഖ്യ പ്രചരണായുധമാക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ചേരും. ലോക്‌സഭ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുക എന്നതാണ് യോഗത്തിന്റെ മുഖ്യ അജണ്ട. രാവിലെ 10.30 ന് എഐസിസി ആസ്ഥാനത്ത് തുടങ്ങുന്ന യോഗത്തില്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും സ്ഥിരം ക്ഷണിതാക്കളും പാര്‍ട്ടി മുഖ്യമന്ത്രിമാരും പങ്കെടുക്കും.

ഹിന്ദുത്വ രാഷ്ട്രീയവുമായി ബിജെപി മുന്നോട്ടു പോകുമ്പോള്‍ ഒബിസി വിഭാഗങ്ങളുടെ പ്രാതിനിധ്യ പ്രശ്‌നം ഉയര്‍ത്തി പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ജാതി സെന്‍സസ് മുഖ്യ പ്രചരണായുധമാക്കും. അതേസമയം ഒബിസി വിഷയത്തില്‍ അഭിഷേക് മനു സിങ് വിയെപ്പോലുള്ള മുതിര്‍ന്ന ചില പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്ക് വിയോജിപ്പുണ്ട്.

ഈ പശ്ചാത്തലത്തില്‍ അവരെക്കൂടി ബോധ്യപ്പെടുത്തി തന്ത്രങ്ങള്‍ക്ക് ഐക്യരൂപമുണ്ടാക്കുകയാണ് പ്രവര്‍ത്തകസമിതിയുടെ ഉദ്ദേശ്യം. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം രാജസ്ഥാനില്‍ ജാതി സെന്‍സസ് നടത്താന്‍ കഴിഞ്ഞ ദിവസം അശോക് ഗെഹലോട്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും ജാതി സെന്‍സസ് നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ബിഹാറിലെ ജാതി സെന്‍സസ് ഡേറ്റ തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കും എന്നകാര്യം സമിതി വിലയിരുത്തും. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലെ തന്ത്രങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്നകാര്യവും ആലോചിക്കും.

ജാതി സെന്‍സസിനൊപ്പം വീടില്ലാത്തവര്‍ക്ക് വീട്, വീട്ടമ്മമാര്‍ക്ക് പ്രതിമാസ ഓണറേറിയം, ബസില്‍ സൗജന്യയാത്ര, നിശ്ചിത യൂണിറ്റുവരെ സൗജന്യ വൈദ്യുതി, മുതിര്‍ന്ന പൗരര്‍ക്ക് പ്രതിമാസ പെന്‍ഷന്‍, വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായധനവും ജോലി കിട്ടുംവരെ സാമ്പത്തിക പിന്തുണയും, കര്‍ഷകരുടെ കടം എഴുതിത്തള്ളല്‍, വിദ്യാഭ്യാസ വായ്പകളുടെ പലിശ കുറയ്ക്കല്‍ തുടങ്ങി ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങളും തിരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.