അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: നവംബര്‍ ഏഴിന് ആരംഭിച്ച് 30 അവസാനിക്കും; വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന്

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: നവംബര്‍ ഏഴിന് ആരംഭിച്ച് 30 അവസാനിക്കും; വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന്

അഞ്ച് സംസ്ഥാനങ്ങളിലുമായി 60 ലക്ഷം കന്നി വോട്ടര്‍മാരാണ് സമ്മതിദാനം രേഖപ്പെടുത്താനൊരുങ്ങുന്നത്. ആകെ വോട്ടര്‍മാരുടെ എണ്ണം 16.14 കോടിയാണ്.

ന്യൂഡല്‍ഹി: രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന, മിസോറം നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചു. ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടമായും മറ്റിടങ്ങളില്‍ ഒറ്റ ഘട്ടമായിട്ടുമാണ് തിരഞ്ഞെടുപ്പ്.

മിസോറാമില്‍ നവംബര്‍ ഏഴിനാണ് വോട്ടെടുപ്പ്. ഛത്തീസ്ഗഢില്‍ ആദ്യഘട്ടം നവംബര്‍ ഏഴിനും രണ്ടാം ഘട്ടം നവംബര്‍ 17 നും നടക്കും.  ഛത്തീസ്ഗഢിലെ രണ്ടാം ഘട്ടത്തിനൊപ്പമാകും മധ്യപ്രദേശിലെ വോട്ടെടുപ്പ്. രാജസ്ഥാനില്‍ ഒറ്റഘട്ടമായി നവംബര്‍ 23 ന് പോളിങ് നടക്കും. തെലങ്കാനയില്‍ നവംബര്‍ 30 നാണ് വോട്ടെടുപ്പ്.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്.

രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസാണ് ഭരിക്കുന്നത്. മധ്യപ്രദേശില്‍ ബിജെപിയും മിസോറമില്‍ എന്‍ഡിഎ സഖ്യകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടുമാണ് ഭരണത്തില്‍. തെലങ്കാനയില്‍ കെ. ചന്ദ്രശേഖരറാവുവിന്റെ ബിആര്‍എസ് ആണ് ഭരിക്കുന്നത്.

തെലങ്കാന, രാജസ്ഥാന്‍, ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 2024 ജനുവരിയിലാണ് നിയമസഭയുടെ കാലാവധി കഴിയുക. മിസോറാമില്‍ ഡിസംബര്‍ 17-ന് കാലാവധി പൂര്‍ത്തിയാകും.

മിസോറാമില്‍ 40, തെലങ്കാനയില്‍ 119, രാജസ്ഥാനില്‍ 200, മധ്യപ്രദേശില്‍ 230, ഛത്തീസ്ഗഢില്‍ 90 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാമില്‍ 8.52 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഛത്തീസ്ഗഢില്‍ 2.03 കോടി, മധ്യപ്രദേശില്‍ 5.6 കോടി, രാജസ്ഥാനില്‍ 5.25 കോടി, തെലങ്കാനയില്‍ 3.17 കോടി വോട്ടാര്‍മാരും ജനവിധിയെഴുതും.

അഞ്ച് സംസ്ഥാനങ്ങളിലുമായി 60 ലക്ഷം കന്നി വോട്ടര്‍മാരാണ് സമ്മതിദാനം രേഖപ്പെടുത്താനൊരുങ്ങുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. ആകെ വോട്ടര്‍മാരുടെ എണ്ണം 16.14 കോടിയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ശേഷിക്കേ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് നിര്‍ണായകമായ ജനവിധിക്കാണ് അരങ്ങൊരുങ്ങുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എന്‍ഡിഎ-ഇന്ത്യ മുന്നണികളുടെ ബലപരീക്ഷണം കൂടിയാണ് അഞ്ച് സംസ്ഥാങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.