ഇസ്രയേല്‍-ഹമാസ് യുദ്ധം അഞ്ചാം ദിനം: ഗാസയില്‍ കനത്ത ബോംബിങ്; ആയുധങ്ങളുമായി യു.എസിന്റെ ആദ്യവിമാനം ഇസ്രയേലില്‍

ഇസ്രയേല്‍-ഹമാസ് യുദ്ധം അഞ്ചാം ദിനം: ഗാസയില്‍ കനത്ത ബോംബിങ്; ആയുധങ്ങളുമായി യു.എസിന്റെ ആദ്യവിമാനം ഇസ്രയേലില്‍

ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധം അഞ്ചാം ദിനത്തിലേക്ക്. യുദ്ധത്തില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 3000 കടന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. 1200ല്‍ അധികം പേരാണ് ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ എണ്ണം 900 കടന്നു. ഇതില്‍ 260 കുട്ടികളും 230 സ്ത്രീകളും ഉള്‍പ്പെടുന്നു. 4600 ഓളം പേര്‍ക്കാണ് പരിക്കേറ്റത്.

ഗാസയില്‍ കനത്ത ബോംബിംഗ് തുടരുകയാണ്. കുടിവെള്ളവും ഭക്ഷണവുമില്ലാതെ ദുരിതത്തിലാണ് ഗാസ നിവാസികള്‍. മുതിര്‍ന്ന ഹമാസ് നേതാക്കളെ വധിക്കുമെന്ന് ഇസ്രയേല്‍ സൈന്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗാസ ഇനിയൊരിക്കലും പഴയത് പോലെയാകില്ലെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസിന്റെ സാമ്പത്തിക കാര്യ മന്ത്രി ജവാദ് അബു ഷമാലയെയും പൊളിറ്റ് ബ്യൂറോ അംഗം സക്കരിയ അബു മൊഅമ്മറിനെയും വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഹമാസില്‍ നിന്ന് ഗാസ അതിര്‍ത്തി തിരിച്ചുപിടിച്ചതായും ഇസ്രയേല്‍ സൈന്യം അറിയിക്കുന്നു.

അതിനിടെ ഹമാസ് നുഴഞ്ഞു കയറ്റം തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇസ്രയേല്‍ രംഗത്തെത്തി. ഗാസയില്‍ നിന്ന് കൂടുതല്‍ ഹമാസ് രാജ്യത്തേക്ക് കടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ നഗരമായ അഷ്‌കലോണില്‍ പോരാട്ടം കടുക്കുമെന്നാണ് വിലയിരുത്തുന്നത്. അതിനാല്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ജനങ്ങളോട് മാറാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടു.

അതേസമയം യുദ്ധത്തില്‍ ഇസ്രയേലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. ആയുധങ്ങളുമായി ആദ്യ അമേരിക്കന്‍ വിമാനം ദക്ഷിണ ഇസ്രയേലില്‍ എത്തിച്ചേര്‍ന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യു.എസ് പ്രസിഡന്റ് ജോ ബൈഡനും കഴിഞ്ഞ ദിവസവും ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. യു.എസിന്റെ സൈനിക സഹായത്തെക്കുറിച്ചും ചര്‍ച്ച നടത്തി. ഹമാസ് ആക്രമണത്തില്‍ 14 അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ഹമാസ് ബന്ദികളാക്കിയവരില്‍ അമേരിക്കക്കാരും ഉണ്ടെന്ന് ബൈഡന്‍ വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തിലാണ് വെളിപ്പെടുത്തിയത്.

യുഎസ് വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യാഴാഴ്ച്ച ഇസ്രയേല്‍ സന്ദര്‍ശിക്കും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, നയതന്ത്ര, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും. അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം, ബന്ദികളെ മോചിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യും. ഇസ്രയേലിന്റെ അയേണ്‍ ഡോമിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മിസൈലുകളും മറ്റ് ആയുധങ്ങളും അമേരിക്ക നല്‍കും. യുഎസില്‍ നിന്ന് ആയുധങ്ങളുമായി യുദ്ധവിമാനം ഇസ്രയേലില്‍ എത്തി. യുഎസ് പടക്കപ്പല്‍ മെഡിറ്ററേനിയന്‍ കടലിലാണ് എത്തിയിരിക്കുന്നത്.

യുദ്ധം രൂക്ഷമാകുന്നതിനിടെ തങ്ങളുടെ പൗരന്‍മാരെ ഒഴിപ്പിക്കുന്ന നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് മറ്റ് രാജ്യങ്ങള്‍. കാനഡ ഒഴിപ്പിക്കല്‍ പ്രഖ്യാപിച്ചു. ഹംഗേറിയ, അല്‍ബേനിയ, തായ്ലാന്‍ഡ്, മെക്സിക്കോ, കംബോഡിയ, ബള്‍ഗേറിയ, റുമേനിയ തുടങ്ങിയ രാജ്യങ്ങള്‍ സൈനിക വിമാനങ്ങള്‍ അയച്ചും പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളിലുമായി ഒഴിപ്പിക്കല്‍ തുടരുകയാണ്.

അതേസമയം ഗാസയിലെ ഇന്ത്യന്‍ പൗരന്‍മാരെ ഒഴിപ്പിക്കുന്നതിന് പരിമിതിയുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ പദ്ധതി ആലോചനയിലാണെന്നും കേന്ദ്രം അറിയിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല. 60,000 ഗുജറാത്തി വംശജര്‍ ഇസ്രയേലിലുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.

വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തില്‍ ഇസ്രയേലിനും സൈന്യത്തിനും അമേരിക്ക നല്‍കുന്ന പിന്തുണയ്ക്ക് തങ്ങള്‍ ഏറെ കടപ്പെട്ടിരിക്കുന്നു. ഇരു സൈന്യങ്ങളും തമ്മിലുള്ള സഹകരണം എന്നത്തേക്കാളും ശക്തമാണ്. പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ പ്രധാന ഭാഗമാണിതെന്നും അത് തങ്ങളുടെ പൊതു ശത്രുക്കള്‍ക്ക് അറിയാമെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.