കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയിലെ ജനവാസ മേഖലയില്‍ പരിഭ്രാന്തി സൃഷ്ടിച്ച് കാട്ടാന. ഉളിക്കല്‍ ടൗണിലെ സിനിമ തിയേറ്ററിന് മുന്നിലാണ് ആനയെ ആദ്യം കണ്ടത്. ഉളിക്കല്‍ ടൗണിലെ പള്ളി കോമ്പൗണ്ടിലെ കൃഷിയിടത്തില്‍ നിലയുറപ്പിച്ചിരിക്കുന്ന ആന വയത്തൂർ ഭാഗത്തേക്ക് പോയെങ്കിലും ഉളിക്കൽ ഭാഗത്തേക്ക് തിരിച്ചു വന്നു. ആനയെ തുരത്താന്‍ വനംവകുപ്പ് അധികൃതര്‍ ഇപ്പോഴും ശ്രമം തുടരുകയാണ്.
വനാതിര്‍ത്തിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് ഉളിക്കല്‍. നഗരത്തിന് നടുവില്‍ ആന നിലയുറപ്പിച്ച സാഹചര്യത്തില്‍ മയക്കുവെടി വെക്കുക എന്നത് ദുഷ്‌കരമാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. ടൗണില്‍ വെച്ച് മയക്കുവെടി വെച്ചാല്‍, വെടിയേറ്റ ആന കൂടുതല്‍ പ്രകോപിതനാകുമോയെന്നതാണ് വനം വകുപ്പിനെ ആശങ്കയില്‍ ആഴ്ത്തുന്നത്.
ആനയെ പടക്കം പൊട്ടിച്ച് പ്രദേശത്തു നിന്നും മാറ്റാന്‍ വനംവകുപ്പിന്റെ ഫ്ളയിങ് സ്‌ക്വാഡ് ശ്രമം നടത്തുന്നുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സമീപ പ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിച്ചു. ആനയുടെ സമീപത്തേക്ക് ആളുകള്‍ എത്താതിരിക്കാന്‍ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞിട്ടുണ്ട്.
അതേസമയം ഭയന്നോടിയ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടുകൊമ്പന്‍ കര്‍ണാടക വനത്തില്‍ നിന്നും ഇറങ്ങിയതാണെന്നാണ് സംശയം. കാട്ടാന ഇറങ്ങിയ സാഹചര്യത്തില്‍ ഉളിക്കല്‍ മേഖലയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ടൗണില്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചു. നഗരത്തിലിറങ്ങിയ ആന നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആളുകളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സജീവ് ജോസഫ് എംഎല്‍എ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.