കാന്‍ബറ: ഇസ്രയേല്‍-ഹമാസ് പോരാട്ടം രൂക്ഷമായി രൂക്ഷമായി തുടരുന്നതിനിടെ ഓസ്‌ട്രേലിയയില്‍ വിവാദ പരാമര്‍ശവുമായി മുസ്ലീം കാബിനറ്റ് മന്ത്രി. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ മുസ്ലിം മന്ത്രിയായ എഡ് ഹുസിക് ആണ് ഓസ്‌ട്രേലിയയുടെ ദേശീയ നിലപാടിനു വിരുദ്ധമായ പരാര്‍ശം നടത്തിയത്.
ഹമാസിനെതിരെതിരായ ഇസ്രയേലിന്റെ പ്രതികാര നടപടികള്‍ മൂലം പലസ്തീന്‍ ജനത മുഴുവന്‍ ശിക്ഷിക്കപ്പെടുകയാണെന്നാണ് വ്യവസായ മന്ത്രി എഡ് ഹുസിക് അഭിപ്രായപ്പെട്ടത്. എഡ് ഹുസിക്കിനെ പിന്തുണച്ച് ലേബര്‍ പാര്‍ട്ടിയില്‍നിന്നുള്ള യുവജനകാര്യ വകുപ്പ് മന്ത്രി ആനി അലി കൂടി രംഗത്തു വന്നതോടെ പരാമര്‍ശം രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തിക്കഴിഞ്ഞു.
ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ അമേരിക്കയ്‌ക്കൊപ്പം സഖ്യകക്ഷിയായ ഓസ്‌ട്രേലിയയും ഇസ്രയേലിന് ഉറച്ച പിന്തുണയാണ് നല്‍കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഫെഡറല്‍ പാര്‍ലമെന്റ് മന്ത്രി തന്നെ വിരുദ്ധ പ്രസ്താവനയുമായി രംഗത്തുവന്നത്.
എബിസി റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഗാസയിലെ പ്രതിസന്ധിയെക്കുറിച്ച് എഡ് ഹുസിക് തന്റെ നിലപാട് വ്യക്തമാക്കിയത്. ചില ഓസ്ട്രേലിയക്കാര്‍ക്ക് തന്റെ അഭിപ്രായങ്ങള്‍ അസുഖകരമായി തോന്നിയേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തില്‍ ഇസ്രായേലികളെ ക്രൂരമായി കൊന്നൊടുക്കി, ദീര്‍ഘകാലമായി തുടരുന്ന സംഘര്‍ഷം വീണ്ടും ആളിക്കത്തിച്ച ഹമാസിന്റെ നടപടിയെ മന്ത്രി അപലപിച്ചു. എന്നാല്‍ തങ്ങളുടെ ജീവിതത്തിന് യാതൊരു പ്രാധാന്യം ലഭിക്കുന്നില്ലെന്നാണ് ഓസ്ട്രേലിയയിലെ പലസ്തീനികള്‍ ചിന്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസിന്റെ ആക്രമണം 9/11 ഭീകരാക്രമണത്തിന് തുല്യമാണെന്നാണ് തൊഴില്‍ മന്ത്രി പറഞ്ഞത്. എന്നാല്‍ അന്നുമുതല്‍ ഇതുവരെ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 9/11-ല്‍ ജീവന്‍ നഷ്ടപ്പെട്ട ആളുകളുടെ എണ്ണത്തിന് തുല്യമാണ്. എന്നിട്ടും ഓസ്ട്രേലിയയിലെ പൊതു സ്ഥലങ്ങളൊന്നും പലസ്തീന്‍ പതാകയുടെ നിറങ്ങൾ പ്രകാശിക്കുന്നതായി കാണുന്നില്ല. താന്‍ ആ പരാമര്‍ശം നടത്തുന്നതില്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് അസ്വസ്ഥതയുണ്ടാകുമെന്നറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1,000 കുട്ടികള്‍ വരെ കൊല്ലപ്പെട്ട ഗാസയിലെ സാഹചര്യത്തെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി എന്നാണ് ഹുസിക് വിശേഷിപ്പിച്ചത്. ഗാസയില്‍ വീടുകളും സ്‌കൂളുകളും മെഡിക്കല്‍ സെന്ററുകളും നശിപ്പിച്ചു. ഭക്ഷണമോ ഇന്ധനമോ മരുന്നുകളോ വെള്ളമോ ഇല്ല. ഇത് കൂട്ടായ ശിക്ഷയാണെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല.
ഹമാസിന്റെ പ്രാകൃത നടപടികള്‍ക്ക് പലസ്തീനികള്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് 'തനിക്ക് അത് വളരെ ശക്തമായി തോന്നുന്നു' എന്ന ശ്രദ്ധേയമായ മറുപടിയും അദ്ദേഹം നല്‍കി.
ഭരണപക്ഷമായ ലേബര്‍ പാര്‍ട്ടി ഹമാസിന്റെ നടപടികളെ അപലപിക്കുകയും ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് ആവര്‍ത്തിച്ച് പറയുകയും ചെയ്തു. ഇസ്രായേലിനെതിരെ യുദ്ധക്കുറ്റങ്ങള്‍ ആരോപിക്കുന്നതിനായി ഗ്രീന്‍സ് പാര്‍ട്ടി ഈ ആഴ്ച ആദ്യം ജനപ്രതിനിധി സഭയില്‍ കൊണ്ടുവന്ന പ്രമേയം പരാജയപ്പെടുത്തി.
അതേസമയം, ലേബര്‍ പാര്‍ട്ടി അംഗമായ എഡ് ഹുസിക്കിന്റെ പാര്‍ട്ടി വിരുദ്ധ നിലപാട് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി അടക്കമുള്ള നേതാക്കളെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.