ന്യൂഡല്‍ഹി: ഹമാസ് അനുകൂല പോസ്റ്റുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് മെറ്റ. ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുന്നതിന് താല്‍കാലിക മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു.
പ്രദേശത്തെ ആളുകളെ ബാധിക്കും വിധത്തിലുള്ള ഉള്ളടക്കങ്ങള്‍ പുറം ലോകത്തെ അറിയിക്കുന്നുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. യുദ്ധം നടക്കുന്ന പ്രദേശത്തുള്ള ആളുകള്‍ക്ക് മാത്രമാണ് ഫെയ്‌സ്ബുക്കില്‍ ഇത് സംബന്ധിച്ച പോസ്റ്റ് പങ്കിടാന്‍ കഴിയൂ. അവരുടെ ഫ്രണ്ട്സിനും ഫോളോവേഴ്സിനും മാത്രമാകും കമന്റ് ചെയ്യാനും കഴിയുക. ഹമാസിനെ വാഴ്ത്തും വിധത്തിലുള്ള യാതൊന്നും ആരും പോസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും മെറ്റ വ്യക്തമാക്കുന്നു.
ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ മെറ്റയ്ക്ക് കീഴിലുള്ള എല്ലാ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കും ഇത് ബാധകമാണ്. കൊടും ഭീകരത സോഷ്യല്‍ മീഡിയ ആപ്പുകള്‍ വഴി വളര്‍ത്താന്‍ അനുവദിക്കില്ലെന്ന സന്ദേശമാണ് മെറ്റ പങ്കുവെക്കുന്നത്. ലോകമെമ്പാടും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്.
ഇസ്രയേല്‍-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട ഉള്ളടക്കം സൃഷ്ടിക്കുന്നതിനായി മെറ്റ നടപ്പിലാക്കിയ മറ്റ് താല്‍കാലിക മാറ്റങ്ങള്‍:
* യുദ്ധവുമായി ബന്ധപ്പെട്ട പുതിയ പോസ്റ്റുകള്‍ പങ്കുവെക്കുമ്പോള്‍ എല്ലാവര്‍ക്കും കമന്റ് ചെയ്യാനുള്ള അവസരം ലഭിക്കില്ല. യുദ്ധത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ക്കോ അല്ലെങ്കില്‍ ആ പ്രദേശത്തുള്ളവര്‍ക്കോ മാത്രമാകും പോസ്റ്റ് പങ്കുവെക്കാന്‍ കഴിയുക. അവരുടെ സുഹൃത്തുക്കള്‍ക്കും അല്ലെങ്കില്‍ അവരെ ഫോളോ ചെയ്യുന്നവര്‍ക്കും മാത്രമാണ് കമന്റ് ചെയ്യാന്‍ കഴിയൂ.
* കമന്റുകള്‍ കൂട്ടത്തോടെ നീക്കം ചെയ്യാം. പോസ്റ്റ് ഫീഡില്‍ വരുമ്പോള്‍ ഒന്നോ രണ്ടോ കമന്റ് കാണാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ താല്‍കാലികമായി ഈ സേവനം നിര്‍ത്തലാക്കി.
* പ്രദേശത്തുള്ള ജനങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ 'ലോക്ക് യുവര്‍ പ്രൊഫൈല്‍' ഓപ്ഷനിലേക്ക് സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യത മെച്ചപ്പെടുത്തുന്നതിനായി ഈ ഓപ്ഷന്‍ ഓണ്‍ ചെയ്യാവുന്നതാണ്.
ഇതിന് പുറമേ ആഗോള തലത്തില്‍ തന്നെ മെറ്റ വന്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹീബ്രു, അറബി ഭാഷകള്‍ സംസാരിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ സംഘത്തെയാണ് കമ്പനി ഇതിനായി നിയമിച്ചിരിക്കുന്നത്. സംഘര്‍ഷം തുടങ്ങിയത് മുതല്‍ മെറ്റയുടെ നയങ്ങള്‍ ലംഘിച്ച 7,95,000 ലധികം ഉള്ളടക്കങ്ങളാണ് ഇതിനോടകം നീക്കം ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.