ആനവിരട്ടിയില്‍ പ്രതിഷേധം: ആശങ്കയില്‍ അമ്പതോളം കുടുംബങ്ങള്‍; 30 വര്‍ഷമായി താമസിക്കുന്നവരും ഒഴിപ്പിക്കല്‍ ഭീഷണിയില്‍

ആനവിരട്ടിയില്‍ പ്രതിഷേധം: ആശങ്കയില്‍ അമ്പതോളം കുടുംബങ്ങള്‍; 30 വര്‍ഷമായി താമസിക്കുന്നവരും ഒഴിപ്പിക്കല്‍ ഭീഷണിയില്‍

ഇടുക്കി: ആനവിരട്ടിയിലെ ഒഴിപ്പിക്കലിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. 30 വര്‍ഷമായി താമസിക്കുന്നവരും ഒഴിപ്പിക്കല്‍ ഭീഷണിയിലാണെന്നാണ് പരാതി. 50 ഓളം കുടുംബങ്ങളാണ് ആശങ്കയിലായിരിക്കുന്നത്. സര്‍ക്കാര്‍ ഇടപെട്ട് ആശങ്ക പരിഹരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

ആനവിരട്ടി വില്ലേജിലെ 226 ഏക്കര്‍ ഭൂമിയാണ് ഇന്നലെ റെവന്യൂ വകുപ്പ് ഒഴിപ്പിച്ചത്. ആനവിരട്ടി വില്ലേജില്‍ 224.21 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ തിരിച്ച് പിടിച്ചത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഹൈക്കോടതി സര്‍ക്കാര്‍ ഭൂമിയെന്ന് വിധിച്ചതിനെതിരെ ഉടമകളായ വര്‍ക്കി മാത്യുവും സംഘവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീല്‍ പരിഗണിച്ച കോടതി വാദം കേട്ട ശേഷം ഒക്ടോബര്‍ ആറിന് തള്ളി. ഇതുമായി ബന്ധപെട്ട മുഴുവന്‍ അപ്പിലുകളും തള്ളികൊണ്ട് ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. ഇതേതുടര്‍ന്നാണ് ദേവികുളം തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം ഇതിലെ കെട്ടിടവും അനുബന്ധ ഭൂമിയും സീല്‍വച്ച് സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചത്.

ആനവിരട്ടി വില്ലേജിലെ റീസര്‍വേ ബ്ലോക്ക് 12 ല്‍ സര്‍വേ 12, 13, 14, 15, 16 എന്നിവയില്‍പ്പെട്ട ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇടുക്കിയിലെ ഉടുമ്പന്‍ചോല, ദേവികുളം എന്നീ താലൂക്കുകളിലായി 229.76 ഏക്കര്‍ കയ്യേറ്റ ഭൂമിയും റവന്യൂ വകുപ്പ് ഒഴിപ്പിച്ചു. ഒഴിപ്പിക്കല്‍ നടപടികള്‍ സംബന്ധിച്ച് ദൗത്യ സംഘത്തലവനായ ജില്ല കളക്ടര്‍ കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മൂന്നാര്‍ കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച് 24 ന് ജില്ല കളക്ടറോട് ഓണ്‍ലൈനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കയ്യേറ്റം ഒഴിപ്പിക്കല്‍ തുടരാനാണ് ദൗത്യ സംഘത്തിന്റെ തീരുമാനം. നിയമപരമായ നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഭൂമി ഏറ്റെടുക്കുക. ഇതിനുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ നടക്കും.

അതേസമയം വന്‍കിട കയ്യേറ്റക്കാരെ ഒഴിവാക്കി ചെറുകിടക്കാരെ ഒഴിപ്പിക്കുന്നത് മാത്രം തുടര്‍ന്നാല്‍ സമരം ശക്തമാക്കാന്‍ ചിന്നക്കനാല്‍ ഭൂസംരക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്. അടുത്ത ഘട്ടമായി വില്ലേജ് ഓഫീസ് ഉപരോധം നടത്താന്‍ അനുമതി തേടി സമരക്കാര്‍ അപേക്ഷ നല്‍കും. ഇന്നലെ വൈകിട്ട് പ്രതിഷേധക്കാര്‍ പന്തം കൊളുത്തി പ്രകടനം നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.