ക്രിസ്തുവിന്റെ ചിത്രം വീട്ടിലുള്ളതുകൊണ്ട് മാത്രം മതപരിവര്‍ത്തനം ആരോപിക്കാനാകില്ല: ബോംബെ ഹൈക്കോടതി

ക്രിസ്തുവിന്റെ ചിത്രം വീട്ടിലുള്ളതുകൊണ്ട് മാത്രം മതപരിവര്‍ത്തനം ആരോപിക്കാനാകില്ല: ബോംബെ ഹൈക്കോടതി

മുംബൈ: യേശു ക്രിസ്തുവിന്റെ ചിത്രം വീട്ടിലുണ്ടെന്ന കാരണത്താല്‍ ഒരാള്‍ മതപരിവര്‍ത്തനം നടത്തിയെന്ന് പറയാനാകില്ലെന്ന് ബോംബെ ഹൈക്കോടതി.

താന്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നാണെന്ന വാദം തള്ളിയ ജില്ലാ ജാതി സൂക്ഷ്മ പരിശോധന സമിതിയുടെ നിരീക്ഷണത്തെ ചോദ്യം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടെയായിരുന്നു നാഗ്പൂര്‍ ബെഞ്ചിന്റെ പരാമര്‍ശം. പിതാവിന്റെ സഹായത്തോടെയാണ് കുട്ടി കോടതിയെ സമീപിച്ചത്.

പഠനാവശ്യങ്ങള്‍ക്കായി കുട്ടി ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. ബുദ്ധ മതത്തിലെ പട്ടികജാതി വിഭാഗമായ മഹര്‍ വിഭാഗക്കാരിയാണ് താനെന്ന് കുട്ടി അധികാരികളെ ബോധിപ്പിച്ചിരുന്നു. പിന്നാലെ വിജിലന്‍സ് സെല്‍ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ക്രിസ്തുവിന്റെ ഫോട്ടോ കണ്ടു. ഇതോടെയാണ് കുടുംബം പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരല്ലെന്ന ആരോപണവുമായി സമിതി രംഗത്തെത്തുന്നത്.

ജസ്റ്റിസുമാരായ പ്രഥ്വിരാജ് കെ ചവാന്‍, ഊര്‍മിള ജോഷി എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ക്രിസ്തുവിന്റെ ചിത്രം തങ്ങള്‍ക്ക് സമ്മാനമായി ലഭിച്ചതാണെന്നും അതിനാലാണ് ഫോട്ടോ സൂക്ഷിച്ചിരിക്കുന്നതെന്നും കുട്ടി കോടതിയോട് പറഞ്ഞു.

ഒരു വീട്ടില്‍ ക്രിസ്തുവിന്റെ ഫോട്ടോ ഉള്ളത് കൊണ്ട് മാത്രം അവര്‍ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്ന് പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കുട്ടിയുടെ പിതാവോ മറ്റ് പൂര്‍വികരോ ക്രിസ്തുമതത്തില്‍ പെട്ടവരാണെന്ന് തെളിയിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരിയുടെ കുടുംബം പരമ്പരാഗതമായി തൊഴിലാളികളാണെന്നും ഇവരുടെ കുടുംബത്തിലെ വിവാഹങ്ങളെല്ലാം നടന്നത് ബുദ്ധ മതവിശ്വാസ പ്രകാരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.