മെഡി ക്ലെയിം അട്ടിമറി തടയാന്‍ കേന്ദ്ര ഇടപെടല്‍; രാജ്യ വ്യാപകമായി അദാലത്തുകള്‍ സംഘടിപ്പിക്കും

മെഡി ക്ലെയിം അട്ടിമറി തടയാന്‍ കേന്ദ്ര ഇടപെടല്‍; രാജ്യ വ്യാപകമായി അദാലത്തുകള്‍ സംഘടിപ്പിക്കും

കൊച്ചി: ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നിസാര കാരണങ്ങള്‍ പറഞ്ഞ് പോളിസി ഉടമകള്‍ക്ക് ആനുകൂല്യം നിരസിക്കുകയും കുറഞ്ഞ തുക നല്‍കുകയും ചെയ്യുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. ആദ്യപടിയായി ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റിയും (ഐ.ആര്‍.ഡി.എ) കേന്ദ്ര ഉപഭോക്തൃ മന്ത്രാലയവും മെഡിക്ലെയിം അദാലത്തുകള്‍ സംഘടിപ്പിക്കും.

അട്ടിമറി നടക്കുന്നത് കൂടുതലും ചികിത്സാ ക്ലെയിമുകളിലാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ അംഗങ്ങള്‍ക്കായി എറണാകുളത്ത് സംഘടിപ്പിച്ച ശില്പശാലയിലാണ് കേന്ദ്ര അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചികിത്സാ സാങ്കേതിക വിദ്യകള്‍ വികസിച്ചതിന് അനുസൃതമായി മെഡി ക്ലെയിം വ്യവസ്ഥകളിലും മാറ്റം വരുത്തണമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ആശുപത്രിയില്‍ 24 മണിക്കൂര്‍ കിടന്നെങ്കിലേ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കൂവെന്ന വ്യവസ്ഥ ഉപഭോക്താവിന്റെ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടത് പോളിസി ഉടമകള്‍ക്ക് ഗുണകരമാവും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ചികിത്സയ്ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷയ്ക്ക് അര്‍ഹതയുണ്ടെന്നാണ് കമ്മിഷന്റെ ഉത്തരവ്.

മരട് സ്വദേശി ജോണ്‍ മിള്‍ട്ടണിന്റെ മാതാവിന്റെ കണ്ണു ശസ്ത്രക്രിയയ്ക്ക് മെഡി ക്ലെയിം നിഷേധിച്ചെന്ന പരാതിയിലായിരുന്നു ഉത്തരവ്.

കോവിഡ് കാലത്ത് മരിച്ചവരുടെ ഇന്‍ഷ്വറന്‍സ് ക്ലെയിം നിരസിച്ചതായി നിരവധി പരാതികള്‍ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷനുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. മരണ കാരണം കോവിഡ് അല്ല എന്ന വാദമുന്നയിച്ചാണ് നിരസിക്കല്‍. മറ്റു രോഗങ്ങള്‍ ബാധിക്കാനും അത് ഗുരുതരമായി രോഗി മരിക്കാനും കാരണം കോവിഡാണെന്ന് ഡോക്ടര്‍മാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടും ക്ലെയിം നിഷേധിച്ചതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.

കൂടുതല്‍ ക്ലെയിമുകള്‍ നിരസിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും പാക്കേജുകളും കമ്പനികള്‍ നല്‍കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഒരാള്‍ക്ക് ആനുകൂല്യം നല്‍കുമ്പോള്‍ സമാന ചികിത്സ നടത്തിയ മറ്റു പലര്‍ക്കും നിഷേധിക്കും. ഒരേ കമ്പനി തന്നെ ഇത്തരത്തില്‍ വിവേചനം കാട്ടുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.

കൂടാതെ പോളിസി എടുക്കുമ്പോള്‍ ഇല്ലാതിരുന്ന വ്യവസ്ഥകളും നിബന്ധനകളും ക്ലെയിം ചെയ്യുമ്പോള്‍ കമ്പനികള്‍ ഉന്നയിക്കുന്നതായും ആക്ഷേപമുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ചികിത്സാ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ്പിനെക്കുറിച്ചും പരാതികള്‍ ഉയരുന്നുണ്ട്. ക്ലെയിം ചെയ്യുന്നതിന്റെ മൂന്നിലൊന്നോ അതില്‍ താഴെയോ തുക മാത്രമാണ് പലര്‍ക്കും കിട്ടുന്നതെന്നാണ് ആക്ഷേപം.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ മാസം 66,500 രൂപ ക്ലെയിം ചെയ്ത പെന്‍ഷണര്‍ക്ക് കിട്ടിയത് 22,000 രൂപ മാത്രമാണ്. മെഡിസെപ്പ് ക്ലെയിം നല്‍കുന്നതില്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ വീഴ്ച വരുത്തുന്നുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് ധനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.